Kerala

പന്തളം നഗരസഭയില്‍ യുഡിഎഫ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ട്

കോണ്‍ഗ്രസിലെ 33ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയായ ജില്ലാ നേതാവും മുന്‍മന്ത്രിയുടെ അനുജനുമായ കെപിസിസി മെംബറും 28ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് നേതാവും അടങ്ങിയ മൂവര്‍ ടീമാണ് ബിജെപിയുമായുള്ള നീക്കുപോക്കിന് ചുക്കാന്‍ പിടിക്കുന്നത്.

പന്തളം നഗരസഭയില്‍ യുഡിഎഫ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ട്
X

പന്തളം: സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാവുന്നതോടെ പന്തളം നഗരസഭയില്‍ അവിശുദ്ധ കൂട്ടുകെട്ടുകള്‍ മറനീക്കി പുറത്തുവരികയാണ്. നഗരസഭയിലെ 33 വാര്‍ഡുകളില്‍ 30 വാര്‍ഡുകളില്‍ മാത്രമാണ് ബിജെപി മല്‍സരിക്കുന്നത്. എന്നാല്‍, ഒഴിച്ചിട്ടിരിക്കുന്ന വാര്‍ഡുകളില്‍ യുഡിഎഫിനെ ജയിപ്പിക്കാനുള്ള അണിയറ നീക്കമാണ് ബിജെപി നടത്തുന്നത്. കോണ്‍ഗ്രസിലെ 33ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയായ ജില്ലാ നേതാവും മുന്‍മന്ത്രിയുടെ അനുജനുമായ കെപിസിസി മെംബറും 28ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് നേതാവും അടങ്ങിയ മൂവര്‍ ടീമാണ് ബിജെപിയുമായുള്ള നീക്കുപോക്കിന് ചുക്കാന്‍ പിടിക്കുന്നത്.

ബിജെപിയെ ഭരണം പിടിക്കാന്‍ സഹായിച്ചാല്‍ പകരം ഇവരില്‍ ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായ രണ്ടുപേരെ വാര്‍ഡുകളില്‍ സഹായിക്കുകയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ള മുന്‍ മന്ത്രിയുടെ അനുജനെ നിയമസഭയിലെത്താന്‍ സഹായിക്കുകയും ചെയ്യാമെന്നാണ് ബിജെപിയുടെ വാഗ്ദാനം. കഴിഞ്ഞ തവണ ബിജെപിയ്ക്ക് 130 വോട്ടു കിട്ടിയിരുന്നു 28ാം വാര്‍ഡില്‍. ഇത്തവണ അവിടെ ബിജെപിയ്ക്ക് സ്ഥാനാര്‍ഥിയില്ല.

കോണ്‍ഗ്രസിലെ മഹേഷാണ് അവിടെ മല്‍സരരംഗത്തുള്ളത്. അതുപോലെ 33ാം വാര്‍ഡിലും ബിജെപിയുമായി ധാരണയിലാണ് കോണ്‍ഗ്രസ്. അവിടെ ഡിസിസി നേതാവായ ഡി എന്‍ തൃദീപ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പല വാര്‍ഡുകളിലും ദുര്‍ബലരെ സ്ഥാനാര്‍ഥിയാക്കി ബിജെപിയെ സഹായിക്കാന്‍ വേണ്ട ഇടപെടലുകള്‍ ഈ മൂവര്‍സംഘം നടത്തിക്കഴിഞ്ഞു. 11ാം വാര്‍ഡിലടക്കം റിബലുകള്‍ തലപൊക്കിയതിന് പിന്നിലും അവിടെ ബിജെപിയെ സഹായിക്കുകയെന്ന ഉദ്ദേശമുള്ള ഈ മൂവര്‍ സംഘമാണ്. കാലങ്ങളായുള്ള ഈ മൂവര്‍ സംഘവും ബിജെപിയുമായുള്ള അവിശുദ്ധബന്ധമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. യുഡിഎഫില്‍ ഇതിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.

Next Story

RELATED STORIES

Share it