തേങ്ങ മോഷണം അറിയാതിരിക്കാന്‍ സിസി കാമറയും ഉപകരണങ്ങളും നശിപ്പിച്ച പ്രതി പിടിയില്‍

തിക്കോടി പെരുമാള്‍പുരം പടിഞ്ഞാറെ തെരുവില്‍താഴെ ഷൈജന്‍ (46) ആണ് പയ്യോളി പോലിസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ആഗസ്ത് എട്ടിനാണ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ എം ബിനോയ് കുമാറിന്റെ മുറി തകര്‍ത്ത് സിസിടിവി അനുബന്ധ ഉപകരണങ്ങളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിക്കുകയും മോഷ്ടിക്കുകയും ചെയ്തത്.

തേങ്ങ മോഷണം അറിയാതിരിക്കാന്‍ സിസി കാമറയും ഉപകരണങ്ങളും നശിപ്പിച്ച പ്രതി പിടിയില്‍

പയ്യോളി: പയ്യോളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ മുറി തകര്‍ത്ത് ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിപ്പിച്ച പ്രതി പോലിസ് പിടിയിലായി. തിക്കോടി പെരുമാള്‍പുരം പടിഞ്ഞാറെ തെരുവില്‍താഴെ ഷൈജന്‍ (46) ആണ് പയ്യോളി പോലിസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ആഗസ്ത് എട്ടിനാണ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ എം ബിനോയ് കുമാറിന്റെ മുറി തകര്‍ത്ത് സിസിടിവി അനുബന്ധ ഉപകരണങ്ങളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിക്കുകയും മോഷ്ടിക്കുകയും ചെയ്തത്. അന്ന് രാവിലെ സ്‌കൂളിലെത്തിയ സുരക്ഷാ ജീവനക്കാരനാണ് സംഭവം ആദ്യം കണ്ടത്. ഉടന്‍തന്നെ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തുമ്പ് ലഭിക്കാതിരുന്ന പോലിസിന് സ്‌കൂള്‍ കാന്റീന്‍ പരിസരത്തെ തെങ്ങിന്‍ചുവട്ടില്‍ തേങ്ങകള്‍ കൂട്ടിയിട്ടതുകണ്ടതാണ് വഴിത്തിരിവായത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സമീപത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഹെഡ്മാസ്റ്ററുടെ മുറിയിലല്ലാതെ മറ്റൊരിടത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണരൂപത്തില്‍തന്നെ പോലിസിന് ലഭിച്ചു. ഇതോടെ ദൃശ്യങ്ങളില്‍ കണ്ട ആളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലിസ് അന്വേഷണവിധേയമാക്കി. പ്രതി നാട്ടില്‍നിന്ന് മുങ്ങിയെന്ന് മനസ്സിലായതോടെ ഇയാള്‍ക്കായി പോലിസ് നിരീക്ഷണം ശക്തമാക്കി. ഇന്ന് നാട്ടിലെത്തിയ ഇയാളെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

ഏഴിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതി രാത്രി പന്ത്രണ്ടിനോടടുത്ത് സ്‌കൂള്‍ കാന്റീന്‍ പരിസരത്തെ തെങ്ങില്‍ കയറുന്നത് വ്യക്തമാണ്. യന്ത്രമുപയോഗിച്ച് തെങ്ങുകയറുന്നതിനിടെ സിസിടിവിയിലേക്ക് നോക്കുന്നതും പരിഭ്രമിക്കുന്നതും കാണാം. ദൃശ്യങ്ങളിലൂടെ തന്നെ മനസ്സിലാവുമെന്ന് തിരിച്ചറിഞ്ഞ പ്രതി ഹെഡ്മാസ്റ്ററുടെ മുറിയില്‍ സ്ഥാപിച്ച സിസിടിവി കാമറയുടെ അനുബന്ധ ഉപകരണങ്ങള്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നുവെന്നാണ് പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. മുറിയിലുണ്ടായിരുന്ന മോണിറ്ററും ടിവിയും വെള്ളക്കെട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഏഴുലക്ഷം രൂപയുടെ നഷ്ടമാണ് സ്‌കൂളിന് സംഭവിച്ചത്.

RELATED STORIES

Share it
Top