World

സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും നാറ്റോ അംഗത്വം: വീറ്റോ ചെയ്യുമെന്ന ഭീഷണിയുമായി തുര്‍ക്കി

ഉക്രെയ്‌നെതിരായ റഷ്യയുടെ സൈനിക നടപടികളുടെ പശ്ചാത്തലത്തിലാണ് ഫിന്‍ലന്‍ഡും സ്വീഡനും യുഎസ് നേതൃത്വം നല്‍കുന്ന സൈനിക സഖ്യത്തില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.

സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും നാറ്റോ അംഗത്വം: വീറ്റോ ചെയ്യുമെന്ന ഭീഷണിയുമായി തുര്‍ക്കി
X

ആങ്കറ: നാറ്റോ അംഗത്വത്തിനായുള്ള സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും ശ്രമങ്ങള്‍ വീറ്റോ ചെയ്യുമെന്ന് ഭീഷണിയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കുര്‍ദ് വിഘടനവാദികള്‍ക്ക് അഭയം നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ഇരു രാജ്യങ്ങള്‍ക്കും നാറ്റോ അംഗത്വം നല്‍കുന്നതിനെ തുര്‍ക്കി എതിര്‍ക്കുന്നത്. തലസ്ഥാനമായ ആങ്കറയില്‍ അള്‍ജീരിയന്‍ പ്രസിഡന്റുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഉര്‍ദുഗാന്‍ ഇക്കാര്യം അറിയിച്ചത്. സ്വീഡനെയും ഫിന്‍ലന്‍ഡിനെയും എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഈ രണ്ട് രാജ്യങ്ങള്‍ക്കും തീവ്രവാദ സംഘടനകളോട് വ്യക്തവും തുറന്നതുമായ സമീപനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉക്രെയ്‌നെതിരായ റഷ്യയുടെ സൈനിക നടപടികളുടെ പശ്ചാത്തലത്തിലാണ് ഫിന്‍ലന്‍ഡും സ്വീഡനും യുഎസ് നേതൃത്വം നല്‍കുന്ന സൈനിക സഖ്യത്തില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.

അതേസമയം, 1984 മുതല്‍ തുര്‍ക്കി ഭരണകൂടവുമായി സായുധ പോരാട്ടം നടത്തിവരുന്ന കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ) അംഗങ്ങളെ കൈമാറാന്‍ വിസമ്മതിക്കുകയാണെങ്കില്‍ സഖ്യത്തിലേക്ക് പ്രവേശനം നല്‍കില്ലെന്ന നിലപാടിലാണ് നാറ്റോയിലെ രണ്ടാമത്തെ വലിയ സൈന്യമായ തുര്‍ക്കി.

നാറ്റോ പ്രവേശനത്തിന് സ്വീഡന്‍, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന പികെകെ അംഗങ്ങളെ കൈമാറണമെന്നാണ് തുര്‍ക്കി ആവശ്യപ്പെടുന്നത്.

സിവിലിയന്‍മാര്‍ക്കെതിരായ നിരവധി ആക്രമണങ്ങളുടെ ചരിത്രമുള്ള പികെകെയെ തുര്‍ക്കി, യുഎസ്, ഇയു എന്നിവയെല്ലാം തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. പികെകെയുമായി ബന്ധമുള്ള പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റുകളുടെ (വൈപിജി) സാന്നിധ്യത്തെച്ചൊല്ലി വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തിയ അധിനിവേശത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും 2019 മുതല്‍ തുര്‍ക്കിയുടെ മേല്‍ ആയുധ ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it