Gulf

വെല്ലുവിളികളെ ചെറുത്ത് തോല്‍പ്പിക്കണം. സ്റ്റീവ് ഹാര്‍വെ

സ്വപ്നങ്ങളും മോഹങ്ങളും യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ നമുക്ക് നേരെ നിരന്തരം ഉയരുന്ന വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനും ഹാസ്യതാരവും എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വെ പ്രസ്താവിച്ചു. മുപ്പത്തിയെട്ടാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയുടെ രണ്ടാം ദിനമായ ഒക്ടോബര്‍ മുപ്പത്തൊന്നിന് ബാള്‍ റൂമില്‍ തിങ്ങിനിറഞ്ഞ യുഎഇയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു,

ഷാര്‍ജ: സ്വപ്നങ്ങളും മോഹങ്ങളും യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ നമുക്ക് നേരെ നിരന്തരം ഉയരുന്ന വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനും ഹാസ്യതാരവും എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വെ പ്രസ്താവിച്ചു. മുപ്പത്തിയെട്ടാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയുടെ രണ്ടാം ദിനമായ ഒക്ടോബര്‍ മുപ്പത്തൊന്നിന് ബാള്‍ റൂമില്‍ തിങ്ങിനിറഞ്ഞ യുഎഇയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു, ലോകപ്രശസ്തനായ മോട്ടിവേഷന്‍ പ്രാസംഗികന്‍ കൂടിയായ സ്റ്റീവ് ഹാര്‍വെ. ഈ വര്‍ഷത്തെ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ 'പ്രിന്‍സിപ്പല്‍ ഗസ്റ്റ് ഓഫ് ഓണര്‍' ആയി തെരഞ്ഞെടുത്തിട്ടുള്ളത് സ്റ്റീവ് ഹാര്‍ വെയെ ആണ്. പത്ത് വയസ്സ് മുതല്‍ ഒരു ടെലിവിഷന്‍ താരമാകാന്‍ കൊതിച്ച വ്യക്തിയാണ് താന്‍. തന്റെ ആ പ്രായത്തില്‍ അമേരിക്കയിലെ ടെലിവിഷനുകളില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ പോലുമുണ്ടായിരുന്നില്ല. പിതാവിനേയും സഹോദരങ്ങളേയും പോലെ താനും ഒരു നിര്‍മ്മാണത്തൊഴിലാളിയായി മാറേണ്ടതായിരുന്നു.

ഒരു ടെലിവിഷന്‍ താരമാകണമെന്ന ആഗ്രഹം പത്താം വയസ്സില്‍ തന്റെ അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയ്ക്കത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കറുത്തവനാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ നിരന്തരം നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. പിന്നീട് അമേരിക്കയില്‍ ടെലിവിഷന്‍ പരിപാടി അവതരിപ്പിക്കുന്ന, നായകകഥാപാത്രമാകുന്ന ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായി താന്‍ മാറി. ജീവിതത്തിലെ തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍, സ്വന്തം സ്വപ്നങ്ങള്‍ക്ക് താന്‍ നേരിട്ട പ്രശ്‌നങ്ങളേക്കാള്‍ പ്രാധാന്യവും മൂല്യവും നല്‍കിയതുകൊണ്ടാണ്. ജീവിതത്തില്‍ വിജയമുണ്ടാകണമെങ്കില്‍, സ്വന്തം സ്വപ്നങ്ങളെ, നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളേയും വെല്ലുവിളികളേക്കാള്‍ ഉയരത്തില്‍ കാണണം.

ആരും ടെലിവിഷന്‍ താരമായി ജനിക്കുകയോ സ്‌കൂളുകളില്‍ പഠിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം സദസ്സില്‍ തന്നെ ശ്രവിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. വിശ്വാസവും അച്ചടക്കവും നമ്മെ വിജയത്തിലേക്ക് നയിക്കും. സദസ്സില്‍ നിന്നുള്ള കുട്ടികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളായാണ് സ്റ്റീവ് ഹാര്‍വെ പ്രഭാഷണം നടത്തിയത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയായ സ്റ്റീവ് ഹാര്‍വെ, ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തികളില്‍ ഒരാളായി മാറാന്‍ താന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് സദസ്സിനോട് സംസാരിച്ചു.

സ്റ്റീവ് ഹാര്‍വെയുടെ പ്രശസ്തങ്ങളായ പുസ്തകങ്ങള്‍ ബുക്ക് ഫെയറില്‍ ലഭ്യമാണ്. വില്പനയ്ക്കുള്ളവയില്‍ ഇരുനൂറ് കോപ്പികള്‍ സ്റ്റീവ് ഹാര്‍വെയുടെ കൈയ്യൊപ്പ് പതിച്ചിട്ടുള്ളവയാണ്. എമ്മി അവാര്‍ഡ് നേടിയ ടെലിവിഷന്‍ എന്റര്‍ടെയിനറായ സ്റ്റീവ് ഹാര്‍വെ, ഫാമിലി ഫോഡ്, സെലിബ്രിറ്റി ഫാമിലി ഫോഡ് എന്നീ ടെലിവിഷന്‍ പരിപാടികളുടെ അവതാരകനാണ്. കൂടാതെ അദ്ദേഹം, മിസ്സ് യൂണിവേഴ്‌സ്, ഫോക്‌സ് ന്യൂ ഇയര്‍ ഈവ് വിത്ത് സ്റ്റീവ് ഹാര്‍വെ: ലൈവ് പരിപാടികളുടെയും അവതാരകനാണ്. അദ്ദേഹത്തിന്റെ ദി സ്റ്റീവ് ഹാര്‍വെ മോണിംഗ് ഷോ അമേരിക്കയില്‍ ഏറ്റവും അധികം ശ്രോതാക്കളുള്ള റേഡിയോ പരിപാടിയാണ്.

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍, ഹാസ്യകലാകാരനായാണ് സ്റ്റീവ് ഹാര്‍വെ രംഗത്ത് വന്നത്. ഹാസ്യതാരമെന്ന് പേരെടുത്ത സ്റ്റീവ് ഹാര്‍വെ പിന്നീട് ഇറ്റ്‌സ് ഷോടൈം അറ്റ് ദി അപ്പോളോ, കിംഗ്‌സ് ഓഫ് കോമെഡി, തിങ്ക് ലൈക്ക് എ മാന്‍ തുടങ്ങിയ ജനപ്രിയപരിപാടികളിലൂടെ ഉയരങ്ങളിലെത്തി. സന്നദ്ധപ്രവര്‍ത്തനരംഗത്തും സ്റ്റീവ് ഹാര്‍വെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സ്വന്തമായി രൂപം നല്‍കിയ സ്റ്റീവ് ആന്റ് മര്‍ജോറി ഹാര്‍വെ ഫൗണ്ടേഷന്‍ വഴി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ക്യാമ്പുകള്‍ സ്ഥാപിച്ചതുള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റീവ് ഹാര്‍വെ നേതൃത്വം നല്‍കുന്നുണ്ട്.

Next Story

RELATED STORIES

Share it