Kerala

സുബൈറിന്റെ കൊലപാതകം: അന്വേഷണം എസ്ഡിപിഐ പ്രവര്‍ത്തകന്‍ സക്കീര്‍ ഹുസൈന്‍ വധശ്രമക്കേസ് പ്രതികളെ കേന്ദ്രീകരിച്ച്

സുബൈറിന്റെ കൊലപാതകം: അന്വേഷണം എസ്ഡിപിഐ പ്രവര്‍ത്തകന്‍ സക്കീര്‍ ഹുസൈന്‍ വധശ്രമക്കേസ് പ്രതികളെ കേന്ദ്രീകരിച്ച്
X

പാലക്കാട്: പോപുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം മറ്റൊരു വധശ്രമക്കേസ് പ്രതികളിലേക്കും. ഒരുവര്‍ഷം മുമ്പ് സക്കീര്‍ ഹുസൈന്‍ എന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ എരട്ടക്കുളം തിരിവില്‍ വച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ സുദര്‍ശനന്‍, ശ്രീജിത്ത്, ഷൈജു, അജി ഉള്‍പ്പടെ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഒരുമാസം മുമ്പ് ഇവര്‍ ജാമ്യത്തിലിറങ്ങിയിരുന്നുവെന്ന് പോലിസിന് വിവരം ലഭിച്ചു. ഈ സംഘമാണോ സുബൈറിനെ കൊലപ്പെടുത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പോലിസ് നിരീക്ഷണത്തിലാണ്. ഇവരുടെ പ്രവര്‍ത്തനം കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ്.

പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ ഹോട്ടലിന്റെ തൂണില്‍ കെട്ടിയിട്ടാണ് സക്കീര്‍ ഹുസൈനെ ആര്‍എസ്എസ് സംഘം വെട്ടിയത്. സമാധാന്തരീക്ഷം നിലനിന്നിരുന്ന മേഖലയില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ആര്‍എസ്എസ് ആക്രമണം അഴിച്ചുവിട്ടത്. സുബൈറിനെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും പോലിസ് കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹൈവേക്ക് അടുത്ത് കഞ്ചിക്കോട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. കൊലപാതകം നടന്ന സ്ഥലത്ത് നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. KL9 AQ 79 Ol എന്ന ആള്‍ട്ടോ 800 കാര്‍ കെ കൃപേഷ് എന്നയാളുടെ പേരിലുള്ളതാണ്.

കാറുപയോഗിക്കുന്നത് അലിയാര്‍ എന്നയാളാണ്. മുമ്പ് ഒപ്പം ജോലി ചെയ്തിരുന്ന തന്റെ പേരിലാണ് അലിയാര്‍ കാറെടുത്തതെന്ന് കൃപേഷ് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകനായ രമേശാണ് കാര്‍ വാടകയ്ക്ക് കൊണ്ടുപോയതെന്ന് അലിയാരും വെളിപ്പെടുത്തി. ക്ഷേത്രദര്‍ശനത്തിന് പോവാനെന്ന് പറഞ്ഞാണ് കാര്‍ വാടകയ്‌ക്കെടുത്തത്. ഇതിന് മുമ്പും കാര്‍ കൊണ്ടുപോയിട്ടുണ്ട്. വാര്‍ത്ത പുറത്തുവന്നശേഷം ഇപ്പോള്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും അലിയാര്‍ പറയുന്നത്. കൊല്ലപ്പെട്ട സുബൈറിന്റെ അയല്‍വാസിയാണ് രമേശ്. ഇന്നലെ ഉച്ചയ്ക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് സുബൈറിനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. പ്രതികള്‍ കൊലപാതകത്തിന് ശേഷം കേരളത്തിന് പുറത്തേക്ക് കടന്നുവെന്നാണ് പോലിസ് നിഗമനം.

Next Story

RELATED STORIES

Share it