Latest News

ഉപഭോക്തൃ അനുമതിയില്ലാതെ ഓട്ടോപേ വഴി പണം നഷ്ടപ്പെടുന്നു; എന്‍പിസിഐയോട് ആര്‍ബിഐയുടെ നിര്‍ദേശം

ഉപഭോക്തൃ അനുമതിയില്ലാതെ ഓട്ടോപേ വഴി പണം നഷ്ടപ്പെടുന്നു; എന്‍പിസിഐയോട് ആര്‍ബിഐയുടെ നിര്‍ദേശം
X

മുംബൈ: ഗൂഗിള്‍ പേ ഫോണ്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കളുടെ വ്യക്തമായ അനുമതിയില്ലാതെ ഓട്ടോപേ സംവിധാനം വഴി പണം ഡെബിറ്റ് ചെയ്യപ്പെടുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ ഗൗരവമായ ആശങ്ക ഉയര്‍ന്നിരിക്കുന്നത്. പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഉപഭോക്തൃ അനുമതിയില്ലാതെ ഓട്ടോപേ ഇടപാടുകള്‍ നടക്കുന്നതായി ആരോപണമുയര്‍ന്ന വിഷയത്തില്‍ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യുപിഐ സാങ്കേതിക സംവിധാനത്തിന്റെ നിയന്ത്രണ സ്ഥാപനമായ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു തവണ ബില്‍ അടയ്ക്കുന്നതിനായി ഓട്ടോപേ അംഗീകരിച്ചതിന് ശേഷം തുടര്‍ച്ചയായി തുക ഡെബിറ്റ് ചെയ്യപ്പെടുന്നതായും, ഓട്ടോപേ റദ്ദാക്കാനുള്ള സൗകര്യം പലപ്പോഴും ലഭ്യമല്ലെന്നുമാണ് ഉപഭോക്താക്കളുടെ പ്രധാന പരാതി. ഓട്ടോപേ സംവിധാനം വഴി പണമിടപാട് നടന്നാലും അതിനെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പോ റദ്ദാക്കല്‍ ഓപ്ഷനോ ലഭ്യമല്ലെന്നാണ് ആരോപണം. സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍, യൂട്ടിലിറ്റി ബില്ലുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, ഇഎംഐകള്‍ തുടങ്ങിയ ആവര്‍ത്തന പണമടക്കലുകള്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി 2020ലാണ് യുപിഐ ഓട്ടോപേ സംവിധാനം ആരംഭിച്ചത്. എഐ, എഡ്‌ടെക്, ഫിന്‍ടെക്, വെല്‍നെസ്, സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷനുകളുടെ വര്‍ധനവോടെ ഓട്ടോപേ ഉപയോഗം വേഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

ഇവൈ ഇന്ത്യയുടെ കണക്ക് പ്രകാരം നിലവില്‍ പ്രതിമാസം ഏകദേശം ഒരു ബില്യണ്‍ ഓട്ടോപേ ഇടപാടുകള്‍ പ്രോസസ് ചെയ്യപ്പെടുന്നു. ഇത് മൊത്തം യുപിഐ ഇടപാടുകളുടെ ഏകദേശം അഞ്ചു ശതമാനത്തോളം വരും. എന്‍പിസിഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഓട്ടോപേ ഇടപാടുകള്‍ ഇരട്ടിയായി. രാജ്യത്തെ മുന്‍നിര പത്തു ബാങ്കുകളിലൂടെ മാത്രം കഴിഞ്ഞ നവംബറില്‍ 926 ദശലക്ഷം ഓട്ടോപേ ഇടപാടുകളാണ് നടന്നത്. ഒരു വര്‍ഷം മുന്‍പ് ഇത് 530.5 ദശലക്ഷമായിരുന്നു. ഉപയോഗം വന്‍തോതില്‍ ഉയരുന്നതിനൊപ്പം ഉപഭോക്തൃ സംരക്ഷണവും വ്യക്തമായ റദ്ദാക്കല്‍ സംവിധാനവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സാമ്പത്തിക രംഗം വിലയിരുത്തുന്നു. വിഷയത്തില്‍ എന്‍പിസിഐ കഴിഞ്ഞ ഡിസംബറില്‍ യുപിഐ ആപ്പ് പ്രതിനിധികളുമായി യോഗം ചേര്‍ന്നിരുന്നുവെങ്കിലും പ്രശ്‌നപരിഹാരത്തില്‍ വ്യക്തമായ മാറ്റമുണ്ടായിട്ടില്ലെന്നാണ് വിവരം.

Next Story

RELATED STORIES

Share it