Gulf

കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് സര്‍ക്കാര്‍ ആലോചന: ഇന്ത്യക്കാര്‍ക്ക് 300 ദിനാര്‍ വരെ ചിലവ് വരും

തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വിമാന ടിക്കറ്റ്, ക്വാറന്റൈന്‍ സൗകര്യം, പിസിആര്‍ പരിശോധന, ഗതാഗതം, ഭക്ഷണം മുതലായവ ഉള്‍പ്പെടുത്തിയുള്ള പാക്കേജ് തയ്യാറാക്കി വരികയാണ്.

കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് സര്‍ക്കാര്‍ ആലോചന: ഇന്ത്യക്കാര്‍ക്ക് 300 ദിനാര്‍ വരെ ചിലവ് വരും
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവേശന നിരോധനമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ടൂറിസം ട്രാവല്‍ ഫെഡേറേഷന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി വരുന്നതായി ഫെഡേറേഷന്‍ മേധാവി മുഹമ്മദ് അല്‍ മുത്തൈരി വ്യക്തമാക്കി. തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വിമാന ടിക്കറ്റ്, ക്വാറന്റൈന്‍ സൗകര്യം, പിസിആര്‍ പരിശോധന, ഗതാഗതം, ഭക്ഷണം മുതലായവ ഉള്‍പ്പെടുത്തിയുള്ള പാക്കേജ് തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് പ്രാദേശിക സമ്പദ് ഘടനക്ക് ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മടക്ക യാത്രക്കാര്‍ക്ക് 5 സേവനങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് പാക്കേജിന്റെ മൂല്യം നിര്‍ണയിച്ചിരിക്കുന്നത്. വണ്‍-വേ യാത്ര ടിക്കറ്റ്, രാജ്യത്തിനു അകത്ത് പ്രവേശിച്ചാല്‍ നടത്തപ്പെടുന്ന 2 ഘട്ടങ്ങളിലായുള്ള പിസിആര്‍ പരിശോധന, ക്വാറന്റൈന്‍ കേന്ദ്രം, വിമാനത്താവളത്തില്‍ നിന്നു ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും പിസിആര്‍ പരിശോധന കേന്ദ്രത്തിലെക്കുള്ള ഗതാഗതം, 7 ദിവസത്തെ ഭക്ഷണം എന്നിവ അടങ്ങുന്നതാണു പാക്കേജ്.

മധ്യ പൗരസ്ത്യ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് ഈ സേവനങ്ങള്‍ക്ക് 255 ദിനാറിന്റെ പാക്കേജ് പ്രഖ്യാപിക്കുവാന്‍ കഴിയുമെന്നാണ് ട്രാവല്‍ കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. അതേ സമയം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇതിനായി 300 ദിനാറിന്റെ പാക്കേജ് നല്‍കാനാണ് ആലോചന. ഇന്ത്യയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിന്റെ അന്തരമാണു ഇതിനു കാരണം.

മധ്യ പൗരസ്ത്യ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് ശരാശരി ടിക്കറ്റ് നിരക്ക് 70 ദിനാര്‍ ആണ്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഇത് ശരാശരി 110 ദിനാര്‍ എങ്കിലും ആയിരിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഇന്ത്യ അടക്കമുള്ള ഉയര്‍ന്ന രോഗ വ്യാപന നിരക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ 2 തവണ പിസിആര്‍ പരിശോധനക്ക് വിധേയരാക്കാം എന്നാണു പ്രവേശന വിലക്ക് നീക്കുന്നതിനു ഉപാധിയായി വിമാന കമ്പനികള്‍ ആരോഗ്യ മന്ത്രാലയത്തിനു സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. ആദ്യത്തേത് വിമാനത്താവളത്തില്‍ എത്തിയ ഉടനേയും മറ്റൊന്ന് ഒരാഴ്ചത്തെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും. അങ്ങിനെയെങ്കില്‍ രണ്ടു തവണത്തെ പിസിആര്‍ പരിശോധനക്കായി 50 മുതല്‍ 80 ദിനാര്‍ വരെ ചെലവ് വരും.

വിമാനത്താവളത്തില്‍ നിന്ന് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും, ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമുള്ള രണ്ടാമത്തെ പിസിആര്‍ പരിശോധനക്കുമായുള്ള ഗതാഗതത്തിനായി 5 മുതല്‍ 10 ദിനാര്‍ വരെയാണു ചാര്‍ജ്ജ് കണക്കാക്കുന്നത് .ക്വാറന്റൈന്‍ സാധാരണ ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകളിലാണു അനുഷ്ടിക്കുന്നതെങ്കില്‍ ശരാശരി 15 ദിനാര്‍ ആയിരിക്കും പ്രതി ദിന വാടക. 7 ദിവസത്തേക്ക് ഇതിന് 105 ദിനാര്‍ ആയിരിക്കും നിരക്ക്. എന്നാല്‍, ഒന്നില്‍ അധികം പേര്‍ മുറി പങ്കിടുകയാണെങ്കില്‍ ഈ ഇനത്തിലുള്ള ചെലവ് കുറയും. മുന്തിയ ഹോട്ടലുകളില്‍ കഴിയാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനു അനുസൃതമായ താമസ സൗകര്യം ഒരുക്കുവാനും ട്രാവല്‍സ് കമ്പനികള്‍ പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്നവര്‍ക്ക് ഒരാഴ്ചത്തേക്ക് പ്രതി ദിനം മൂന്നു നേരത്തെ ഭക്ഷണം റൂമികളില്‍ എത്തിക്കുന്നതിനു ചില റെസ്റ്റോറന്റ്, കാറ്ററിങ് കമ്പനികളുമായും ട്രാവല്‍സ് കമ്പനികള്‍ ധാരണയിലെത്തിയിട്ടുണ്ട്. ഒരാള്‍ക്ക് ഇതിനായി 25 ദിനാര്‍ ചെലവ് വരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

ചുരുക്കത്തില്‍ പ്രവേശന വിലക്ക് നീക്കിയാല്‍ ഇന്ത്യയില്‍ നിന്നും നേരിട്ട് കുവൈത്തില്‍ എത്തുന്ന ഒരു യാത്രക്കാരനു വിമാന ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ 300 ദിനാറോളം ചെലവ് വരുമെന്ന് അര്‍ത്ഥം. വിലക്ക് നീക്കുന്നതോടെ യാത്രക്കാരുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നും ഇത് നേരത്തെ ദുബയ് വഴി എത്തുന്നവരുടെ കാര്യത്തില്‍ സംഭവിച്ചത് പോലെ വിമാന ടിക്കറ്റിനു വില കുതിച്ചുയരുവാന്‍ ഇടയാകുമെന്ന ആശങ്കയും നില നില്‍ക്കുന്നുണ്ട്. അങ്ങിനെയെങ്കില്‍ നിശ്ചിത നിരക്കില്‍ ഗണ്യമായ മാറ്റം സംഭവിക്കാമെന്നും ട്രാവല്‍ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Next Story

RELATED STORIES

Share it