Pravasi

സിദ്ദീഖ്‌ കാപ്പന്റെ അറസ്റ്റിൽ ദമ്മാം മീഡിയ ഫോറം പ്രതിഷേധിച്ചു

ഏതെല്ലാം വാർത്തകൾ എങ്ങനെയൊക്കെ റിപോർട്ട്‌ ചെയ്യപ്പെടണം എന്ന ഭരണകൂട താൽപര്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഹാഥ്‌റസിൽ വാർത്താശേഖരണത്തിനെത്തിയ സിദ്ദീഖ്‌ കാപന്റെ അറസ്റ്റ്‌.

സിദ്ദീഖ്‌ കാപ്പന്റെ അറസ്റ്റിൽ ദമ്മാം മീഡിയ ഫോറം പ്രതിഷേധിച്ചു
X

ദമ്മാം: ഉത്തർ പ്രദേശിലെ ഹാഥ്‌റസിൽ ദലിത്‌ പെൺകുട്ടി കൂട്ട ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട വാർത്ത റിപോർട്ട്‌ ചെയ്യാൻപോയ മാധ്യമ പ്രവർത്തകൻ സിദ്ദീഖ്‌ കാപ്പനെ യുപി പോലിസ്‌ അന്യായമായ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചതിനെതിരേ ദമ്മാം മീഡിയ ഫോറം ശക്തമായി പ്രതിഷേധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇന്ന് മാധ്യമ പ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞതായി കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളെ പലപ്പോഴും പല സർക്കാരുകളും സ്വതന്ത്രമായി പ്രവർത്തിക്കാനനുവദിക്കാത്തത്‌ പ്രതിഷേധാർഹമാണ്‌.

ഏതെല്ലാം വാർത്തകൾ എങ്ങനെയൊക്കെ റിപോർട്ട്‌ ചെയ്യപ്പെടണം എന്ന ഭരണകൂട താൽപര്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഹാഥ്‌റസിൽ വാർത്താശേഖരണത്തിനെത്തിയ സിദ്ദീഖ്‌ കാപന്റെ അറസ്റ്റ്‌. സിദ്ദീഖ്‌ കാപ്പന്‌ നിയമപ്രകാരമുള്ള അവകാശങ്ങൾ അനുവദിച്ച്‌ കിട്ടണമെന്നാവശ്യപ്പെട്ട്‌ ഡൽഹിയിലെ കേരള പത്ര പ്രവർത്തക യൂനിയൻ സുപ്രിംകോടതിയിൽ ഹരജി ഫയൽ ചെയ്തതിനെ ദമ്മാം മീഡിയ ഫോറം സ്വാഗതം ചെയ്തു.

സിദ്ദീഖ്‌ കാപ്പനെ ഉടൻ മോചിപ്പിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായുള്ള ഭരണകൂടങ്ങളുടെ കൈകടത്തലുകൾ അവസാനിപ്പിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. നിക്ഷിത താൽപര്യങ്ങളോടെ മാധ്യമ പ്രവർത്തകരെ അറസ്റ്റ്‌ ചെയ്യുന്നതും യുഎപിഎ പോലുള്ള കരിനിയമങ്ങൾ ചാർത്തുന്നതും ജയിലിലടക്കുന്നതും പൊതുസമൂഹം ഗൗരവമായി കാണണമെന്നും അത്തരം പ്രവണതകൾക്കെതിരെ എല്ലാ മേഖലകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായിവരണമെന്നും പ്രതിഷേധ പ്രമേയത്തിലൂടെ മീഡിയ ഫോറം പ്രസിഡന്റ്‌ സാജിദ്‌ ആറാട്ടുപുഴ ആവശ്യപ്പെട്ടു. ലുഖ്മാൻ വിളത്തൂർ, ചെറിയാൻ കിടങ്ങന്നൂർ,നൗഷാദ്‌ ഇരിക്കൂർ, സുബൈർ ഉദിനൂർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട്‌, ട്രഷറർ മുജീബ്‌ കളത്തിൽ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it