Kerala

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സിഒടി നസീര്‍ വധശ്രമക്കേസ് പുനരന്വേഷിക്കും: ചെന്നിത്തല

പിണറായി വിജയന്‍ അധികാരത്തില്‍ ഇരിക്കുന്നിടത്തോളം അക്രമ-കൊലപാതകങ്ങളില്‍പ്പെടുന്ന ഇരകള്‍ക്ക് നീതിലഭിക്കില്ല

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സിഒടി നസീര്‍ വധശ്രമക്കേസ് പുനരന്വേഷിക്കും: ചെന്നിത്തല
X

തലശ്ശേരി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സി ഒ ടി നസീര്‍ വധശ്രമക്കേസിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും കേസ് പുനരന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ ഷംസീറിന്റെ വീട് സ്ഥിതിചെയ്യുന്ന മാടപ്പീകയില്‍ നിന്നു തലശ്ശേരിയിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍ അധികാരത്തില്‍ ഇരിക്കുന്നിടത്തോളം അക്രമ-കൊലപാതകങ്ങളില്‍പ്പെടുന്ന ഇരകള്‍ക്ക് നീതിലഭിക്കില്ല. കേരളത്തിലെ പോലിസ് രാഷ്ട്രീയമായി നോക്കുകുത്തിയായി. അനുഭവങ്ങളില്‍ നിന്നു പാഠങ്ങള്‍ പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അക്രമത്തിന്റെ പാതയില്‍ നിന്നു പിന്തിരിയാന്‍ തയ്യാറാവുന്നില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഒരു ചീഫ് വിപ്പിനെ വച്ചപ്പോള്‍ പ്രതിഷേധിച്ചവരാണ് ഇപ്പോള്‍ 21 മന്ത്രിമാരെയും ഒരു ചീഫ് വിപ്പിനെയും നിര്‍ത്തിയിരിക്കുന്നത്. ആലത്തൂരില്‍ തോറ്റ മുന്‍ എംപി സമ്പത്തിനെ കാബിനറ്റ് പദവി നല്‍കി കേരള ഹൗസില്‍ പ്രത്യേക ദൂതനായി നിയമിച്ചിരിക്കുകയാണ്. പ്രളയ സെസ് ഏര്‍പ്പെടുത്തിയ ദിവസം തന്നെയാണ് കാബിനറ്റ് പദവി നല്‍കി അദ്ദേഹത്തെ ഡല്‍ഹിയില്‍ കുടിയിരുത്തിയത്. അക്രമവും കൊലപാതകവും തുടര്‍ക്കഥയാവുകയാണ്. ചാവക്കാട് നൗഷാദിനെ എസ് ഡിപി ഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടിത്തിയിരിക്കുകയാണ്. നൗഷാദിനെ കൊല്ലുമെന്ന ഭീഷണിയുണ്ടായിട്ട് ഒരാഴ്ച പിന്നിട്ടിട്ടും മതിയായ സംരക്ഷണം നല്‍കാന്‍ പോലിസിന് സാധിച്ചിട്ടില്ല. സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിലെ പോലിസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വി എന്‍ ജയരാജ് അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെപിസിസി ജനറല്‍ സെക്രട്ടറി പി എം സുരേഷ് ബാബു, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ, അഡ്വ. സി ടി സജിത്ത് സംസാരിച്ചു.മാടപ്പീടികയില്‍ നിന്നു ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ പതാക കൈമാറി പ്രതിഷേധ മാര്‍ച്ച് പ്രയാണമാരംഭിച്ചു. മാടപീടികയില്‍ നടന്ന ചടങ്ങില്‍ കെ സുരേന്ദ്രന്‍, സജീവ് മാറോളി, വി രാധാകൃഷ്ണന്‍, വി സുരേന്ദ്രന്‍ സംസാരിച്ചു.



Next Story

RELATED STORIES

Share it