Cricket

ട്വന്റി-20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വി; സഞ്ജുവിനായി ആരാധകര്‍, തിലകിനും അഭിഷേകിനുമെതിരേ രോഷം

ട്വന്റി-20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വി; സഞ്ജുവിനായി ആരാധകര്‍, തിലകിനും അഭിഷേകിനുമെതിരേ രോഷം
X

അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ ദയനീയ തോല്‍വിക്ക് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ്് ഇലവനിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്ത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ 'Bring Back Sanju Samosn' എന്ന ഹാഷ്ടാഗ് വൈറലാവുകയാണ്. അഭിഷേക് ശര്‍മയും തിലക് വര്‍മയും ഇഷാന്‍ കിഷനും അടക്കമുള്ള ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 188 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കം മുതല്‍ തന്നെ പിഴച്ചിരുന്നു. 15 ഓവര്‍ പിന്നിടുമ്പോള്‍ 88 റണ്‍സിന് 8 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. ടോപ്പ് ഓര്‍ഡറിലെ ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ എന്നിവര്‍ക്ക് ആകെ നേടാനായത് വെറും 16 റണ്‍സ് മാത്രമാണ്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ തന്നെ 31 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ. തുടര്‍ച്ചയായ മൂന്ന് ഡക്കുകള്‍ക്കുശേഷം അഭിഷേക് ശര്‍മ്മ 15 റണ്‍സ് നേടി പുറത്തായപ്പോള്‍, ഇഷാന്‍ കിഷന്‍ (0), തിലക് വര്‍മ്മ (1) എന്നിവര്‍ വന്ന വേഗത്തില്‍ തന്നെ മടങ്ങി.

ഈ സാഹചര്യത്തിലാണ് ടീം മാനേജ്മെന്റിന്റെ സെലക്ഷന്‍ തീരുമാനങ്ങളെ ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്തെത്തിയത്. നിര്‍ണായക മത്സരങ്ങളില്‍ പതറുന്ന ടോപ്പ് ഓര്‍ഡറിന് പകരം സഞ്ജുവിനെപ്പോലെ അനുഭവസമ്പത്തുള്ള താരങ്ങളെ ഉള്‍പ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. വരാനിരിക്കുന്ന സിംബാബ്വെക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ നിര്‍ണ്ണായക സൂപ്പര്‍ 8 മത്സരങ്ങളില്‍ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് മാനേജ്മെന്റ് ഗൗരവമായി ആലോചിക്കണമെന്നും ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നു.

നിലവില്‍ സൂപ്പര്‍ 8 ഘട്ടത്തില്‍ ഒരു തോല്‍വി കൂടി വഴങ്ങിയാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ കൂടുതല്‍ അപകടത്തിലാകും. ഈ സാഹചര്യത്തില്‍ വരും മത്സരങ്ങളില്‍ ടീമില്‍ അഴിച്ചുപണികള്‍ ഉണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.



Next Story

RELATED STORIES

Share it