World

അല്‍ശിഫക്ക് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം; 30000ത്തോളം പേര്‍ കുടുങ്ങി

അല്‍ശിഫക്ക് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം; 30000ത്തോളം പേര്‍ കുടുങ്ങി
X

ഗസ: ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫയ്ക്ക് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം. നിരവധിപേരുടെ ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുപ്പതിനായിരത്തോളം പേര്‍ സമുച്ചയത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ സാധാരണകാരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ട്.ഹമാസിന്റെ അടിസ്ഥാന സൈനിക സൗകര്യങ്ങള്‍ തകര്‍ത്തെന്ന് അവകാശപ്പെട്ട് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വടക്കന്‍ ഗസയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച ഇസ്രായേല്‍, അല്‍ശിഫക്കുള്ളില്‍ ഹമാസ് വീണ്ടും സംഘടിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് റെയ്ഡ് നടത്തിയത്.

ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച റെയ്ഡില്‍ തുടരെയുള്ള വെടിയുതര്‍ക്കല്‍ കാരണം രക്തസാക്ഷികളുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ബോബാക്രമണത്തെ തുടര്‍ന്ന് ആശുപത്രിയുടെ ശസ്ത്രക്രിയ കെട്ടിടത്തിന് തീപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഫലസ്തീന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഇമാദ് സഖൗത്തും ദൃക്സാക്ഷികളും പറയുന്നത്, അല്‍ ജസീറ അറബിക് റിപ്പോര്‍ട്ടര്‍ ഇസ്മഈല്‍ അല്‍-ഗൗല്‍ അടക്കം 80 പേരെ പിടിച്ചുകൊണ്ടുപോയെന്നും മര്‍ദിച്ച് അവശരാക്കിയ ശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നുമാണ്. യുദ്ധം ആരംഭിച്ചതിനുശേഷം 155 ആരോഗ്യ കേന്ദ്രങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നാണ് യു.എന്‍ കണക്കുകള്‍ പറയുന്നത്.

ജനസംഖ്യയുടെ 70 ശതമാനവും വലിയ പട്ടിണി നേരിടുന്നതിനാല്‍ കടുത്ത ക്ഷാമമാണെന്ന് ചൂണ്ടിക്കാട്ടി യു. എന്‍ രംഗത്തെത്തി. ഇസ്രായേല്‍ വ്യോമാക്രമണത്തിനിടെ 19 എയ്ഡ് ട്രക്കുകള്‍ സുരക്ഷിതമായി ജബലിയയില്‍ എത്തിച്ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ റഫയില്‍ കരയാക്രമണവുമായി മുന്നോട്ടു പോകുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ മുന്നറിയിപ്പിന് മറുപടി നല്‍കിയത്.





Next Story

RELATED STORIES

Share it