World

'വിദ്വേഷം പ്രചരിപ്പിച്ച് ലാഭമുണ്ടാക്കുന്നു'; ഫെയ്‌സ്ബുക്കില്‍നിന്ന് രാജിവച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍

അമേരിക്കയിലും ആഗോളതലത്തിലും വിദ്വേഷം പ്രചരിപ്പിച്ച് ലാഭമുണ്ടാക്കുന്ന ഫെയ്സ്ബുക്കിന് വേണ്ടി ജോലിചെയ്യാന്‍ ഇനി കഴിയില്ലെന്ന് അശോക് കമ്പനിയെ അറിയിച്ചു. ഫെയ്സ്ബുക്ക് ഒരു സ്ഥാപനമെന്ന നിലയ്ക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ടെന്നും സാമൂഹിക നന്‍മയിലൂടെയാണ് ലാഭമുണ്ടാക്കുന്നതെന്നും തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, അടുത്തിടെയുണ്ടായ പലവിദ്വേഷപ്രചരണങ്ങളെ തടുക്കുന്നതില്‍ ഫെയ്സ്ബുക്കിന് വീഴ്ച സംഭവിച്ചു.

വിദ്വേഷം പ്രചരിപ്പിച്ച് ലാഭമുണ്ടാക്കുന്നു; ഫെയ്‌സ്ബുക്കില്‍നിന്ന് രാജിവച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍
X

കാലഫോര്‍ണിയ: വിദ്വേഷപ്രചാരണത്തിന് പ്രോല്‍സാഹനം നല്‍കുന്നത് അടക്കം ഫെയ്‌സ്ബുക്ക് പുലര്‍ത്തിപ്പോരുന്ന നിലപാടുകളില്‍ പ്രതിഷേധിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ രാജി പ്രഖ്യാപിച്ചു. അടുത്തിടെയുണ്ടായ പലവിദ്വേഷപ്രചരണങ്ങളെ തടുക്കുന്നതില്‍ ഫെയ്സ്ബുക്കിന് വീഴ്ച സംഭവിച്ചെന്നാരോപിച്ച് അശോക് ചാന്ദ് വാനേ എന്ന എന്‍ജിനീയറാണ് ജോലി ഉപേക്ഷിച്ചത്. കമ്പനിയുമായി അഞ്ചരവര്‍ഷത്തിന് ശേഷമുള്ള അവസാനദിവസമാണിതെന്ന് ചാന്ദ്വാനി ചൊവ്വാഴ്ച ഫെയ്സ്ബുക്കിന്റെ ഇന്റേണല്‍ എംപ്ലോയ്സ് നെറ്റ്വര്‍ക്കില്‍ പ്രസിദ്ധീകരിച്ച രാജിക്കത്തില്‍ വ്യക്തമാക്കി.

അമേരിക്കയിലും ആഗോളതലത്തിലും വിദ്വേഷം പ്രചരിപ്പിച്ച് ലാഭമുണ്ടാക്കുന്ന ഫെയ്സ്ബുക്കിന് വേണ്ടി ജോലിചെയ്യാന്‍ ഇനി കഴിയില്ലെന്ന് അശോക് കമ്പനിയെ അറിയിച്ചു. ഫെയ്സ്ബുക്ക് ഒരു സ്ഥാപനമെന്ന നിലയ്ക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ടെന്നും സാമൂഹിക നന്‍മയിലൂടെയാണ് ലാഭമുണ്ടാക്കുന്നതെന്നും തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, അടുത്തിടെയുണ്ടായ പലവിദ്വേഷപ്രചരണങ്ങളെ തടുക്കുന്നതില്‍ ഫെയ്സ്ബുക്കിന് വീഴ്ച സംഭവിച്ചു. വിദ്വേഷപ്രചാരണങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ ഫെയ്‌സ്ബുക്ക് അഞ്ച് പ്രധാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെട്ടു.

ധൈര്യമായിരിക്കുക, സ്വാധീനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, വേഗത്തില്‍ നീക്കുക, തുറന്നിരിക്കുക, സാമൂഹിക മൂല്യം വളര്‍ത്തുക തുടങ്ങിയവയാണ് ഫെയ്‌സ്ബുക്ക് ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങള്‍. വംശീയത, ആക്രമണം നടത്താനുള്ള ആഹ്വാനങ്ങള്‍ എന്നിവയെ ചെറുക്കാന്‍ ഫെയ്സ്ബുക്കിന് സാധിച്ചില്ല. മ്യാന്‍മറിലെ വംശഹത്യ, കെനോഷയിലെ ആക്രമണങ്ങള്‍, വംശീയവാദങ്ങള്‍ തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കുന്നതില്‍ ഫെയ്സ്ബുക്കിന് പങ്കുണ്ട്. മ്യാന്‍മറിലെ വംശഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിന് കമ്പനി തടസ്സം സൃഷ്ടിച്ചു.

കെനോഷയില്‍ അക്രമം പ്രേരിപ്പിക്കുന്നതില്‍ പങ്കാളിയായി. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തിയ വിദ്വേഷപരാമര്‍ശങ്ങള്‍ക്കെതിരേ യാതൊരു നടപടി സ്വീകരിക്കാനും ഫെയ്സ്ബുക്ക് തയ്യാറായില്ലെന്നും അശോക് പറയുന്നു. ട്രംപിന്റെ 'കൊള്ള ആരംഭിക്കുമ്പോള്‍ വെടിവയ്പ്പ് ആരംഭിക്കുന്നു' എന്ന പോസ്റ്റിനെ ഉദ്ധരിച്ചായിരുന്നു അശോകിന്റെ വിമര്‍ശനം. കമ്പനിയുടെ പൗരാവകാശ ഓഡിറ്റ് ഒരു പിആര്‍ സ്റ്റണ്ട് മാത്രമാണ്. രണ്ടുവര്‍ഷം നീണ്ടുനിന്ന ഫെയ്‌സ്ബുക്ക് ഓഡിറ്റിന്റെ ഫലങ്ങള്‍ ജൂലൈയിലാണ് പുറത്തിറക്കിയത്.

പൗരാവകാശങ്ങള്‍ക്ക് ഗുരുതരമായ തിരിച്ചടിയുണ്ടാവുന്ന തീരുമാനങ്ങളാണ് കമ്പനിയെടുത്തത്. സാമൂഹിക മൂല്യം എന്നതിനേക്കാള്‍ ബിസിനസ് മൂല്യം കെട്ടിപ്പടുക്കുന്നതിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അശോക് കത്തില്‍ കുറ്റപ്പെടുത്തി. ഫെയ്സ്ബുക്കിന് വീഴ്ച സംഭവിച്ച നിരവധി നിലപാടുകള്‍ അദ്ദേഹം രാജിക്കത്തില്‍ ഉയര്‍ത്തിക്കാട്ടുന്നു. അതേസമയം, അശോക് ഉന്നയിച്ചതുപോലെ വിദ്വേഷപ്രചരണങ്ങളില്‍നിന്ന് ഫെയ്സ്ബുക്ക് സാമ്പത്തിക ലാഭം നേടുന്നില്ലെന്ന് ഫെയ്സ്ബുക്ക് വക്താവ് ലിസ് ബര്‍ഗിയോസ് പറഞ്ഞു.

കോടിക്കണക്കിന് രൂപയാണ് ഫെയ്സ്ബുക്ക് ഓരോ വര്‍ഷവും നയരൂപീകരണത്തിന് വേണ്ടി ചെലവഴിക്കുന്നത്. വിദ്വേഷപ്രചരണത്തെ ഫെയ്സ്ബുക്ക് പിന്തുണയ്ക്കുന്നില്ലെന്നും അശോകിന്റെ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും ലിസ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it