Latest News

'നമ്മള്‍ സമാധാനപരമായി ജീവിക്കാന്‍ നോക്കുമ്പോള്‍ ഇവന്മാര്‍ ചെയ്യുന്ന പണികണ്ടോ': കേരള സ്റ്റോറി 2നെതിരേ വേടന്‍

ഇത്രയും ദേഷ്യം നമ്മളോടു കാണിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍, ഭാവിയില്‍ അവര്‍ക്കു നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാന്‍ പറ്റും

നമ്മള്‍ സമാധാനപരമായി ജീവിക്കാന്‍ നോക്കുമ്പോള്‍ ഇവന്മാര്‍ ചെയ്യുന്ന പണികണ്ടോ: കേരള സ്റ്റോറി 2നെതിരേ വേടന്‍
X

കണ്ണൂര്‍: വിവാദ സിനിമ കേരള സ്റ്റോറി 2നെതിരേ റാപ്പര്‍ വേടന്‍ രംഗത്ത്. അവന്‍മാര്‍ ഭക്ഷണ രാഷ്ട്രീയം കൊണ്ട് കേരളത്തില്‍ വന്നേക്കുന്നു എന്നായിരുന്നു വേടന്റെ പ്രതികരണം. തദ്ദേശസ്വയം ഭരണ ദിനാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് ആന്തൂരില്‍ സര്‍ക്കാര്‍ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവല്‍ വേദിയില്‍ പരിപാടി നടത്തുന്നതിനിടെയായിരുന്നു പ്രതികരണം. ഇത്രയും വെറുപ്പോടുകൂടി ഒരു സിനിമ ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍ അവര്‍ക്കു നമ്മളെ എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നും വേടന്‍ ചോദിച്ചു. ഇന്നലെ രാത്രിയാണ് ആന്തൂരില്‍ വേടന്‍ പരിപാടി അവതരിപ്പിച്ചത്.

'ഇത്രയും ദേഷ്യം നമ്മളോടു കാണിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍, ഭാവിയില്‍ അവര്‍ക്കു നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാന്‍ പറ്റും. ശ്രദ്ധിച്ചും കണ്ടും ജീവിച്ചോളണം. ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം എടുത്തോളണം. ഇല്ലെങ്കില്‍ ഇവന്മാര്‍ ആദ്യം അടിക്കാന്‍ പോകുന്നത് നമ്മളെയാണ്. വേണമെങ്കില്‍ പാട്ടുംപാടി കാശുംവാങ്ങി വീട്ടില്‍പോകാം. അപ്പോളെനിക്കു കൂടുതല്‍ അപകടങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ പറ്റും.

എന്നെക്കൊണ്ട് അതു ചെയ്യാന്‍ പറ്റാത്തത് നിങ്ങളെല്ലാവരും എന്റെ സഹമനുഷ്യരാണെന്നു കാണാന്‍ പറ്റുന്നതുകൊണ്ടും നിങ്ങള്‍ക്കതു കാണാന്‍ പറ്റുന്നതുകൊണ്ടുമാണ്. അതുകൊണ്ടാണ് ഞാന്‍ ഇവിടെ വന്ന് പെര്‍ഫോം ചെയ്യുന്നത്. നമ്മള്‍ ഒരുപാട് വര്‍ഷമായി ഒന്നായി എല്ലാ പ്രശ്‌നങ്ങളെയും മാറ്റി നിര്‍ത്തി ഒരുമിച്ചു രക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രകൃതി നമ്മളെ ഒരുപാടു തവണ പരീക്ഷിച്ചപ്പോഴും ഒരുമിച്ചു നിന്നു. നമ്മള്‍ സമാധാനപരമായി ജീവിക്കാന്‍ നോക്കുമ്പോള്‍ ഇവന്മാര്‍ ചെയ്യുന്ന പണികണ്ടോ. സിനിമ കാണുന്നുണ്ടെങ്കില്‍ രാഷ്ട്രീയം കണ്ടോളണം' വേടന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it