Latest News

യുഎസ് സുപ്രിംകോടതി വിധിക്ക് പിന്നാലെ ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാര്‍ മാറ്റിവച്ചു

യുഎസ് സുപ്രിംകോടതി വിധിക്ക് പിന്നാലെ ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാര്‍ മാറ്റിവച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇന്ന് ആരംഭിക്കേണ്ടിയിരുന്ന ഇടക്കാല വ്യാപാരക്കരാര്‍ ചര്‍ച്ച മാറ്റിവച്ചതോടെ കരാറിന്റെ ഭാവിയെച്ചൊല്ലിയ അനിശ്ചിതത്വം ശക്തമായി. വാഷിങ്ടണില്‍ മൂന്നു ദിവസത്തേക്ക് നടത്താനിരുന്ന ചീഫ് നെഗോഷ്യേറ്റര്‍മാരുടെ ചര്‍ച്ചയാണ് അവസാന നിമിഷം മാറ്റിവെച്ചത്. ഫെബ്രുവരി 23, 24, 25തിയ്യതികളിലായി ചര്‍ച്ചകള്‍ നടക്കാനിരുന്നതായിരുന്നു. കരാര്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍ നേരത്തെ അറിയിച്ചത്. ഇതിന് മുന്നോടിയായുള്ള നിര്‍ണായക ചര്‍ച്ചകളാണ് ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കും അനുകൂലമായ പുതിയ തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് വാണിജ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവയെ ചുറ്റിപ്പറ്റിയ വിവാദങ്ങളാണ് പുതിയ സാഹചര്യം സൃഷ്ടിച്ചത്. ട്രംപ് ചുമത്തിയ തീരുവ നിയമാനുസൃതമല്ലെന്നും 1977ലെ ദേശീയ അടിയന്തരാവസ്ഥ നിയമം ദുരുപയോഗം ചെയ്തതാണെന്നും യുഎസ് സുപ്രിംകോടതി നിരീക്ഷിച്ചതോടെ നടപടി റദ്ദാക്കപ്പെട്ടിരുന്നു. എന്നാല്‍ കോടതി വിധിയോട് യോജിപ്പില്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.

വിധിക്കുപിന്നാലെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് പത്തു ശതമാനം തീരുവ പ്രഖ്യാപിച്ച ട്രംപ്, പിന്നീട് അത് 15 ശതമാനമായി ഉയര്‍ത്തുന്നതായി അറിയിച്ചു. ഫെബ്രുവരി 24 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. തീരുവ നിരക്കിലെ ഈ മാറ്റങ്ങള്‍ വ്യാപാര ബന്ധങ്ങളില്‍ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഭൂരിഭാഗം ഉത്പന്നങ്ങള്‍ക്കും 18 ശതമാനം തീരുവ ചുമത്തുന്ന പ്രാഥമിക രൂപരേഖയില്‍ ഇരുരാജ്യങ്ങളും ഈ മാസം ആദ്യം ധാരണയായിരുന്നുവെന്ന് റിപോര്‍ട്ടുണ്ട്. ഈ രൂപരേഖയില്‍ മാറ്റമുണ്ടാകില്ലെന്ന നിലപാടാണ് ട്രംപ് ആവര്‍ത്തിച്ചത്. ഇന്ത്യയുമായുള്ള ബന്ധം 'അസാധാരണം' ആണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, ഇടക്കാല വ്യാപാരക്കരാറിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. നിര്‍ദ്ദേശിച്ച കരാര്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നു ചൂണ്ടിക്കാട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു. 2019ല്‍ അമേരിക്ക സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനകളെ പരാമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പരിഹാസവുമായി രംഗത്തെത്തി. കരാറിലെ വ്യവസ്ഥകള്‍ പുനപരിശോധിച്ച് കൃഷി ഉത്പന്നങ്ങളുടെ ഇറക്കുമതി ഇളവുകള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്ന രീതിയില്‍ കരാര്‍ പുനപരിശോധിക്കണമെന്നും വിവിധ സംസ്ഥാനങ്ങളില്‍ 'കിസാന്‍ മഹാസഭ'കള്‍ സംഘടിപ്പിച്ച് വിഷയത്തില്‍ ബോധവത്കരണം നടത്തുമെന്നും ജയറാം രമേശ് അറിയിച്ചു.

Next Story

RELATED STORIES

Share it