Kerala

നവംബർ 17 മുതൽ കേരളത്തിലും മാഹിയിലും ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കഴിഞ്ഞ 24 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യറ്റിൻകരയിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, 3.5മിമി.

നവംബർ 17 മുതൽ കേരളത്തിലും മാഹിയിലും ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
X

തിരുവനന്തപുരം: കേരളത്തിൽ വടക്ക് – കിഴക്കൻ കാലവർഷം ദുർബലമായിരുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മഴ ലഭിച്ചപ്പോൾ ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥയായിരുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ നവംബർ 17ന് കേരളത്തിലും മാഹിയിലും മഴ ശക്തിപ്രാപിക്കും.

കഴിഞ്ഞ 24 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യറ്റിൻകരയിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, 3.5മിമി. കായങ്കുളത്ത് മൂന്ന് മില്ലിമീറ്ററും ആര്യങ്കാവ് രണ്ട് മില്ലിമീറ്റർ മഴയും ലഭിച്ചു. നവംബർ 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. നവംബർ 17, 18 തിയതികളിൽ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസവും ഇടിമിന്നൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ നവംബർ 17, 18 തീയതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് മുതൽ 11 സെന്റിമീറ്റർ മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.

17-11-2020: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്

18-11-2020:കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it