Gulf

കെഎഎസ് സംവരണം: സര്‍ക്കാര്‍ തീരുമാനം ജനകീയ സമരവിജയം- പ്രവാസി ജിദ്ദ

കെഎഎസ് സംവരണം: സര്‍ക്കാര്‍ തീരുമാനം  ജനകീയ സമരവിജയം- പ്രവാസി ജിദ്ദ
X

ജിദ്ദ: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ മൂന്ന് സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ജനകീയ സമരങ്ങളുടെ വിജയവും സാമൂഹിക നീതിക്കായി നിരന്തരം തുടരുന്ന പോരാട്ടങ്ങളിലെ ഒരു നാഴികക്കല്ലുമാണെന്ന് പ്രവാസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി വിലയിരുത്തി. ഈ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ സംവരണ അട്ടിമറിക്കെതിരെ ആദ്യമായി രംഗത്തെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടിക്കും പ്രവാസി സാംസ്‌കാരിക വേദിക്കും ഏറെ സന്തോഷം പകരുന്നതാണ്.

കേരളത്തിന്റെ ഭാവി ഭരണം നിയന്ത്രിക്കുന്ന സ്വന്തം സിവില്‍ സര്‍വീസ് രൂപവല്‍കരിക്കുമ്പോള്‍ അതിലെ മൂന്നില്‍ രണ്ടിലും സംവരണ തത്വം പാലിക്കേണ്ടതില്ല എന്നാണ് പിണറായി സര്‍ക്കാര്‍ തീരുമാനമെടുത്തത്. നിയമസഭയിലെ മറുപടിയിലും സര്‍ക്കാരിന്റെ നയപ്രഖ്യാപനങ്ങളിലും മുഖ്യമന്ത്രി അത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായി അരികുവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കുള്ള സാമൂഹിക നീതിയാണ് അധികാര പങ്കാളിത്തം. സവര്‍ണാധിപത്യം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഭരണഘടനയില്‍ വിഭാവനം ചെയ്തിരിക്കുന്ന സംവരണം മാത്രമാണ് അതിനായുള്ള മാര്‍ഗം. ഈ സാമൂഹിക നീതിയുടെ പ്രാഥമിക തത്വത്തെയാണ് കെഎഎസിലെ സംവരണ നിഷേധത്തിലൂടെ ഇല്ലാതാക്കാന്‍ ഇടതുപക്ഷം ശ്രമിച്ചത്. ഈ പ്രഖ്യാപനം കൊണ്ട് പ്രക്ഷോഭം അവസാനിക്കില്ലെന്നും പ്രയോഗവല്‍ക്കരിക്കുന്നന്നത് വരെ പോരാട്ടം തുടരുമെന്നും പ്രവാസി ഭാരവാഹികള്‍ പറഞ്ഞു.

സാമ്പത്തിക സംവരണം എന്ന ഭരണഘടനാ വിരുദ്ധ സമീപനവും ഇതുപോലെ തന്നെ തിരുത്തപ്പെടേണ്ടതും ചെറുത്ത് തോല്‍പിക്കേണ്ടതുമാണെന്നു ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.



Next Story

RELATED STORIES

Share it