Gulf

ഇന്ത്യയില്‍ അപ്രഖ്യപിത അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നുവെന്ന് എം കെ ഫൈസി

ഇന്ത്യയില്‍ അപ്രഖ്യപിത അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നുവെന്ന് എം കെ ഫൈസി
X

റിയാദ്: ഇന്ത്യയില്‍ പൗരന്‍മാരുടെ ജീവന്‍കൊണ്ട് കളിക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയാണ് രാജ്യം മുന്നോട്ടുപോവുന്നതെന്നും ഇതിനെ ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. റിയാദില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറി കുറഞ്ഞ മാസങ്ങള്‍ കൊണ്ട് നടപ്പാക്കിയ ബില്ലുകളില്‍ മിക്കതും മുസ് ലിം സമുദായത്തെ മാത്രം ഉന്നംവച്ച് കൊണ്ടുള്ളതാണ്. ഹിന്ദുത്വ രാജ്യം സ്വപ്നം കാണുന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണിത്. കോര്‍പ്പറേറ്റ് സേവകരായി മാറിയ മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ്. രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലകള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് അസാധ്യമാവും വിധം തകര്‍ച്ചയിലാണ്. മോദി സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണം ഇല്ലാത്ത സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തിരുത്താതെ രാജ്യത്തിന് നിലനില്‍പ്പില്ല. രാജ്യത്തെ പൗരന്മാരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള തത്വശാസ്ത്രമാണ് മോദിയും അമിത് ഷായും തുടരുന്നത്. ഇതിനെതിരേ പൗരന്മാര്‍ ഒന്നിക്കണം. ആര്‍എസ്എസ് സിദ്ധാന്തത്തെ ഭയപ്പെടാതെ അന്തസ്സോടെ ജീവിക്കാനുള്ള കാലമാണ് നമുക്ക് മുന്നിലുള്ളത്. പൗരന്മാര്‍ക്ക് പൗരത്വം നിഷേധിക്കപ്പെടുന്ന എന്‍ആര്‍സിയിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഭാവിയില്‍ നടപ്പാക്കുമെന്ന് പറയുന്ന പൗരത്വ ബില്ല് മുസ് ലിം സമുദായത്തെ മാത്രം ലക്ഷ്യംവച്ചുള്ളതാണ്. അത്തരെ ശ്രമങ്ങളെ ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും ചോദ്യോത്തര വേളയില്‍ മറുപടിയായി അദ്ദേഹം പറഞ്ഞു.


സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് റഷീദ് ഖാന്‍ അധ്യക്ഷത വഹിച്ചു. കേരള, തമിഴ്‌നാട്, കര്‍ണാടക സ്‌റ്റേറ്റ് കമ്മിറ്റികള്‍ അദ്ദേഹത്തെ പൊന്നാട നല്‍കി ആദരിച്ചു. അല്‍ ഖര്‍ജ്, ബുറൈദ ബ്ലോക്ക് കമ്മിറ്റികള്‍ സ്വീകരണം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ കാരന്തൂര്‍, കേരളാ സ്‌റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി, കര്‍ണാടക സ്‌റ്റേറ്റ് പ്രസിഡന്റ് സാബിത്ത്, ജനറല്‍ സെക്രട്ടറി ഷരീഫ് കബക്ക, തമിഴ്‌നാട് സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് അലി ബാബു, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫത്തറുദ്ദീന്‍ സംബന്ധിച്ചു.




Next Story

RELATED STORIES

Share it