Kerala

വയനാട്ടിലെ കമ്മന സ്വദേശിയായ യുവാവിന്റെ റൂട്ട്മാപ്പ് പുറത്തിറക്കി

റൂട്ട് മാപ്പ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങളോട് യുവാവ് ഇത്രയും ദിവസമായിട്ടും സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് ഏറെ പണിപെട്ടാണ് ആദ്യ ഘട്ട റൂട്ട് മാപ്പ് പുറത്ത് വിട്ടിരിക്കുന്നത്.

വയനാട്ടിലെ കമ്മന സ്വദേശിയായ യുവാവിന്റെ റൂട്ട്മാപ്പ് പുറത്തിറക്കി
X

മാനന്തവാടി: വയനാട്ടില്‍ കൊവിഡ് വ്യാപനത്തിന് പ്രധാന പങ്ക് വഹിച്ചുവെന്ന് പറയപ്പെടുന്ന കമ്മന സ്വദേശിയായ യുവാവിന്റെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കി. ഇരുപതുകാരനായ ഇയാള്‍ ഡിവൈഎസ്പി ഓഫീസിലടക്കം മൂന്ന് തവണ പോലിസ് സ്‌റ്റേഷനുകളിലെത്തിയെന്ന് റൂട്ട് മാപ്പ് വ്യക്തമാക്കുന്നുണ്ട്. പോലിസുകാര്‍ക്ക് രോഗം പകര്‍ന്നത് ഇയാളില്‍ നിന്നാണെന്ന നിഗമനത്തിലാണ് ബന്ധപ്പെട്ടവര്‍. മെയ് ഒമ്പതിനാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ഏപ്രില്‍ രണ്ടാംവാരം യുവാവിനെ വാഹനപരിശോധനയ്ക്കിടെ പോലിസുകാര്‍ ചോദ്യംചെയ്തിരുന്നു. ഏപ്രില്‍ 28-ന് മാനന്തവാടി സ്റ്റേഷനിലും മേയ് രണ്ടിന് ഡിവൈഎസ്പി ഓഫീസിലും കമ്മന സ്വദേശിയെ വിളിപ്പിച്ചിരുന്നു. ഇതുവഴിയാണ് പോലിസുകാരിലേക്ക് രോഗം പടര്‍ന്നത്. യുവാവ് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണെന്ന് ജില്ലാ പോലിസ് മേധാവി ആര്‍ ഇളങ്കോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

റൂട്ട് മാപ്പ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങളോട് യുവാവ് ഇത്രയും ദിവസമായിട്ടും സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് ഏറെ പണിപെട്ടാണ് ആദ്യ ഘട്ട റൂട്ട് മാപ്പ് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞമാസം 24 ന് ആയിരുന്നു ഇയാള്‍ ആദ്യമായി മാനന്തവാടി പോലിസ് സ്‌റ്റേഷനിലെത്തുന്നത്. തുടര്‍ന്ന് 28 നും ഇവിടെയത്തി. മെയ് രണ്ടാം തീയതി ഡിവൈഎസ്പി ഓഫീസിലുമെത്തി.

ആരോഗ്യപ്രവര്‍ത്തകര്‍ പലവട്ടം അഭ്യര്‍ഥിച്ചിട്ടും യുവാവ് ഒന്നും വിട്ടുപറഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് രണ്ട് പോലിസുകാരും യുവാവിനെ ചോദ്യം ചെയ്തിരുന്നു. എന്നിട്ടും യുവാവില്‍നിന്ന് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. യുവാവിന്റെ ഫോണ്‍ പരിശോധിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. യുവാവിന്റെ സഹകരണത്തോടെ മാത്രമേ പൂര്‍ണമായ റൂട്ട്മാപ്പ് തയ്യാറാക്കാനാവൂ.

ലോറി ഡ്രൈവറുടെ സഹയാത്രികനായ ക്ലീനറുടെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്താണ് കമ്മന സ്വദേശി. ഇങ്ങനെയാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. എന്നാല്‍, ലോറി ഡ്രൈവര്‍ ഈ വാദത്തെ എതിര്‍ക്കുന്നുണ്ട്. തന്റെ സഹയാത്രികനായ ക്ലീനര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.


Next Story

RELATED STORIES

Share it