Gulf

സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍: മലയാളി യുവാവ് വീടണഞ്ഞു

മാസങ്ങളായി ജോലിക്ക് പോകാന്‍ കഴിയാതെ കാംപില്‍ തന്നെ കഴിയുകയായിരുന്നു. നാട്ടില്‍ വിവരം അറിഞ്ഞ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ദമ്മാമിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നേതൃത്വങ്ങളെ ബന്ധപ്പെടുകയും അദ്ദേഹത്തെ നാട്ടിലേക്കയക്കാന്‍ അഭ്യര്‍ത്ഥിക്കുകയുമായിരുന്നു.

സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍: മലയാളി യുവാവ് വീടണഞ്ഞു
X

ദമ്മാം: ഒന്നര വര്‍ഷത്തോളമായി ദുരിത ജീവിതം നയിക്കുകയായിരുന്ന യുവാവിന് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ മോചനം. മലപ്പുറം മഞ്ചേരി വേട്ടേക്കാട് നാണത്ത് മുഹമ്മദിന്റെ മകന്‍ ഇസ്മായില്‍ മൂന്നര വര്‍ഷം മുമ്പാണ് ഗള്‍ഫിലെത്തിയത്. ദമ്മാമിലെ പ്രമുഖ കോണ്‍ട്രാക്റ്റിംഗ് കമ്പനിയില്‍ ഹെവി െ്രെഡവര്‍ ജോലിക്കായിരുന്നു ഇന്റര്‍വ്യൂ നല്‍കിയത്. നല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായിരുന്നു വാഗ്ദാനമായി ലഭിച്ചതെങ്കിലും കമ്പനിയില്‍ എത്തിയതോടെ കാര്യങ്ങള്‍ മുഴുവനും തകിടം മറിയുകയായിരുന്നു. ലൈസന്‍സില്ലാതെ വണ്ടിയോടിക്കേണ്ടി വന്നതും പറഞ്ഞുറപ്പിച്ചതില്‍ നിന്നും വളരെ കുറഞ്ഞ ശമ്പളവും മരുഭൂമിയിലെ വൃത്തിഹീനമായ സാഹചര്യത്തിലെ താമസവും ഇസ്മായിലിനെ മാനസികമായി തളര്‍ത്തി. വിസക്കായി വരുത്തിയ കടവും കുടുംബത്തിന്റെ കഷ്ടപ്പാടും ഓര്‍ത്ത് പിടിച്ച് നില്‍ക്കുന്നതിനിടയിലാണ് അലര്‍ജിയുടെ അസുഖം പിടിപെടുന്നത്. ഇതിനിടയില്‍ ഇഖാമ കാലാവധി കഴിയുകയും ശമ്പളം മുടങ്ങുകയും ചെയ്തു. സുഹൃത്തുക്കളോടും മറ്റും കടം വാങ്ങി ചികില്‍സിച്ചെങ്കിലും താമസ സ്ഥലത്തെ വൃത്തിഹീനമായ ചുറ്റുപാടുകള്‍ കാരണം അസുഖം ഭേദമായില്ല.

മാസങ്ങളായി ജോലിക്ക് പോകാന്‍ കഴിയാതെ കാംപില്‍ തന്നെ കഴിയുകയായിരുന്നു. നാട്ടില്‍ വിവരം അറിഞ്ഞ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ദമ്മാമിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നേതൃത്വങ്ങളെ ബന്ധപ്പെടുകയും അദ്ദേഹത്തെ നാട്ടിലേക്കയക്കാന്‍ അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട സോഷ്യല്‍ ഫോറം കേരള ഘടകം ജനറല്‍ സെക്രട്ടറി മുബാറക് ഫറോക്ക്, കമ്യൂണിറ്റി വളിയര്‍മാരായ അഷ്‌റഫ് മേപ്പയ്യൂര്‍, ഷാജഹാന്‍ എന്നിവര്‍ ഇദ്ദേഹത്തെ കാംപില്‍ സന്ദര്‍ശിക്കുകയും തൊട്ടടുത്ത ദിവസം തന്നെ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. നാട്ടിലയച്ച് വിദഗ്ദ ചികിത്സ ലഭ്യമാക്കിയാല്‍ രോഗം പൂര്‍ണ്ണമായി ഭേദമാക്കാന്‍ കഴിയൂ എന്നായിരുന്നു ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെ കമ്പനി അധികൃതരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതിനൊടുവില്‍ മുഴുവന്‍ ശമ്പള കുടിശ്ശികയും എയര്‍ ടിക്കറ്റും നല്‍കി നാട്ടിലയക്കാന്‍ കമ്പനി തയ്യാറാവുകയായിരുന്നു.

ഇന്നലെ രാത്രി ഇത്തിഹാദ് എയര്‍വേയ്‌സില്‍ നാട്ടിലേക്ക് പുറപ്പെട്ട ഇസ്മായിലിനെ മാതാവും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. തന്റെ മകന് ചികില്‍സയും മോചനവും നല്‍കാന്‍ പ്രയത്‌നിച്ച മുഴുവന്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി ഇസ്മായിലിന്റെ മാതാവ് അറിയിച്ചു.
Next Story

RELATED STORIES

Share it