Latest News

അള്‍ട്രാവയലറ്റ് വികിരണം; സംസ്ഥാനത്ത് എട്ടിടത്ത് യെല്ലോ അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണം; സംസ്ഥാനത്ത് എട്ടിടത്ത് യെല്ലോ അലേര്‍ട്ട്
X

തിരുവനന്തപുരം: അള്‍ട്രാവയലറ്റ് (യുവി) വികിരണതോത് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇന്‍ഡക്‌സ് കണക്കുകള്‍ പ്രകാരം കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ആലപ്പുഴയിലെ ചെങ്ങന്നൂര്‍, കോട്ടയത്തിലെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാര്‍, തൃശൂരിലെ ഒല്ലൂര്‍, പാലക്കാട്ടെ തൃത്താല, മലപ്പുറത്തെ പൊന്നാനി, വയനാട്ടിലെ മാനന്തവാടി എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തുടര്‍ച്ചയായി ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഉള്‍പ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

പകല്‍ 10 മുതല്‍ വൈകിട്ട് 3 വരെയാണ് ഉയര്‍ന്ന യുവി സൂചിക സാധാരണയായി രേഖപ്പെടുത്തുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശത്തില്‍ കൂടുതല്‍ നേരം ചെലവഴിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടല്‍ ഉള്‍നാടന്‍ മല്‍സ്യബന്ധന തൊഴിലാളികള്‍, ജലഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗം അല്ലെങ്കില്‍ നേത്രരോഗം ബാധിതര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.

പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവന്‍ മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും ഉചിതമാണ്. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രദ്ധിക്കണം.

മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും സാധാരണയായി യുവി സൂചിക ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ അവിടങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it