Kerala

കേരളം കടുത്ത ജലക്ഷാമത്തിലേക്ക്; കുടിവെള്ളം, വൈദ്യുതി, കൃഷി മേഖലകള്‍ പ്രതിസന്ധിയില്‍

നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് ആദ്യമായി മണ്‍സൂണ്‍ കാലത്ത് വൈദ്യുതി നിയന്ത്രണവും ജലനിയന്ത്രണവും ഉണ്ടാവും. സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. ഇത് ഒന്നര ആഴ്ചത്തെ ആവശ്യത്തിന് മാത്രമേ തികയുവെന്നും മന്ത്രി അറിയിച്ചു.

കേരളം കടുത്ത ജലക്ഷാമത്തിലേക്ക്;   കുടിവെള്ളം, വൈദ്യുതി, കൃഷി മേഖലകള്‍ പ്രതിസന്ധിയില്‍
X

തിരുവനന്തപുരം: മഴയുടെ അളവ് വൻതോതിൽ കുറഞ്ഞതോടെ സംസ്ഥാനത്ത് ജലനിയന്ത്രണത്തിന് സാധ്യത. കുടിവെള്ളം, വൈദ്യുതോല്‍പ്പാദനം, കൃഷി തുടങ്ങിയ മേഖലകളെ മഴക്കുറവ് ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

കേരളം കടുത്ത ജലക്ഷാമത്തിലേക്കെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് ആദ്യമായി മണ്‍സൂണ്‍ കാലത്ത് വൈദ്യുതി നിയന്ത്രണവും ജലനിയന്ത്രണവും ഉണ്ടാവും. സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. ഇത് ഒന്നര ആഴ്ചത്തെ ആവശ്യത്തിന് മാത്രമേ തികയുവെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മഴ പെയ്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ ജലനിയന്ത്രണം അടക്കമുള്ള നടപടികള്‍ ആവശ്യമായി വരുമെന്ന് മന്ത്രി അറിയിച്ചു.

കേരളത്തില്‍ ജൂണ്‍മാസത്തില്‍ 44 ശതമാനം കുറവാണ് മഴയില്‍ രേഖപ്പെടുത്തിയത്. ശരാശരി 643 മില്ലീമീറ്റര്‍ മഴയാണ് സാധാരണ ജൂണില്‍ രേഖപ്പെടുത്താറ്. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് ലഭിച്ചത് 358.5 മില്ലീമീറ്റര്‍ മഴ മാത്രം. ഏറ്റവുമധികം വരള്‍ച്ച നേരിട്ട ജൂണ്‍ മാസമാണ് ഇത്തവണ കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതു രാജ്യത്തിന്റെ സാമ്പത്തികകാര്‍ഷിക മേഖലയെ സാരമായി ബാധിക്കുമെന്നാണു നിഗമനം.

മണ്‍സൂണ്‍ എത്താന്‍ വൈകിയതും വായു ചുഴലിക്കാറ്റില്‍ മഴ ദുര്‍ബലമായതുമാണ് കേരളത്തിന് തിരിച്ചടിയായത്. മഴ ലഭ്യത ഇനിയും കുറഞ്ഞാല്‍ കാര്‍ഷിക മേഖല അടിമുടി തകരും. രാജ്യത്തിന്റെ 15 ശതമാനത്തോളം കാര്‍ഷിക മേഖലയെ ആശ്രയിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഇതു കാര്‍ഷിക സാമഗ്രികള്‍ വില്‍ക്കുന്നവരെയും സാരമായി ബാധിക്കുകയും സാമ്പത്തിക കാര്‍ഷിക മേഖലകളെ താറുമാറാക്കുകയും ചെയ്യും.

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ 40 ശതമാനം മുതല്‍ 63 ശതമാനം വരെ മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ മഴക്കുറവ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. 63 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇവിടെ ലഭിച്ചുകൊണ്ടിരുന്ന ശരാശരി മഴയായ 665.9 ശതമാനത്തില്‍ നിന്ന് വ്യത്യസ്തമായി 248.6 മില്ലീമീറ്റര്‍ മഴയാണ് ഇത്തവണ ലഭിച്ചത്. മഴക്കുറവില്‍ രണ്ടാംസ്ഥാനത്തുള്ള തോട്ടം മേഖലയായ ഇടുക്കിയില്‍ 55 ശതമാനം മഴയാണ് ലഭിച്ചത്. തേയില, ഏലം, കുരുമുളക് കൃഷിയെ ഇത് ബാധിക്കും. സാധാരണഗതിയില്‍ 751.8 മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്ന ഇവിടെ 336 മില്ലീമീറ്റര്‍മഴയാണ് ജൂണ്‍ ഒന്നുമുതല്‍ 30 വരെ ലഭിച്ചത്.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ മഴക്കുറവ് സംസ്ഥാനത്ത് വൈദ്യുതിക്ഷാമമുണ്ടാകുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കാസര്‍കോട് 51 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. 1008.8 മില്ലീമീറ്റര്‍ ശരാശരി മഴ ലഭിച്ചിരുന്നു സ്ഥാനത്ത് ഇക്കുറി ലഭിച്ചത് 493.1 മില്ലീമീറ്റര്‍ മാത്രം.

കാര്‍ഷിക രംഗത്ത് നിര്‍ണായകമായ പത്തനംതിട്ട, മലപ്പുറം, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ 45 മുതല്‍ 46 ശതമാനം വരെ മഴക്കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മണ്‍സൂണ്‍ മഴ കിട്ടിയത് തിരുവനന്തപുരത്താണ്. 15 ശതമാനം മഴക്കുറവാണ് തിരുവനന്തപുരത്തുണ്ടായത്. കോഴിക്കോട് 26 ശതമാനവും എറണാകുളത്ത് 43 ശതമാനവും മഴക്കുറവാണ് രേഖപ്പെടുത്തിയത്. തൃശ്ശൂര്‍ 48 ശതമാനം, കണ്ണൂര്‍ 40 ശതമാനം, കൊല്ലം 42 ശതമാനം, ആലപ്പുഴ 30 ശതമാനം, കോട്ടയം 36 ശതമാനം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ നില.

മണ്‍സൂണ്‍മഴയിലെ കുറവില്‍ കര്‍ഷകരും ഊര്‍ജ്ജരംഗത്തെ വിദഗ്ധരും ഉള്‍പ്പെടെ ആശങ്കാകുലരാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമാകുമെന്നും പിന്നാലെ കനത്ത മഴ ലഭിക്കുമെന്നുമാണ് വിലയിരുത്തല്‍. ജൂണ്‍ മുതല്‍ അടുത്ത നാല് മാസം വരെയാണ് മണ്‍സൂണ്‍.

അതേസമയം, വരും ദിവസങ്ങളില്‍ മഴ പെയ്തില്ലെങ്കില്‍ ലോഡ്ഷെഡ്ഡിങ് വേണ്ടിവരുമെന്നാണ് വൈദ്യുതിബോര്‍ഡിന്റെയും ആശങ്ക. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ ബോര്‍ഡ് വ്യാഴാഴ്ച യോഗംചേരും. അണക്കെട്ടുകളില്‍ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവ്, കാലാവസ്ഥാവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍, ഓരോദിവസത്തെയും ശരാശരി വൈദ്യുതോപയോഗം എന്നിവ കണക്കാക്കി ലോഡ്ഷെഡ്ഡിങ് സാദ്ധ്യതകള്‍ ചര്‍ച്ചചെയ്യാനാണ് വൈദ്യുതിബോര്‍ഡ് ഉദ്ദേശിക്കുന്നത്.

Next Story

RELATED STORIES

Share it