World

യുഎസ്-ഇറാന്‍ നയതന്ത്ര ചര്‍ച്ച; ജെ ഡി വാന്‍സ് പാകിസ്താനിലേക്ക് ഇല്ല, സുരക്ഷാ കാരണമെന്ന് ട്രംപ്

യുഎസ്-ഇറാന്‍ നയതന്ത്ര ചര്‍ച്ച; ജെ ഡി വാന്‍സ് പാകിസ്താനിലേക്ക് ഇല്ല, സുരക്ഷാ കാരണമെന്ന് ട്രംപ്
X

വാഷിങ്ടണ്‍: പാകിസ്താനില്‍ നടക്കാനിരിക്കുന്ന ഇറാന്‍-അമേരിക്ക രണ്ടാംഘട്ട നയതന്ത്ര ചര്‍ച്ചയിലെ അനിശ്ചിതത്വം തുടരുന്നു. തന്റെ പ്രതിനിധി സംഘം ഇസ്ലാമാബാദിലേക്ക് പോകുകയാണെന്ന് അറിയിച്ചതിന് പിന്നാലെ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് സംഘത്തിലില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. വാന്‍സ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേരത്തെ യുഎന്നിലെ യുഎസ് പ്രതിനിധി മൈക്ക് വാള്‍ട്ട്സും ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റും സൂചിപ്പിച്ചിരുന്നെങ്കിലും, സുരക്ഷാ കാരണങ്ങളെ മുന്‍നിര്‍ത്തിയാണ് ട്രംപ് ഈ തീരുമാനം മാറ്റിയത്. വാന്‍സ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ പാകിസ്താനിലേക്ക് അയക്കാന്‍ നിലവിലെ സുരക്ഷാ സാഹചര്യം അനുവദിക്കുന്നില്ലെന്ന് ട്രംപിനെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ ഇസ്ലാമാബാദിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാനും അറിയിച്ചു. നാവിക ഉപരോധം നിലനില്‍ക്കുന്നിടത്തോളം കാലം പാകിസ്താനിലേക്ക് ചര്‍ച്ചകള്‍ക്കായി പ്രതിനിധി സംഘത്തെ അയക്കില്ലെന്ന നിലപാടിലാണ് ഇറാന്‍. ഇതോടെ നയതന്ത്ര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവിലെ പ്രതിസന്ധികള്‍ എത്രയും വേഗം പരിഹരിക്കുന്നതിനായി പാകിസ്താന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദര്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിമായി ഫോണില്‍ സംസാരിക്കുകയും ചര്‍ച്ചകള്‍ തുടരേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇറാന്റെ പ്രസിഡന്റും പാകിസ്താന്‍ പ്രധാനമന്ത്രിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, വിദേശ പ്രതിനിധി സംഘങ്ങളുടെ വരവിനെത്തുടര്‍ന്ന് പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ റെഡ് സോണ്‍ പ്രദേശങ്ങളില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണെന്ന് പോലിസ് അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ആഡംബര ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഒഴിഞ്ഞുകൊടുക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. നൂറോളം സ്‌നൈപ്പര്‍മാരും 400 എലൈറ്റ് കമാന്‍ഡോകളും ഉള്‍പ്പെടെ ഏകദേശം പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലുമായി വിന്യസിച്ചിരിക്കുന്നത്.



Next Story

RELATED STORIES

Share it