Gulf

പ്രധാനമന്ത്രി സൗദിയില്‍; സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഊര്‍ജമേഖലയില്‍ ഉള്‍പ്പടെ പതിമൂന്നോളം തന്ത്രപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.

പ്രധാനമന്ത്രി സൗദിയില്‍; സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും
X

റിയാദ്: ആഗോള വാര്‍ഷിക നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയിലെത്തി. സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഊര്‍ജമേഖലകളില്‍ ഉള്‍പ്പടെയുള്ള തന്ത്രപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിക്ക് ഊജ്വലസ്വീകരണമാണ് സൗദി ഒരുക്കിയത്. നിക്ഷേപസഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഊര്‍ജമേഖലയില്‍ ഉള്‍പ്പടെ പതിമൂന്നോളം തന്ത്രപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാനിരിക്കുന്ന ഓയില്‍ റിഫൈനറിയുടെ തുടര്‍നടപടിക്കുള്ള കരാറിലും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ സൗദിയില്‍ തുടങ്ങാനുള്ള കരാറിലും നരേന്ദ്രമോദി ഒപ്പുവയ്ക്കും.

റുപേ കാര്‍ഡിന്റെ ഔദ്യോഗികപ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സൗദിയിലെ നിക്ഷേപസാധ്യത പരിചയപ്പെടുത്തുന്ന ഉച്ചകോടിയില്‍ 30 രാജ്യങ്ങളില്‍നിന്നായി മുന്നൂറോളം വ്യവസായപ്രമുഖരും 6,000 ചെറുകിട, വന്‍കിട നിക്ഷേപകരും പങ്കെടുക്കും. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ സംബന്ധിച്ചശേഷം രാത്രിതന്നെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഊര്‍ജം, സുരക്ഷ, വ്യാപാരം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയും സൗദിയും യോജിച്ചുപ്രവര്‍ത്തിക്കുന്നുണ്ടെന്നും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം വഴിയൊരുക്കുമെന്നും മോദി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it