Kerala

കെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ല;അര്‍ഹിക്കുന്ന അവജ്ഞയോടെ തളളിക്കളയുന്നുവെന്ന് വി ഡി സതീശന്‍

തന്റെ പരാമര്‍ശം മുഖ്യമന്ത്രിക്ക് വേദന തോന്നിയെങ്കില്‍ താന്‍ അത് പിന്‍വലിക്കുന്നതായും കെ പി സിസി പ്രസിഡന്റ് പറഞ്ഞിട്ടും വീണ്ടും അത് കുത്തിപ്പൊക്കി കേസെടുത്ത് വിഷയം അന്തരീക്ഷത്തില്‍ നിര്‍ത്തുന്നതിനാണ് സിപിഎം ഇതു ചെയ്യുന്നത്.മറ്റൊന്നും പറയാനില്ലാത്തതിനാലാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു

കെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ല;അര്‍ഹിക്കുന്ന അവജ്ഞയോടെ തളളിക്കളയുന്നുവെന്ന് വി ഡി സതീശന്‍
X

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പോലിസ് എടുത്ത കേസ് കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കുന്നില്ലെന്നും കേസെടുത്ത നടപടിയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.താന്‍ പ്രസംഗത്തില്‍ പറഞ്ഞ തന്റെ പരാമര്‍ശം മുഖ്യമന്ത്രിക്ക് വേദന തോന്നിയെങ്കില്‍ താന്‍ അത് പിന്‍വലിക്കുന്നതായി കെ പി സിസി പ്രസിഡന്റ് പറഞ്ഞിട്ടും വീണ്ടും അത് കുത്തിപ്പൊക്കി കേസെടുത്ത് വിഷയം അന്തരീക്ഷത്തില്‍ നിര്‍ത്തുന്നതിനാണ് സിപിഎം ഇതു ചെയ്യുന്നത്.സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തിരിക്കുന്നത്.മറ്റൊന്നും പറയാനില്ലാത്തതിനാലാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

താമരശേരി ബിഷപ്പിനെതിരെയും കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനെതിരെയും,കൊലപ്പെട്ട ടി പി ചന്ദ്രശേഖരനെതിരെയും മുന്‍മ്പ് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ പിണറായി വിജയനെതിരെ എവിടെയെങ്കിലും കേസെടുത്തിരുന്നോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശമായ പദപ്രയോഗം നടത്തിയതിന്റെ പാരമ്പര്യം ഉളളത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രം അവകാശപ്പെട്ടതാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ നേതാക്കള്‍ ആരും രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതിന് ശ്രമിക്കാറില്ല.കെ സുധാകരനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പ് കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ല.എന്നാല്‍ ഇപ്പോള്‍ ഇത് ചര്‍ച്ചയാക്കുകയെന്നതാണ് അവരുടെ ലക്ഷ്യം.അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

വര്‍ഗ്ഗീയ വിദ്വേഷ പരമാര്‍ശം നടത്തിയ പി സി ജോര്‍ജ്ജിനെതിരെ ഇവര്‍ എടുത്ത കേസിന്റെ അവസ്ഥ എല്ലാവരും കണ്ടതാണ്.പി സി ജോര്‍ജ്ജുമായി സന്ധി ചെയ്തിരിക്കുകയാണ് സിപിഎം എന്നും വി ഡി സതീശന്‍ പറഞ്ഞു.തങ്ങളെ കേസെടുത്ത് പേടിപ്പിക്കാമെന്ന് വിചാരിക്കേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ടാണെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്.

കൊച്ചി കോര്‍പ്പറേഷനിലെ നഗരത്തിലെ വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കാതിരിക്കാന്‍ ബിജെപിയെ ജയിപ്പിക്കുകയാണ് സിപിഎം ചെയ്തത്.ഇവിടെ സിപിഎം ജയിക്കില്ലെന്ന് അവര്‍ക്ക് അറിയാം.കോണ്‍ഗ്രസ് ജയിച്ചാല്‍ കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടമാകും.ഇത് മുന്നില്‍ കണ്ട് ഭരണം നിലനിര്‍ത്താന്‍ സിപിഎം ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുകയായിരുന്നുവെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ഒരു ബുത്തില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും 24 വോട്ടുമാത്രമാണ്.കഴിഞ്ഞ തവണ യുഡിഎഫ് ഈ വാര്‍ഡില്‍ 271 വോട്ടിനാണ് തോറ്റതെങ്കില്‍ ഇത്തവണ 75 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.ഇവിടെ സിപിഎം ബിജെപിയെ സഹായിച്ചതിന്റെ കൃത്യമായ തെളിവുകളുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it