Latest News

'സ്‌നേഹത്തിന്റെ കട'യില്‍ നിന്ന് ലഭിച്ച കണ്ണീരുമായി പാവങ്ങള്‍'; കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനെതിരേ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

സ്‌നേഹത്തിന്റെ കടയില്‍ നിന്ന് ലഭിച്ച കണ്ണീരുമായി പാവങ്ങള്‍; കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനെതിരേ വിമര്‍ശനവുമായി വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: കര്‍ണാടകയുടെ തലസ്ഥാന നഗരിയില്‍ മുസ്ലിം ജനത വര്‍ഷങ്ങളായി താമസിച്ചുവരുന്ന ഫക്കീര്‍ കോളനിയും വസീം ലേഔട്ടും ബുള്‍ഡോസര്‍ വെച്ചു തകര്‍ത്ത നടപടി അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. 'സ്‌നേഹത്തിന്റെ കട'യില്‍ നിന്ന് ലഭിച്ച കണ്ണീരുമായി പാവങ്ങള്‍' എന്ന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. കര്‍ണാടകയില്‍ നിന്നുള്ള വാര്‍ത്തകള്‍ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. 'സ്‌നേഹത്തിന്റെ കട' തുറക്കുമെന്ന് പറഞ്ഞ് വോട്ട് ചോദിച്ചവര്‍, ഇന്ന് പാവപ്പെട്ട മനുഷ്യര്‍ക്ക് സമ്മാനിക്കുന്നത് കണ്ണീരും ദുരിതവുമാണെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചറിയുക, പാവങ്ങളെ തെരുവിലേക്ക് വലിച്ചെറിഞ്ഞ ഈ നടപടിക്ക് പിന്നില്‍ സംഘപരിവാര്‍ സര്‍ക്കാര്‍ അല്ല, മറിച്ച് കോണ്‍ഗ്രസ് സര്‍ക്കാരാണ്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പേര് പറഞ്ഞ് അധികാരത്തിലേറിയവര്‍, ദരിദ്രരായ മനുഷ്യരുടെ കിടപ്പാടം തകര്‍ത്തെറിയുമ്പോള്‍ അവരുടെ കാപട്യം ഒരിക്കല്‍ കൂടി വെളിപ്പെടുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങളുടെയും കൂട്ടക്കുരുതികളുടെയും ചോരപുരണ്ട ചരിത്രമാണ് കോണ്‍ഗ്രസിന്റേത്. അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ക്രൂരതയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഇപ്പോള്‍ കാണിക്കുന്നത്.

ഈ മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിനെതിരെ, പാവങ്ങളുടെ കണ്ണീരിന് നീതി ലഭിക്കാന്‍ രാഷ്ട്രീയത്തിന് അതീതമായി ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it