Latest News

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; 11 ഇടങ്ങളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; 11 ഇടങ്ങളില്‍ യെല്ലോ അലേര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) വികിരണത്തിന്റെ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ 11 സ്ഥലങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇന്‍ഡക്‌സ് കണക്കുകള്‍ പ്രകാരം കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മൂന്നാര്‍, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അള്‍ട്രാവയലറ്റ് സൂചിക ആറു മുതല്‍ ഏഴു വരെ ആയാല്‍ യെല്ലോ അലേര്‍ട്ട്, എട്ടു മുതല്‍ പത്തു വരെ ആയാല്‍ ഓറഞ്ച് അലേര്‍ട്ട്, 11നും മുകളിലായാല്‍ റെഡ് അലേര്‍ട്ട് എന്നിങ്ങനെയാണ് മുന്നറിയിപ്പ് തലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.

മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍:

പകല്‍ 10 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയത്താണ് ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്നവര്‍, ജലഗതാഗത മേഖലയിലുള്ളവര്‍, ഇരുചക്രവാഹന യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മനേത്ര രോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.

പുറത്തേക്ക് പോകുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവന്‍ മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉചിതമാണ്.

ദൈര്‍ഘ്യമേറിയ യാത്രകളില്‍ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കുക.

മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖല പ്രദേശങ്ങളിലും യുവി സൂചിക സാധാരണയായി ഉയര്‍ന്നതായിരിക്കും. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

Next Story

RELATED STORIES

Share it