World

കൊറോണ: കുവൈത്തില്‍ താമസനിയമലംഘകര്‍ക്കെതിരായ സുരക്ഷാപരിശോധന അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു

രാജ്യത്തെ 6 ഗവര്‍ണറേറ്റുകളിലുമുള്ള സുരക്ഷാവിഭാഗം മേധാവികള്‍ക്ക് വാക്കാല്‍ നിര്‍ദേശം ലഭിച്ചതായി മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപോര്‍ട്ട് ചെയ്തു.

കൊറോണ: കുവൈത്തില്‍ താമസനിയമലംഘകര്‍ക്കെതിരായ സുരക്ഷാപരിശോധന അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസനിയമലംഘകര്‍ക്കെതിരെയുള്ള സുരക്ഷാപരിശോധന അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു. രാജ്യത്ത് കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് വിവിധരാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തിലാണു നടപടി. രാജ്യത്തെ 6 ഗവര്‍ണറേറ്റുകളിലുമുള്ള സുരക്ഷാവിഭാഗം മേധാവികള്‍ക്ക് വാക്കാല്‍ നിര്‍ദേശം ലഭിച്ചതായി മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപോര്‍ട്ട് ചെയ്തു.

വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തിവച്ചതോടെ താമസനിയമലംഘകരെ പാര്‍പ്പിക്കുന്നതിനു ജയിലുകളില്‍ സ്ഥലപരിമിതി നേരിടുന്നു. മാത്രവുമല്ല, പിടിയിലാവുന്നവരെ 48 മണിക്കൂറിലധികം സമയം പോലിസ് സ്റ്റേഷനുകളിലെ ലോക്കപ്പില്‍ താമസിപ്പിക്കുന്നതിനു നിയമപരമായ തടസ്സങ്ങളുമുണ്ട്. തടവുകാരുടെ ബാഹുല്യം മൂലമുണ്ടായേക്കാവുന്ന പകര്‍ച്ചവ്യാധികളുടെ വ്യാപനവും അധികൃതര്‍ ഭയക്കുന്നു. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണു താമസനിയമലംഘകര്‍ക്കെതിരേയുള്ള പരിശോധന നിര്‍ത്തിവയ്ക്കാന്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ രാജ്യത്ത് 1.24 ലക്ഷത്തോളം താമസനിയമലംഘകര്‍ കഴിയുന്നതായാണു കണക്ക്. ഇവരെ പിടികൂടി നാടുകടത്തുന്നതിനുവേണ്ടി ആഭ്യന്തരമന്ത്രാലയം പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു. ഇതിനു പുറമേ അബ്ബാസിയ ശുചീകരണദൗത്യം എന്ന പേരില്‍ ആരംഭിച്ച പ്രചാരണപ്രവര്‍ത്തനങ്ങള്‍ താമസനിയമലംഘകരെ പിടികൂടുന്നത് ലക്ഷ്യമിട്ടുകൂടിയായാണു നടത്തിവന്നിരുന്നത്.

Next Story

RELATED STORIES

Share it