World

മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും; ന്യൂയോര്‍ക്കില്‍ മൃഗശാലയിലെ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

നാദിയ എന്ന നാലുവയസ് പ്രായമുള്ള മലയന്‍ കടുവയിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മൃഗശാലയിലെ മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കന്‍ സിംഹങ്ങളിലും ഇതിനോടകം രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്.

മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും; ന്യൂയോര്‍ക്കില്‍ മൃഗശാലയിലെ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

ന്യൂയോര്‍ക്ക്: മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും കൊവിഡ് 19 വൈറസ് ബാധിക്കുന്നതായി റിപോര്‍ട്ട്. ന്യൂയോര്‍ക്ക് ബ്രോണ്‍ക്‌സ് മൃഗശാലയിലെ നാലുവയസ് പ്രായമായ കടുവയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ബിബിസി റിപോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇത്തരത്തില്‍ മൃഗങ്ങളിലേക്ക് വൈറസ് പടരുന്ന ആദ്യത്തെ സംഭവമാണിത്. നാദിയ എന്ന നാലുവയസ് പ്രായമുള്ള മലയന്‍ കടുവയിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മൃഗശാലയിലെ മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കന്‍ സിംഹങ്ങളിലും ഇതിനോടകം രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. എന്നാല്‍, ഈ മൃഗങ്ങളെ ബാധിച്ചിരിക്കുന്നത് കൊവിഡ് വൈറസാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലാത്ത മൃഗശാല സൂക്ഷിപ്പുകാരനില്‍നിന്നാണ് കടുവയ്ക്ക് വൈറസ് ബാധിച്ചതെന്നാണ് വിലയിരുത്തുന്നത്. മാര്‍ച്ച് 27നാണ് നാദിയ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് ക്രമാതീതമായി വര്‍ധിച്ചതോടെ മാര്‍ച്ച് 17 മുതല്‍ മൃഗശാലയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. മനുഷ്യരില്‍നിന്ന് മൃഗങ്ങളിലേക്ക് കൊവിഡ് പടര്‍ന്നതായി റിപോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ വിരലിലെണ്ണാവുന്നത് മാത്രമാണ്. അയോവയിലെ നാഷനല്‍ വെറ്ററിനറി സര്‍വീസസ് ലബോറട്ടറിയിലാണ് നാദിയയുടെ സ്രവപരിശോധന സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയില്‍ വൈറസ് വ്യാപനത്തിന് കാരണമായി കണക്കാക്കുന്നത് മൃഗങ്ങളെയല്ലെന്നാണ് റിപോര്‍ട്ട്. രോഗബാധിതരായ മൃഗങ്ങള്‍ ആരോഗ്യവാന്‍മാരാണ്.

സാധാരണ നിലയിലേക്ക് ഏറെ താമസിയാതെ തിരികെയെത്തുമെന്നാണ് മൃഗശാല അധികൃതര്‍ വിശദമാക്കുന്നത്. കടുവയില്‍ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ചൈനയിലെ വളര്‍ത്ത് പൂച്ചകളില്‍ രോഗം സ്ഥിരീകരിച്ചത് വാര്‍ത്തയായിരുന്നു. ഒരുമിച്ച് പാര്‍പ്പിക്കുന്ന പൂച്ചകളില്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് രോഗം പകരുമെന്നും തെളിഞ്ഞിരിന്നു. ഇതിന് പുറമെയാണ് രോഗം വ്യാപകമായി പടര്‍ന്നുപിടിച്ച അമേരിക്കയില്‍നിന്ന് സമാനമായ വാര്‍ത്ത പുറത്തുവരുന്നത്.

Next Story

RELATED STORIES

Share it