Kerala

കുപ്രസിദ്ധ മോഷ്ടാവ് ബിജു സെബാസ്റ്റ്യന്‍ പിടിയില്‍

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 200ലധികം കേസുകളിലാണ് ബിജു ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളത്. വാടകവീടുകള്‍ കണ്ടെത്തുന്നതിനും മോഷണമുതലുകള്‍ വില്‍ക്കുന്നതിനും സഹായിച്ചിരുന്നത് കൂട്ടാളിയായ ജേക്കബ് ആയിരുന്നു.

കുപ്രസിദ്ധ മോഷ്ടാവ് ബിജു സെബാസ്റ്റ്യന്‍ പിടിയില്‍
X

തിരുവനന്തപുരം: ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ കവരുന്ന മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം പോത്തന്‍കോട് കാരൂര്‍കോണം ജൂബിലി ഭവനില്‍ ബിജു സെബാസ്റ്റ്യനെ(47) പത്തനംതിട്ട പോലിസാണ് പിടികൂടിയത്. ഇരുപതു വര്‍ഷത്തിനിടെ ഇരുനൂറില്‍ അധികം മോഷണ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ബിജുവിനെ പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ജി ജയദേവിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. മോഷണശ്രമത്തിനിടെ സാഹസിക നീക്കത്തിലൂടെയാണ് ബിജു സെബാസ്റ്റ്യനെയും കൂട്ടാളിയായ ജേക്കബിനെയും പിടികൂടിയതെന്ന് പോലിസ് അറിയിച്ചു.

ഈമാസം ഏഴിന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായ ബിജു, അന്നു രാത്രി രണ്ടു മോഷണങ്ങള്‍ നടത്തി. അടൂര്‍ ഏഴംകുളം നെടുമണ്ണ് കാരിക്കല്‍പൊയ്കയില്‍ വീട്ടില്‍ സാബു വര്‍ഗീസിന്റെ വീടിന്റെ മുന്‍വശം വാതില്‍ പൊളിച്ച് അകത്തുകയറി പണം മോഷ്ടിക്കുകയും പോര്‍ച്ചില്‍ കിടന്ന മാരുതി സെന്‍ എസ്റ്റിലോ കാര്‍ കവരുകയും ചെയ്തു. പത്താം തീയതി തിരുവല്ല തീപ്പനി പറമ്പില്‍ പുത്തന്‍പുരയില്‍ സജീവ് മാത്യുവിന്റെ വീടിന്റെ മുന്‍ വാതില്‍ പൊളിച്ചു കയറി വിലപിടിപ്പുള്ള വസ്തുക്കള്‍ കവരുകയും പോര്‍ച്ചില്‍ കിടന്ന സ്വിഫ്റ്റ് കാര്‍ മോഷ്ടിക്കുകയും ചെയ്തു. ബിജുവിനെ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് വിദഗ്ധമായി വലവിരിച്ചു കുടുക്കിയത്.

ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ബിജു സെബാസ്റ്റ്യനെയും കൂട്ടാളി തിരുവല്ല കവിയൂര്‍ ഞാല്‍ഭാഗം ചക്കാലയില്‍ വീട്ടില്‍ ജോസ് എന്ന് വിളിക്കുന്ന ജേക്കബിനെയും നിരന്തരമായ പോലിസ് നിരീക്ഷണത്തിനൊടുവില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. താമസമില്ലാത്ത വീടുകള്‍ കണ്ടെത്തുകയും തുടര്‍ന്ന് മുന്‍വാതില്‍ പൊളിച്ചു മോഷണം നടത്തിയ ശേഷം വാഹനത്തിന്റെ താക്കോല്‍ കൈക്കലാക്കി വണ്ടിയുമായി കടക്കുകയാണ് മോഷണരീതി. കഴിഞ്ഞ ജൂലായില്‍ അടൂരും പരിസരപ്രദേശങ്ങളുമായി പത്തോളം വീടുകളില്‍ മോഷണം നടത്തി. അടൂര്‍ ഏഴംകുളത്തിനു സമീപം രണ്ടുനില വീട്ടില്‍ മോഷണശ്രമത്തിനിടെ പോലിസ് വീട് വളയുകയും രക്ഷപെടാന്‍ ശ്രമിച്ച് രണ്ടാം നിലയില്‍ നിന്നും ചാടി പരിക്ക് പറ്റിയ ബിജു അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. പിന്നിട് ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങി നാല് ദിവസത്തിനുള്ളിലാണ് അടൂരും തിരുവല്ലയിലും മോഷണം നടത്തിയത്.

2016ല്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ വീടുകളില്‍ മോഷണം തുടര്‍ന്ന ബിജുവിനെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. അറസ്റ്റിലായ ബിജുവിനെ ചോദ്യം ചെയ്തതിലൂടെ 25ലധികം കേസുകള്‍ തെളിയിക്കാനും നിരവധി വാഹനങ്ങളും സ്വര്‍ണ മുതലുകളും വീണ്ടെടുക്കാനും സാധിച്ചു. ജയില്‍ മോചിതനായ ബിജു ഒഴിഞ്ഞ സ്ഥലത്ത് വാടകവീട് സംഘടിപ്പിക്കുകയും അവിടെ താമസിച്ചു പകല്‍ സമയങ്ങളില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തുന്നുവെന്ന വ്യാജേന സഞ്ചരിച്ച് ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടുവയ്ക്കുകയും രാത്രി വാതില്‍ പൊളിച്ചുകയറി മോഷ്ടിക്കുകയും ചെയ്യും. വീട്ടിനുള്ളില്‍ കടന്ന് അടുക്കളയില്‍ ആഹാരം പാകം ചെയ്തു കയ്യില്‍ കരുതുന്ന മദ്യത്തിനൊപ്പം കഴിച്ചശേഷം വിലപിടിപ്പുള്ള മുതലുകള്‍ കവരും. തുടര്‍ന്ന് വാഹനത്തിന്റെ താക്കോല്‍ കണ്ടെത്തി വണ്ടികളുമായി കടന്നു കളയുകയാണ് പതിവ്.

കാറുകള്‍ കുറഞ്ഞ വിലക്ക് വില്‍ക്കാന്‍ ശ്രമിക്കുകയും കഴിയാത്തവ ഉപേക്ഷിക്കുകയും ചെയ്യും. മോഷ്ടിക്കുന്ന ഇരുചക്രവാഹനങ്ങളുമായി കറങ്ങിനടന്നാണ് മോഷണം നടത്തിവന്നിരുന്നത്. കോന്നി, കോഴഞ്ചേരി, അടൂര്‍ പട്ടാഴിമുക്ക്, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ ഈ വിധത്തില്‍ വാടകവീടുകളില്‍ താമസിച്ച് മോഷണം നടത്തിയ ബിജു മുമ്പ് പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 200ല്‍ അധികം കേസുകളിലാണ് ബിജു ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളത്. വാടകവീടുകള്‍ കണ്ടെത്തുന്നതിനും മോഷണമുതലുകള്‍ വില്‍ക്കുന്നതിനും സഹായിച്ചിരുന്നത് കൂട്ടാളിയായ ജേക്കബ് ആയിരുന്നു. തിരുവല്ല തോട്ടഭാഗത്ത് വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജേക്കബ് ശിക്ഷ കഴിഞ്ഞ് ഈയിടെ പുറത്തിറങ്ങിയതാണ്. ജയിലില്‍ നിന്നുള്ള പരിചയം മൂലമാണ് ജേക്കബിനെ കൂടെ കൂട്ടാന്‍ ബിജു തീരുമാനിച്ചത്.

Next Story

RELATED STORIES

Share it