Cricket

ട്വന്റി-20 ലോകകപ്പ്; സെമിയിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ കടമ്പകള്‍; എനിയുള്ള മല്‍സരങ്ങളില്‍ ജയം മാത്രം പോരാ, കൂറ്റന്‍ ജയം വേണം

ട്വന്റി-20 ലോകകപ്പ്; സെമിയിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ കടമ്പകള്‍; എനിയുള്ള മല്‍സരങ്ങളില്‍ ജയം മാത്രം പോരാ, കൂറ്റന്‍ ജയം വേണം
X

മുംബൈ: ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങിയ കനത്ത തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലായിരിക്കുകയാണ്. ആരാധകരെ നിരാശരാക്കുന്ന പ്രകടനമായിരുന്നു അഹമ്മദാബാദില്‍ ഇന്ത്യ കാഴ്ചവച്ചത്. ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 8-ലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 76 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാണേറ്റത്. സെമിയിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള വഴികള്‍ എന്തൊക്കെയെന്ന് നോക്കാം.

സൂപ്പര്‍ 8ലെ അവശേഷിക്കുന്ന രണ്ട് മല്‍സരങ്ങളില്‍ സിംബാബ്വക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ഇതില്‍ ഒന്നില്‍ തോറ്റാല്‍ പോലും നിലവിലെ ചാംപ്യന്മാരുടെ സെമി സാധ്യതകള്‍ അവസാനിക്കും. ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ തോല്‍വിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ അഹമ്മദാബാദില്‍ വഴങ്ങിയത്. 76 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ നിലവിലെ നെറ്റ് റണ്‍റേറ്റ് -3.80 ആയി ഇടിഞ്ഞു. ഇതോടെ സിംബാബ്വെക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ ഇന്ത്യക്ക് വെറും ജയം മാത്രം മതിയാവില്ല സെമിയിലെത്താന്‍. നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ പടുകൂറ്റന്‍ ജയങ്ങള്‍ തന്നെ അനിവാര്യമാകും.

അടുത്ത രണ്ട് കളി ജയിക്കുന്നതിനൊപ്പം ഇന്ന് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-സിംബാബ്വെ മല്‍സരമടക്കം ഗ്രൂപ്പിലെ മറ്റ് മല്‍സരഫലങ്ങളും ഇന്ത്യക്ക് നിര്‍ണ്ണായകമാകും. നാലു ടീമുകളുള്ള ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ മാത്രമാണ് സെമിയിലെത്തുക. പോയിന്റ് തുല്യമായാല്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാകും.

സൂര്യകുമാര്‍ യാദവിനും സംഘത്തിനും മുന്നില്‍ ഇനി രണ്ട് അഗ്‌നിപരീക്ഷകളാണുള്ളത്. അതിലാദ്യം അട്ടിമറി വീരന്‍മാരായ സിംബാബ്വെക്കെതിരെ ആണ്. വ്യാഴാഴ്ച ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മല്‍സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും തകര്‍ത്താണ് സിംബാബ്വെ സൂപ്പര്‍ 8ല്‍ എത്തിയത് എന്നതിനാല്‍ ആഫ്രിക്കന്‍ കരുത്തിനെ നിസാരരായി കാണാന്‍ ഇന്ത്യക്കാവില്ല.

സിംബാബ്വെയെ മറികടന്നാല്‍ പിന്നീട് ഇന്ത്യക്ക് മുന്നിലുള്ളത് വെസ്റ്റ് ഇന്‍ഡീസാണ്. ഞായറാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍-8 പോരാട്ടം. സിംബാബ്വെക്കെതിരെ ജയിച്ചാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നോക്കൗട്ട് പോരാട്ടമായിരിക്കും ഇത്. ഗ്രൂപ്പ് ഘടത്തില്‍ എല്ലാ മല്‍സരങ്ങളും ജയിച്ചെത്തുന്ന വിന്‍ഡീസിനെ വീഴ്ത്തുക ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകും.

ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക മുന്നിലെത്തിയെങ്കിലും അവരും സെമിസ്ഥാനം ഉറപ്പിച്ചുവെന്ന് പറയാറായിട്ടില്ല. പക്ഷെ സിംബാബ്വെക്കെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും വരാനിരിക്കുന്ന 2 മല്‍സരങ്ങളില്‍ ഒന്നില്‍ തോറ്റാല്‍ പോലും ദക്ഷിണാഫ്രിക്കക്ക് സെമിയിലെത്താന്‍ സാധ്യതയുണ്ട്. ഇന്ത്യക്കെതിരെ നേടിയ കൂറ്റന്‍ ജയത്തിലൂടെ മികച്ച നെറ്റ് റണ്‍റേറ്റ് സ്വന്തമാക്കാനായത് ദക്ഷിണാഫ്രിക്കക്ക് അനുകൂലമാകും.

സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ എക്‌സ് ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകളാണ് സെമിയിലെത്തുക. ടീമുകള്‍ പോയിന്റുകള്‍ തുല്യമായാല്‍ കൂടുതല്‍ വിജയങ്ങള്‍ നേടിയ ടീമിനാകും ആദ്യം സെമി ഉറപ്പിക്കാനാവുക. പോയിന്റുകളും ജയങ്ങളും തുല്യമായാല്‍ നെറ്റ് റണ്‍റേറ്റില്‍ മുന്നിലെത്തുന്നവരാകും സെമിയിലെത്തുക. നെറ്റ് റണ്‍റേറ്റും തുല്യമായാല്‍ പരസ്പരം കളിച്ചപ്പോഴുള്ള വിജയികള്‍ സെമിയിലേക്ക് മുന്നേറും.

അടുത്ത മത്സരങ്ങളില്‍ സിംബാബ്വെയോ വെസ്റ്റ് ഇന്‍ഡീസോ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പമാകും. അതുകൊണ്ട് തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെയും സിംബാബ്വെയെയും തോല്‍പിക്കണമെന്നാകും ഇന്ത്യ ആഗ്രഹിക്കുക. ഇതുവഴി നെറ്റ് റണ്‍റേറ്റിന്റെ ഭീഷണി ഇന്ത്യക്ക് ഒരുപരിധിവരെ മറികടക്കാനാവും.





Next Story

RELATED STORIES

Share it