Big stories

സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും യുഡിഎഫ് ഉപരോധിച്ചു

അക്രമങ്ങളെ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പോലിസ് ജനങ്ങള്‍ക്ക് ഏറ്റവും വലിയ വേദനയുണ്ടാക്കുന്ന സംവിധാനമായി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. മുഖ്യമന്ത്രിക്ക് സുരക്ഷ പോവുന്നത് 28 വാഹനങ്ങളാണ്. ഇത്രയേറെ സുരക്ഷ ഒരുക്കാനുള്ള എന്തു ഭീഷണിയാണ് മുഖ്യമന്ത്രിക്കുള്ളത്.

സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും യുഡിഎഫ് ഉപരോധിച്ചു
X

തിരുവനന്തപുരം: പ്രളയാന്തര ഭരണസ്തംഭനം, ക്രമസമാധാനത്തകര്‍ച്ച, വിശ്വാസികളോടുള്ള വഞ്ചന എന്നിവയില്‍ പ്രതിഷേധിച്ച്് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണസിരാകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഉപരോധം ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവന്‍ കലക്ടറേറ്റുകളും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റുമാണ് ഉപരോധിക്കുന്നത്. സെക്രട്ടേറിയറ്റ് ഉപരോധം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

അക്രമങ്ങളെ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പോലിസ് ജനങ്ങള്‍ക്ക് ഏറ്റവും വലിയ വേദനയുണ്ടാക്കുന്ന സംവിധാനമായി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. മുഖ്യമന്ത്രിക്ക് സുരക്ഷ പോവുന്നത് 28 വാഹനങ്ങളാണ്. ഇത്രയേറെ സുരക്ഷ ഒരുക്കാനുള്ള എന്തു ഭീഷണിയാണ് മുഖ്യമന്ത്രിക്കുള്ളത്.

മന്ത്രിസഭയില്‍ നട്ടെല്ലുള്ള വ്യക്തിത്വമുള്ള മന്ത്രി സെക്രട്ടേറിയറ്റിലുണ്ടോ. സംസ്ഥാനത്ത് വ്യാപകമായി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. ക്രമസമാധാനം തകര്‍ന്നതോടെ സംസ്ഥാനത്ത് ഭരണസംവിധാനം തകര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


കൊല്ലത്തെ കലക്ടറേറ്റ് ഉപരോധം ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രനും പത്തനംതിട്ടയില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനും ഉദ്ഘാടനം ചെയ്തു. ആലപ്പുഴ കലക്ടറേറ്റ് ഉപരോധം മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എറണാകുളത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂരും, തൃശ്ശൂരില്‍ ക്യാംപയില്‍ കമ്മിറ്റി ചെയര്‍മാന്‍ കെ മുരളീധരനും പാലക്കാട് നിയമസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ.എം കെ മുനീറും കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കലക്ടറേറ്റ് ധര്‍ണ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വയനാട് മുസ്്‌ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും മലപ്പുറത്ത് മുസ്്‌ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിയും കണ്ണൂരില്‍ കേരള കോണ്‍ഗ്രസ് (എം) വിഭാഗം വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫും കാസര്‍കോഡ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനും കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു.

രാവിലെ 6.30 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപരോധം ആരംഭിച്ചു. ഇതേത്തുടര്‍ന്ന് നഗരത്തില്‍ മിക്കയിടത്തും ഗതാഗതക്കുരുക്ക് തുടരുകയാണ്. ജില്ലാ ആസ്ഥാനങ്ങളിലും ഗതാഗതം ഏറെക്കുറെ സ്തംഭിച്ചിട്ടുണ്ട്. എട്ടേമുക്കാലോടെ പ്രതിപക്ഷനേതാവ് ആസാദ് ഗേറ്റിലെത്തി ഉപരോധത്തില്‍ പങ്കെടുത്തു. അതേസമയം, സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനത്തെ ഉപരോധം ബാധിച്ചിട്ടില്ല. കന്റോണ്‍മെന്റ് ഗേറ്റിനെ ഉപരോധത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഗേറ്റിലൂടെ ഉദ്യേഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കുമെല്ലാം സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കുന്നുണ്ട്. സെക്രട്ടറിയേറ്റ് പരിസരത്ത് ശക്തമായ പോലിസ് വിന്യാസമുണ്ട്. ഉച്ചവരെ സമരം തുടര്‍ന്നേക്കും. അതിനിടെ, സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരെ യുഡിഎഫ് പ്രവര്‍ത്തകര്‍ പുലഭ്യം പറഞ്ഞതായി ആരോപണമുണ്ട്. ഉപരോധസമരത്തില്‍ പങ്കെടുത്ത് നേതാക്കള്‍ അറസ്റ്റ് വരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു.


Next Story

RELATED STORIES

Share it