World

സ്വയം പ്രതിരോധത്തിനുള്ള അവകാശം: ഫലസ്തീനിലും യുക്രെയ്‌നിലും വ്യത്യാസപ്പെടുന്നത് എങ്ങനെ?

ആധുനിക ചരിത്രത്തിലെ ഏറ്റവും കഠിനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമ്പത്തിക ഉപരോധമുള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തിയാണ് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ സൈനിക നീക്കങ്ങളോട് പ്രതികരിച്ചത്.

സ്വയം പ്രതിരോധത്തിനുള്ള അവകാശം: ഫലസ്തീനിലും യുക്രെയ്‌നിലും വ്യത്യാസപ്പെടുന്നത് എങ്ങനെ?
X

സ്വന്തം പ്രതിനിധി

ബ്രസ്സല്‍സ്: പാശ്ചാത്യരാജ്യങ്ങളുടെ എതിര്‍പ്പുകളേയും മുന്നറിയിപ്പുകളെയും തൃണവല്‍ക്കരിച്ച് ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്‌നില്‍ സൈനികാധിവേശത്തിന് തുടക്കമിട്ടത്. മുന്‍ സോവിയറ്റ് റിപബ്ലിക്കിന്റെ ഭാഗമായിരുന്ന രാജ്യത്തെ ചൊല്‍പ്പടിയില്‍നിര്‍ത്തുക, തങ്ങളുടെ പാവ ഭരണകൂടത്തെ പ്രതിഷ്ഠിക്കുക എന്നീ ലക്ഷ്യങ്ങളോടെ യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ യുദ്ധം ഇപ്പോഴും തുടരുകയാണെന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍.

സൈനികാധിനിവേശം തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ റഷ്യന്‍ കടന്നുകയറ്റത്തെ അപലപിച്ച് ഏതാണ്ട് എല്ലാ പാശ്ചാത്യ, യൂറോപ്യന്‍ ശക്തികളും മുന്നോട്ട് വന്നു. ആധുനിക ചരിത്രത്തിലെ ഏറ്റവും കഠിനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമ്പത്തിക ഉപരോധമുള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തിയാണ് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ സൈനിക നീക്കങ്ങളോട് പ്രതികരിച്ചത്.മാത്രമല്ല, യുക്രേനിയന്‍ സൈന്യത്തെ പിന്തുണയ്ക്കാന്‍ സൈനിക ഉപകരണങ്ങളും ആയുധങ്ങളും യൂറോപ്യന്‍ യൂനിയന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഒരുപടി കൂടി കടന്ന്, റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ തന്റെ സേനയ്‌ക്കൊപ്പം പോരാടാന്‍ തയ്യാറുള്ള എല്ലാ സന്നദ്ധപ്രവര്‍ത്തകരേയും യുക്രെയ്‌നിലേക്ക് സ്വാഗതം ചെയ്തുള്ള പ്രസിഡന്റ് വോളൊഡിമര്‍ സെലന്‍സ്‌കിയുടെ നിലപാടിനെ ബ്രിട്ടന്‍ കണ്ണുമടച്ച് പിന്തുണയ്ക്കുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ ഖണ്ഡിക 4- ആര്‍ട്ടിക്കിള്‍ 2 പ്രകാരം മറ്റ് രാജ്യങ്ങളുടെ പ്രാദേശിക സമഗ്രതയ്ക്കും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായ ഭീഷണിയും സൈനിക ബലപ്രയോഗവും നിരോധിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം.

സൈനിക ശക്തി ഉപയോഗിക്കാന്‍ രാജ്യങ്ങളെ അനുവദിക്കുന്ന ഒരേയൊരു അപവാദം യുഎന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 51 ആണ്. അത് പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്. യുഎന്നിലെ ഒരംഗത്തിനെതിരേ സായുധ ആക്രമണം ഉണ്ടായാല്‍, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ യുഎന്‍ രക്ഷാ സമിതി കൈകൊള്ളുന്നത് വരെ ഈ ചാര്‍ട്ടറിലെ ഒന്നും വ്യക്തിപരമോ കൂട്ടായതോ ആയ സ്വയം പ്രതിരോധത്തിന്റെ അന്തര്‍ലീനമായ അവകാശത്തെ ഹനിക്കുന്നില്ല.

യുക്രെയ്‌നെതിരായ റഷ്യയുടെ ആക്രമണം സംഘടിതവും പ്രഖ്യാപിതവുമായ അധിനിവേശമാണ്, റഷ്യയാണ് ആക്രമണം ആരംഭിച്ചത് എന്നതിനാല്‍ അത് നിയമാനുസൃതമായ സ്വയം പ്രതിരോധത്തിന്റെ പരിധിയില്‍ വരുന്നതല്ല, അതിന്റെ പെരുമാറ്റം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണ്.

ഭരണകൂടത്തിന്റെ പരമാധികാര തത്വം, അവരുടെ പ്രദേശങ്ങളുടെ സ്വാതന്ത്ര്യം, ബലപ്രയോഗത്തിന്റെ നിരോധനം എന്നിവ പരമ്പരാഗത നിയമങ്ങളാണ്. എന്നാല്‍, ഫലസ്തീനെ സംബന്ധിച്ചും ഫലസ്തീനികളെ സംബന്ധിച്ചും ഈ നിയമങ്ങളൊക്കെയും വെറും കെട്ടുകാഴ്ചകള്‍ മാത്രമാണ്.

ഫലസ്തീനിനെ സംബന്ധിച്ച്, അന്താരാഷ്ട്ര നിയമത്തിന്റെ വസ്തുതകള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി വിഷയം നോക്കുകയാണെങ്കില്‍ 1967 ലെ ആറ് ദിവസത്തെ യുദ്ധത്തിന് ശേഷം ഇസ്രായേല്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ അന്താരാഷ്ട്ര നിയമമനുസരിച്ച് അധിനിവേശ ഭൂമിയായിട്ടാണ് അംഗീകരിക്കപ്പെടുന്നത്. ഈ കാര്യം യുഎന്‍ ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. സുരക്ഷാ സമിതിയുടെ നിരവധി പ്രമേയങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.

എന്നാല്‍, കിഴക്കന്‍ ജറുസലേമിലോ വെസ്റ്റ് ബാങ്കിലോ ഗസ മുനമ്പിലോ ഫലസ്തീനികളെയും അവരുടെ സ്വത്തുക്കളേയും ആക്രമിക്കുകയും അവരുടെ ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന ഇസ്രായേലിന് ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ച് സ്വയം പ്രതിരോധിക്കാനുള്ള അവകാശം നല്‍കിയാണ് പാശ്ചാത്യ രാജ്യങ്ങള്‍ ഈ ഇരട്ടത്താപ്പ് തുടരുന്നത്.

എന്തുകൊണ്ടാണ് പാശ്ചാത്യര്‍ക്ക് ഇരട്ടത്താപ്പ് നയം?

ഒരു പാശ്ചാത്യ ഭരണകൂടത്തിന്റെ കാര്യം വരുമ്പോള്‍, അവര്‍ അവരുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശം അംഗീകരിക്കുന്നു. അവര്‍ അക്കാര്യത്തില്‍ മുന്നോട്ട് പോവുമെന്ന് തങ്ങള്‍ക്ക് യാതൊരു സംശയവുമില്ല.

യുദ്ധം ചെയ്യാന്‍ കഴിയുന്ന എല്ലാവരേയും യുക്രേനിയന്‍ സേനയ്‌ക്കൊപ്പം പോരാടാന്‍ അവര്‍ യുക്രെയ്‌നിലേക്ക് ക്ഷണിക്കുന്നു. പക്ഷേ ഫലസ്തീന്റെ കാര്യം വരുമ്പോള്‍ അവ അതിര്‍ത്തി കടന്നുള്ള ഭീകരതയായാണ് കാണുന്നത്. ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ വാക്കാലുള്ളതോ ധാര്‍മ്മികമായോ ഭൗതികമായോ പിന്തുണയ്ക്കുന്നത് പോലും ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരു കുറ്റകൃത്യമായി മാറിയിരിക്കുന്നു. നിയമാനുസൃതമായ സ്വയരക്ഷയുടെ വെളിച്ചത്തില്‍ അധിനിവേശത്തിനെതിരേ നിലകൊള്ളുന്ന ഒരു രാഷ്ട്രത്തിനുള്ള പിന്തുണയായി അതിനെ കാണുന്നില്ല. ഷെയ്ഖ് ജര്‍റായിലെ സംഭവങ്ങള്‍ക്കും തുടര്‍ന്നുള്ള ഗസ മുനമ്പിലെ ഇസ്രായേല്‍ ആക്രമണത്തിനും ശേഷം, ബ്രിട്ടീഷ് സര്‍ക്കാരും ഓസ്‌ട്രേലിയയും ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി, സ്വയം പ്രതിരോധിക്കാനുള്ള ഫലസ്തീനികളുടെ അവകാശം വ്യക്തമായി നിഷേധിക്കുകയാണ് ചെയ്തത്.

അന്താരാഷ്ട്ര നിയമം എല്ലാ രാജ്യങ്ങളെയും അവരുടെ രാഷ്ട്രീയ, ഭൂമിശാസ്ത്ര, സാമ്പത്തിക, ജനസംഖ്യ എന്നിവ പരിഗണിക്കാതെ തുല്യമായി പരിഗണിക്കുന്നു. ഫലസ്തീന്‍, ഒരു രാഷ്ട്രമെന്ന നിലയില്‍ സ്വാതന്ത്ര്യം നേടിയിട്ടില്ലെങ്കിലും അത് ഇപ്പോഴും ഇസ്രായേല്‍ അധിനിവേശത്തിന്‍ കീഴിലാണെങ്കിലും, 1933ലെ മോണ്ടെവീഡിയോ കണ്‍വെന്‍ഷന്‍ അനുശാസിക്കുന്ന 1) സ്ഥിരമായ ജനസംഖ്യ (2) ഒരു നിര്‍വചിക്കപ്പെട്ട പ്രദേശം (3) ഗവണ്‍മെന്റ് (4) മറ്റു രാജ്യങ്ങളുമായി ബന്ധപ്പെടാനുള്ള ശേഷി എന്നിങ്ങനെ ഒരു രാജ്യമെന്ന നിലയിലുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്.

ഈ മാനദണ്ഡങ്ങളൊക്കെ പാലിക്കുന്നതോടൊപ്പം യുനെസ്‌കോ, ഇന്റര്‍പോള്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതി തുടങ്ങിയ നിരവധി അന്താരാഷ്ട്ര സംഘടനകളിലും സ്ഥാപനങ്ങളിലും അംഗത്വത്തിന് പുറമെ യുഎന്നില്‍ ഒരു നിരീക്ഷക അംഗം എന്ന പദവിയും ഫലസ്തീനിനുണ്ട്ച.

അതിനാല്‍, അന്താരാഷ്ട്ര നിയമത്തിന്റെ സന്തുലിതാവസ്ഥയില്‍ ഫലസ്തീനെ യുക്രെയ്‌നിന് തുല്യമായി കാണുകയും, റഷ്യന്‍ അധിനിവേശത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം യുക്രേനിയക്കാര്‍ക്ക് അന്താരാഷ്ട്ര നിയമം ഉറപ്പുനല്‍കുന്നതുപോലെ, ഇസ്രായേല്‍ അധിനിവേശത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഫലസ്തീനികളുടെ അവകാശം ഉറപ്പാക്കുകയും വേണം.

അതോടൊപ്പം ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കുകയും ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ ഭീകരത എന്ന് മുദ്രകുത്തുന്നത് നിര്‍ത്തുകയും വേണം.

Next Story

RELATED STORIES

Share it