Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സ്മാര്‍ട്ട്‌ഫോണ്‍ വിതരണ ശൃംഖലക്ക് തിരിച്ചടി, വിലവര്‍ധനയ്ക്ക് സാധ്യത

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സ്മാര്‍ട്ട്‌ഫോണ്‍ വിതരണ ശൃംഖലക്ക് തിരിച്ചടി, വിലവര്‍ധനയ്ക്ക് സാധ്യത
X

മുംബൈ: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തെയും ബാധിക്കുന്നതായി റിപോര്‍ട്ട്. റാം, സ്‌റ്റോറേജ് ചിപ്പുകളുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പുതിയ സംഘര്‍ഷം വിതരണ ശൃംഖലയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയ ഉടന്‍ വിപണിയിലെത്തിക്കേണ്ടതിനാല്‍ കടല്‍മാര്‍ഗത്തെക്കാള്‍ ചെലവ് കൂടുതലാണെങ്കിലും സമയലാഭം കണക്കിലെടുത്ത് നിര്‍മാതാക്കള്‍ പ്രധാനമായും ആശ്രയിക്കുന്നത് വ്യോമഗതാഗതമാണ്. ചൈനയിലും ഇന്ത്യയിലും അസംബിള്‍ ചെയ്യുന്ന ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണുകളും പശ്ചിമേഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നീ വീപണികളിലേക്ക വിമാനമാര്‍ദമാണ് എത്തിക്കുന്നത്.

ദുബയ് അന്താരാഷ്ട്ര വിമാനത്താവളവും ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും ആഗോള ചരക്ക് കൈമാറ്റത്തിലെ പ്രധാന കേന്ദ്രങ്ങളാണ്. യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും അമേരിക്കയുടെ കിഴക്കന്‍ തീരദേശത്തേക്കും പോകുന്ന ചരക്കുകള്‍ ഇവിടെ കേന്ദ്രീകരിച്ച് വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഈ വിമാനത്താവളങ്ങള്‍ ഒരുക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടര്‍ന്നാല്‍ ലോജിസ്റ്റിക് ചെലവ് വര്‍ധിക്കാനിടയുണ്ട്. ഇതോടെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടിവരും. ഇതിന്റെ ഭാഗമായി യൂറോപ്പിലേക്കുള്ള ചരക്ക് നീക്കത്തിനായി താഷ്‌കന്റ് പോലുള്ള മധ്യേഷ്യന്‍ വിതരണകേന്ദ്രങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

അമേരിക്കയുടെ കിഴക്കന്‍ തീരദേശ വിപണികളിലേക്കുള്ള ചരക്കുകള്‍ കിഴക്കന്‍ ഏഷ്യയിലൂടെയോ വടക്കേ അമേരിക്കയിലൂടെയോ തിരിച്ചുവിടാനും സാധ്യതയുണ്ട്. ആഫ്രിക്കന്‍ വിപണികളിലേക്കുള്ള വിതരണത്തിന് അഡിസ് അബാബ, ഈജിപ്ത് തുടങ്ങിയ കേന്ദ്രങ്ങള്‍ ബദല്‍ മാര്‍ഗങ്ങളായി ഉപയോഗിക്കപ്പെടാന്‍ ഇടയുണ്ട്. വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടിവരുന്നത് യാത്രാസമയം വര്‍ധിപ്പിക്കുകയും ഏകദേശം 22.9 ലക്ഷം രൂപ വരെ അധിക ഇന്ധനച്ചെലവിന് കാരണമാവുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

ഇതിനിടെ പ്രമുഖ ബ്രാന്‍ഡുകളായ ആപ്പിളും സാംസങ്ങും അവരുടെ 256 ജിബി ബേസ് മോഡല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വിലയില്‍ മാറ്റം വരുത്തിയതായി റിപോര്‍ട്ടുകളുണ്ട്. വിപണിയില്‍ ശക്തമായ സ്വാധീനം ഉള്ളതിനാല്‍ വമ്പന്‍ ബ്രാന്‍ഡുകള്‍ക്ക് ഉപഭോക്തൃവിശ്വാസം നിലനിര്‍ത്താന്‍ സാധിക്കുമെങ്കിലും ഇടത്തരം സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഈ വര്‍ഷം കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. സെമികണ്ടക്ടര്‍ കമ്പനികള്‍ റാം, സ്‌റ്റോറേജ് ചിപ്പുകളുടെ വിതരണത്തില്‍ നിര്‍മിത ബുദ്ധി ഡാറ്റാ സെന്ററുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതും സ്മാര്‍ട്ട്‌ഫോണ്‍ മേഖലയെ ബാധിക്കുന്ന ഘടകമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 2027 വരെയും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ വിതരണ തടസ്സങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

Next Story

RELATED STORIES

Share it