Latest News

അന്യഗ്രഹ ജീവികളുടെ രഹസ്യ രേഖകള്‍ പുറത്തുവിടാന്‍ ട്രംപിന്റെ നിര്‍ദേശം

അന്യഗ്രഹ ജീവികളുടെ രഹസ്യ രേഖകള്‍ പുറത്തുവിടാന്‍ ട്രംപിന്റെ നിര്‍ദേശം
X

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്യഗ്രഹ ജീവികളെയും അജ്ഞാത വ്യോമ പ്രതിഭാസങ്ങളെയും സംബന്ധിച്ച രഹസ്യ രേഖകള്‍ പുറത്തുവിടാന്‍ നിര്‍ദേശം നല്‍കി. യുഎസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിനാണ് ബന്ധപ്പെട്ട രേഖകള്‍ പൊതുജനങ്ങള്‍ക്ക് പുറത്തുവിടാന്‍ അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് രേഖകള്‍ വെളിപ്പെടുത്തണമെന്ന നിലപാട് ട്രംപ് വ്യക്തമാക്കിയത്. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ അന്യഗ്രഹജീവികളുടെ സാന്നിധ്യസാദ്ധ്യതയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് പുതിയ നിര്‍ദേശത്തിന് പശ്ചാത്തലമായതെന്ന് ട്രംപ് പറഞ്ഞു. 'അന്യഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. അതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായമില്ല. എന്നാല്‍ നിരവധി പേര്‍ അത് വിശ്വസിക്കുന്നു. ഒബാമയുടെ സംശയം തീര്‍ക്കാന്‍ ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടും,' എന്ന് എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

അന്യഗ്രഹജീവികളും അജ്ഞാത പ്രതിഭാസങ്ങളും സംബന്ധിച്ച സങ്കീര്‍ണവും പ്രധാനപ്പെട്ടതുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പുറത്തുവിടണമെന്നും ഇന്നലെ രാത്രി അറിയിച്ചു. അതേസമയം, പ്രപഞ്ചത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ മറ്റു ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും, ഭൂമിയില്‍ അന്യഗ്രഹജീവികള്‍ എത്തിയതായി തെളിവുകളില്ലെന്ന് ഒബാമ പിന്നീട് വിശദീകരിച്ചു.

2017ല്‍ യുഎസ് നാവികസേന പകര്‍ത്തിയതായി പറയപ്പെടുന്ന അജ്ഞാത വ്യോമവസ്തുക്കളുടെ വീഡിയൊ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതായി പൊതുജനങ്ങളില്‍ സംശയം ഉയര്‍ന്നത്. തുടര്‍ന്ന് 2022 മേയില്‍ യുഎസ് കോണ്‍ഗ്രസ് ഈ ദൃശ്യങ്ങള്‍ പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ദൃശ്യങ്ങളിലെ വസ്തുക്കള്‍ ഡ്രോണുകളായിരിക്കാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിനു പിന്നാലെ, സൈന്യത്തിന് ലഭിക്കുന്ന അജ്ഞാത പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് പരിശോധിക്കുന്നതിനായി ഓള്‍ ഡൊമൈന്‍ അനോമലി റെസല്യൂഷണ്‍ (എഎആര്‍ഒ) എന്ന പ്രത്യേക വിഭാഗം പെന്റഗണ്‍ രൂപീകരിച്ചു.

2023ല്‍ അന്നത്തെ എഎആര്‍ഒ മേധാവിയായിരുന്ന ഷോണ്‍ കിര്‍ക്ക്പാട്രിക്ക് മാധ്യമങ്ങളോട് സംസാരിക്കവേ അന്യഗ്രഹജീവികളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംവിധാനമില്ലെന്ന് വ്യക്തമാക്കിയിരുന്നു. 2024 ജൂണില്‍ കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം 485 അജ്ഞാത പ്രതിഭാസ റിപോര്‍ട്ടുകള്‍ ലഭിച്ചതില്‍ 118 കേസുകള്‍ ബലൂണുകള്‍, പക്ഷികള്‍, ആളില്ലാ വ്യോമസാധനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it