Kerala

സംഘപരിവാര്‍ രാഷ്ട്രീയത്തിന് സിപിഎം വെള്ളവും വെളിച്ചവും നല്‍കുന്നു: യുഡിഎഫ്

ഇസ്ലാമോഫോബിയ സൃഷ്ട്ടിച്ച് മുസ്ലീം മതവിശ്വാസികളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഈ സംഘപരിവാര്‍ രാഷ്ട്രീയത്തിന് വെള്ളവും വെളിച്ചവും നല്‍കുന്ന നിലപാടാണ് ഇപ്പോള്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്.

സംഘപരിവാര്‍ രാഷ്ട്രീയത്തിന് സിപിഎം വെള്ളവും വെളിച്ചവും നല്‍കുന്നു: യുഡിഎഫ്
X

തിരുവനന്തപുരം: മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്നും കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില മുസ്ലീം തീവ്രവാദ സംഘടനകളാണ് അവർക്ക് വെള്ളവും വെളിച്ചവും നല്‍കുന്നതെന്നും സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്‍ നടത്തിയ പരാമര്‍ശം അത്യന്തം ഗുരുതരമായ ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് ഡോ.എം കെ മുനീറും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും നയവും അറിയേണ്ടതുണ്ട്. പി മോഹനന്‍ നടത്തിയ അഭിപ്രായത്തോട് മുഖ്യമന്ത്രി യോജിക്കുന്നുണ്ടോയെന്നും അവര്‍ ചോദിച്ചു. ആഭ്യന്തര വകുപ്പിന് ഇത്തരത്തിലുള്ള എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇല്ലെങ്കില്‍ അത് കേരള ജനതയോട് തുറന്ന് പറയേണ്ട ധാര്‍മ്മികമായ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ഉണ്ടെന്നും ഇരുവരും പറഞ്ഞു.

തീവ്രവാദം എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ ഇസ്ലാമോഫോബിയ സൃഷ്ട്ടിച്ച് മുസ്ലീം മതവിശ്വാസികളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഈ സംഘപരിവാര്‍ രാഷ്ട്രീയത്തിന് വെള്ളവും വെളിച്ചവും നല്‍കുന്ന നിലപാടാണ് ഇപ്പോള്‍ സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നാണ് പി മോഹനന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. പി മോഹനന്റെ നിലപാടിനെ പിന്താങ്ങി കുമ്മനം രാജശേഖരന്‍ രംഗത്ത് വന്നതും സിപിഎം എന്ന പാര്‍ട്ടിയുടെ നയവ്യതിയാനത്തിന്റെ സൂചനയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നയപ്രകാരമാണ് പാലക്കാട് മാവോവാദികളെ വെടിവച്ച് കൊന്നതെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ഇതേ നയപ്രകാരമാണ് നഗര മാവോവാദികൾ എന്ന ലേബലില്‍ അലനേയും താഹയേയും അറസ്റ്റ് ചെയ്തതെന്നും വ്യക്തമായി. ഈ നടപടികളില്‍ മുഖ്യമന്ത്രിക്ക് സംഘപരിവാര്‍ മുഖപത്രം ജന്മഭൂമി ബിഗ് സല്യൂട്ടും നല്‍കിയിരുന്നു. ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി വേട്ടയാടുന്ന സാഹചര്യം ഇന്ത്യയില്‍ പലയിടത്തും നിലനില്‍ക്കുന്നുണ്ട്. പക്ഷേ കേരളം എന്നും ഇതിന് അപവാദമായിരുന്നു. തീവ്രവാദത്തെ തള്ളിപറയുന്നതിനോടൊപ്പം, ഏതെങ്കിലും ഒരു മതവിഭാഗത്തെ തീവ്രവാദത്തോട് ചേര്‍ത്ത് നിറുത്തി ഒറ്റപ്പെടുത്തുന്ന പ്രവണതയേയും കേരളം എന്നും എതിര്‍ത്തിരുന്നതായും അവര്‍ പ്രസ്താവനയില്‍ സൂചിപ്പിച്ചു.

കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമാകുന്നതും ഇത് കൊണ്ട് തന്നെയാണ്. എന്നാല്‍ കേരളത്തിന്റെ മതേതര സ്വഭാവത്തെ ഇല്ലാതാക്കുവാന്‍ കുറേനാളായി സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും വാദങ്ങള്‍ക്കും ശക്തിപകരുന്നതാണ് പി മോഹനന്റെ പ്രസ്താവനയും സര്‍ക്കാര്‍ സമീപ കാലത്ത് സ്വീകരിച്ചുകൊണ്ടിരിക്കുന്ന പല നടപടികളും. ഇത് ഒരിക്കലും മതേതരകേരളത്തിന് അംഗീകരിക്കാന്‍ സാധിക്കില്ല. ഇതിനെതിരെ ഞങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കേരളത്തിന്റെ മതേര സ്വഭാവം നിലനിറുത്താന്‍ അടിയന്തിരമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തലയും എം കെ മുനീറും അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it