World

മാല്‍കം എക്‌സിന്റെ കൊലയില്‍ അമേരിക്കന്‍ ഭരണകൂടത്തിനെതിരേ വിമര്‍ശനം; പിന്നാലെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി

മാല്‍കം എക്‌സിന്റെ കൊലയില്‍ അമേരിക്കന്‍ ഭരണകൂടത്തിനെതിരേ വിമര്‍ശനം; പിന്നാലെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി
X

ന്യൂയോര്‍ക്ക്: കറുത്ത വര്‍ഗക്കാരുടെ അവകാശപ്പോരാളിയായിരുന്ന മാല്‍കം എക്‌സിന്റെ കൊലപാതകത്തിന് പിന്നില്‍ അമേരിക്കന്‍ ഭരണകൂടവും എഫ്ബിഐയുമാണെന്ന് ആരോപണമുന്നയിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. 56 കാരിയായ മലൈക ഷാബാസിനെയാണ് ബ്രൂക് ലിനിലുള്ള മകളുടെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാല്‍കം എക്‌സ് കൊലക്കേസില്‍ പതിറ്റാണ്ടുകളോളം ജയിലില്‍ കഴിഞ്ഞ രണ്ട് പ്രതികള്‍ നിരപരാധികളാണെന്ന് മാന്‍ഹാട്ടന്‍ ജില്ലാകോടതി വിധിയെഴുതിയതിന്റെ മൂന്നാമത്തെ ദിവസമാണ് മലൈകയുടെ മരണമുണ്ടായിരിക്കുന്നത്.

കോടതി വിധിക്കുശേഷമാണ് മലൈകയും സഹോദരങ്ങളും അമേരിക്കന്‍ ഭരണകൂടത്തെയും എഫ്ബിഐയെയും പ്രതിക്കൂട്ടിലാക്കിയത്. അതേസമയം, മലൈകയുടേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക പരിശോധനകളില്‍ തെളിഞ്ഞതെന്ന് പോലിസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയശേഷം ഇക്കാര്യം ഉറപ്പുവരുത്തുമെന്നും പോലിസ് അധികൃതര്‍ പറഞ്ഞു. മാല്‍കം എക്‌സിന്റെ ഏറ്റവും ഇളയ മകളാണ് മലൈക. മാലിക് ഇരട്ടസഹോദരിയാണ്. മകളുടെ വീട്ടിലായിരുന്നു മലൈക താമസിച്ചിരുന്നത്.

മകളാണ് അവരെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലിസിന്റെ വിശദീകരണം. മാല്‍കം എക്‌സ് കൊലക്കേസില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നും കേസ് റീ ഓപണ്‍ ചെയ്യണമെന്നുമാവശ്യപ്പെട്ട് മലൈക അടക്കം കുടുംബം നല്‍കിയ പരാതിയില്‍ രണ്ടുവര്‍ഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിധിയുണ്ടായത്. എഫ്ബിഐയും ന്യൂയോര്‍ക്ക് പോലിസും കേസില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചതായി മാന്‍ഹാട്ടന്‍ കോടതി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു.

1960കളില്‍ അമേരിക്കയില്‍ നടന്ന കറുത്ത വര്‍ഗക്കാരുടെ പോരാട്ടത്തിന്റെ മുന്‍നിര പോരാളിയായിരുന്നു മാല്‍കം എക്‌സ്. 1965 ഫെബ്രുവരി 21ന് വാഷിങ്ടണില്‍ ആഫ്രോ അമേരിക്കന്‍ സമ്മേളനത്തില്‍ സംസാരിച്ചുകൊണ്ടിരിക്കവെയാണ് അദ്ദേഹം വെടിയേറ്റ് മരിക്കുന്നത്. അന്ന് പരിപാടിയിലുണ്ടായിരുന്ന ഭാര്യയുടെ കണ്‍മുന്നിലാണ് മാല്‍കം പിടഞ്ഞുവീണത്. മരണപ്പെടുമ്പോള്‍ മാല്‍കം എക്‌സിന് 39 വയസ്സായിരുന്നു പ്രായം.

Next Story

RELATED STORIES

Share it