Gulf

കേരളത്തില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കണം: അബ്ദുല്‍ മജീദ് ഫൈസി

എന്‍ആര്‍സി നടപ്പാക്കുമ്പോള്‍ ബാധകമാകുന്ന പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത് കാപട്യമാണ്. വധശിക്ഷക്കെതിരേ നിലപാടെടുത്ത സിപിഎം കേരളത്തില്‍ മാവോവാദികളെന്ന് പറഞ്ഞു ജനങ്ങളെ വെടിവെച്ച് കൊല്ലുകയും യുഎപിഎ നിര്‍ബാധം പ്രയോഗിക്കുകയും ചെയ്യുന്നു.

കേരളത്തില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കണം: അബ്ദുല്‍ മജീദ് ഫൈസി
X

ദമ്മാം: പൗരത്വ ഭേദഗതി ബില്‍ മാത്രമല്ല എന്‍ആര്‍സിയും കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ ഫൈസി 'സമകാലിക ഇന്ത്യയില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. എന്‍ആര്‍സി നടപ്പാക്കുമ്പോള്‍ ബാധകമാകുന്ന പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത് കാപട്യമാണ്. വധശിക്ഷക്കെതിരേ നിലപാടെടുത്ത സിപിഎം കേരളത്തില്‍ മാവോവാദികളെന്ന് പറഞ്ഞു ജനങ്ങളെ വെടിവെച്ച് കൊല്ലുകയും യുഎപിഎ നിര്‍ബാധം പ്രയോഗിക്കുകയും ചെയ്യുന്നു. ഇതിനെതിരേ എസ്ഡിപിഐ ഉയര്‍ത്തുന്ന ജനകീയ പ്രതിഷേധങ്ങളെ ഭയപ്പെടുന്നതിനാലാണ് സിപിഎം തീവ്രവാദ ആരോപണവുമായി രംഗത്ത് വരുന്നത്.

എന്‍ആര്‍സി, പൗരത്വ ഭേദഗതി ബില്‍ ഉള്‍പ്പെടെ മുസ്‌ലിംകളെ ലക്ഷ്യം വെച്ച് ബിജെപി ഭരണകൂടം സൃഷ്ടിക്കുന്ന നിയമങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ ഹിന്ദു ക്രിസ്ത്യന്‍ സമുദായ സംഘടനകളും രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


800വര്‍ഷത്തിലധികം ഇന്ത്യ ഭരിക്കുകയും രാജ്യം കെട്ടിപ്പടുക്കുന്നതിലും വൈദേശിക ശത്രുക്കളെ ചെറുക്കുന്നതിലും മുന്നില്‍ നില്‍ക്കുകയും ചെയ്ത മുസ്‌ലിം സമുദായത്തെ പാര്‍ശ്വവല്‍ക്കരിച്ചും ഒറ്റപ്പെടുത്തിയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടുള്ളത്. സംഘപരിവാര്‍ ശക്തികള്‍ മാത്രമല്ല, ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുന്ന മറ്റ് പാര്‍ട്ടികളും ഇതിന് കൂട്ട് നില്‍ക്കുകയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരേ ആയിരക്കണക്കിന് കലാപങ്ങള്‍ നടന്നു. പതിനായിരങ്ങള്‍ക്ക് മാനവും സ്വത്തും ഭവനങ്ങളും ജീവിത മാര്‍ഗങ്ങളും നഷ്ടമായി. ഇവയിലൊന്നും പ്രതികളായ ഹിന്ദുത്വര്‍ ശിക്ഷിക്കപ്പെടുകയോ ഇരകള്‍ക്ക് നീതി ലഭിക്കുകയോ ഉണ്ടായില്ല. ബിജെപി ഭരണത്തില്‍ മാത്രമല്ല മറ്റ് പാര്‍ട്ടികളുടെ ഭരണത്തിലും ഇത് തന്നെയായിരുന്നു സംഭവിച്ചത്.

മുസ്‌ലിംകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദലിത് പിന്നാക്ക വിഭാഗങ്ങളും സ്വയം സംഘടിച്ച് രാഷ്ട്രീയ ശാക്തി നേടിയെങ്കില്‍ മാത്രമേ ഇതിന് ശാശ്വത പരിഹാരമുണ്ടാവുകയുള്ളൂ എന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ബദര്‍ അല്‍ റബീ ഓഡിറ്റോറിയത്തില്‍ ഫൈസിയുടെ പ്രഭാഷണം ശ്രവിക്കുന്നതിനായി നൂറുക്കണക്കിന് പേര്‍ പങ്കെടുത്തു. പരിപാടിയില്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് നാസര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നമീര്‍ ചെറുവാടി മജീദ് ഫൈസിക്ക് ബൊക്കെ നല്‍കി സ്വീകരിച്ചു.

ഫോറം സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍ തോടി, സെക്രട്ടറി നാസര്‍ ഒടുങ്ങാട്, സ്‌റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് റഹീം വടകര, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ അബ്ദുസ്സലാം മാസ്റ്റര്‍, ഫാറൂഖ് വവ്വാക്കാവ്, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം മേഖല പ്രസിഡന്റ് അബ്ദുല്ല കുറ്റിയാടി, ജുബൈല്‍ മേഖല പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍ സംബന്ധിച്ചു. മീഡിയ ഇന്‍ചാര്‍ജ് അഹ്മദ് യൂസുഫ്, സെക്രട്ടറി അന്‍സാര്‍ കോട്ടയം സംസാരിച്ചു. ആത്തിഫ് കണ്ണൂര്‍, മുനീര്‍ ഖാന്‍ കൊല്ലം, ഷജീര്‍ ആറ്റിങ്ങല്‍, റെനീഷ് പാണക്കാട്, റഈസ് കടവില്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it