World

കൊറോണ വൈറസ്: ജാപ്പനീസ് ആഡംബര കപ്പലില്‍ രണ്ട് യാത്രക്കാര്‍ മരിച്ചു

കപ്പലില്‍ മൊത്തം 621 പേര്‍ക്കാണു കൊറോണ ബാധിച്ചിരിക്കുന്നത്. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു കൊറോണ ബാധിച്ചിരിക്കുന്നതും ഈ കപ്പലിലാണ്.

കൊറോണ വൈറസ്: ജാപ്പനീസ് ആഡംബര കപ്പലില്‍ രണ്ട് യാത്രക്കാര്‍ മരിച്ചു
X

ടോക്കിയോ: കൊറോണ (കൊവിഡ് 19) വൈറസ് ബാധയെത്തുടര്‍ന്നു ജപ്പാന്‍ തീരത്ത് ക്വാറന്റൈന്‍ ചെയ്തിരിക്കുന്ന ആഡംബര കപ്പലിലെ രണ്ടുയാത്രക്കാര്‍ മരിച്ചു. മരണപ്പെട്ട പുരുഷന് 87 വയസും സ്ത്രീക്ക് 84 വയസും പ്രായമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഒരാള്‍ കൊറോണ ബാധയെ തുടര്‍ന്നും മറ്റൊരാള്‍ ന്യുമോണിയ ബാധിച്ചുമാണു മരിച്ചതെന്നും റിപോര്‍ട്ടുണ്ട്. ഡയമണ്ട് പ്രിന്‍സസ് ആഡംബരകപ്പലില്‍നിന്നു കൊറോണ ബാധയെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കപ്പലില്‍ മൊത്തം 621 പേര്‍ക്കാണു കൊറോണ ബാധിച്ചിരിക്കുന്നത്. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു കൊറോണ ബാധിച്ചിരിക്കുന്നതും ഈ കപ്പലിലാണ്. 3,711 പേരാണ് ആഡംബര കപ്പലിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 187 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇവരില്‍ 132 പേര്‍ കപ്പലിലെ ജീവനക്കാരും ആറുപേര്‍ യാത്രക്കാരുമാണ്. 14 ദിവസത്തെ നിരീക്ഷണത്തിനുശേഷം കൊറോണ ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയവരെ പുറത്തുവിട്ട് തുടങ്ങിയതായി ജാപ്പനീസ് ആരോഗ്യമന്ത്രി അറിയിച്ചു.

മറ്റുള്ളവരെ ഉടന്‍തന്നെ വിട്ടയയ്ക്കും. 150 ഓസ്‌ട്രേലിയന്‍ സഞ്ചാരികള്‍ ഇപ്പോള്‍തന്നെ ഡാര്‍വിനില്‍ എത്തിക്കഴിഞ്ഞു. 74 ബ്രിട്ടീഷ് പൗരന്‍മാര്‍ വെള്ളിയാഴ്ച നാട്ടിലേക്കു തിരിക്കും. അതേസമയം, ചൈനയില്‍ കൊറോണ ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാവുന്നതായാണു റിപോര്‍ട്ട്. 394 പുതിയ കേസുകള്‍ രേഖപ്പെടുത്തിയപ്പോള്‍ 114 മരണങ്ങള്‍ മാത്രമാണുണ്ടായത്.

Next Story

RELATED STORIES

Share it