Kerala

നൂറിലധികം മോഷണ കേസുകളിലെ പ്രതി റഷീദും കൂട്ടാളിയും പിടിയില്‍

രാധാകൃഷ്ണന്‍ ബത്തേരിയില്‍ 1999ല്‍ ജോസ് എന്നാളെ കൊലപ്പെടുത്തിയ കേസിലും എടക്കരയില്‍ ബലാല്‍സംഗക്കേസിലും കോഴിക്കോട് നിരവധി പോക്കറ്റടി ക്കേസിലും പിടിയിലായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

നൂറിലധികം മോഷണ കേസുകളിലെ പ്രതി റഷീദും കൂട്ടാളിയും പിടിയില്‍
X

പെരിന്തല്‍മണ്ണ: 100 ലധികം മോഷണ കേസുകളിലെ പ്രതി കട്ടര്‍ റഷീദ് എന്ന പേരില്‍ കുപ്രസിദ്ധനായ റഷീദും കൂട്ടാളിയും ഗ്യാസ് കട്ടര്‍ അടക്കമുള്ള ഭവനഭേദനത്തിനുള്ള ആയുധങ്ങളുമായി നിലമ്പുരില്‍ പിടിയില്‍. പിടികൂടിയത് മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍കരീം ഐപിഎസ്, പെരിന്തല്‍മണ്ണ എഎസ്പി രീഷ്മ രമേശന്‍ ഐപിഎസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം.

എടവണ്ണ ഒതായി വെള്ളാട്ടു ചോല റഷീദ്(45), ഇപ്പോള്‍ എടക്കര കൗക്കാടില്‍ താമസിക്കുന്ന വഴിക്കടവ് മൊടപ്പൊയ്ക ചെമ്പകപ്പള്ളി രാധാകൃഷ്ണന്‍ എന്ന ബാബു (50) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ നിലമ്പൂര്‍ പോലിസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലില്‍ കൊടുവള്ളി, തിരൂരങ്ങാടി, കരിപ്പൂര്‍, അരീക്കോട് സ്‌റ്റേഷന്‍ പരിധിയിലെ 5 ഭവനഭേദന കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് തെളിഞ്ഞതായി പോലിസ് പറഞ്ഞു.

ജനല്‍ വഴി ആഭരണങ്ങള്‍ കട്ട് ചെയ്ത് എടുക്കുന്നതും ആളില്ലാത്ത വീട്ടില്‍ വാതില്‍ കുത്തിത്തുറന്നുമാണ് മോഷണ രീതി. മഞ്ചേരി, എടക്കര എന്നിവിടങ്ങളില്‍ തൊണ്ടിമുതലുകള്‍ പണയം വെച്ചതായും വില്‍പ്പന നടത്തിയതായും പ്രതികള്‍ സമ്മതിച്ചു. ഇരുവരും വര്‍ഷങ്ങളായി വിവിധ കേസുകളില്‍ പിടിയിലായി മുമ്പ് ജയില്‍വാസം അനുഭവിച്ചവരാണ്. ജയിലില്‍ വെച്ചുള്ള പരിചയമാണ് ഇവരെ കവര്‍ച്ചക്ക് വീണ്ടും ഒരുമിപ്പിച്ചത്.

രാധാകൃഷ്ണന്‍ ബത്തേരിയില്‍ 1999ല്‍ ജോസ് എന്നാളെ കൊലപ്പെടുത്തിയ കേസിലും എടക്കരയില്‍ ബലാല്‍സംഗക്കേസിലും കോഴിക്കോട് നിരവധി പോക്കറ്റടി ക്കേസിലും പിടിയിലായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. റഷീദ് ഇരുപത് വര്‍ഷത്തോളമായി കേരളത്തിലെ വിവിധ ജയിലുകളില്‍ മോഷണക്കേസിന് തടവില്‍ കിടന്നിട്ടുണ്ട്. താമരശ്ശേരി കോടതി ശിക്ഷ വിധിച്ച കേസില്‍ 4 വര്‍ഷത്തെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍വാസത്തിന് ശേഷം 3 മാസം മുമ്പാണ് ജയില്‍ മോചിതനായത്.

മോഷണം നടത്തി കിട്ടിയ പണം ഉപയോഗിച്ച്, ജ്വല്ലറികളില്‍ വന്‍ കവര്‍ച്ചകള്‍ നടത്താന്‍ വേണ്ടി ആധുനിക ഗ്യാസ് കട്ടറുകളും ഗ്യാസ് സിലിണ്ടറും അനുബന്ധ സാമഗ്രികളും, മുമ്പ് ജയിലില്‍ വെച്ച് പരിചയപ്പെട്ട തമിഴ് നാട്ടുകാരനായ പ്രഭു എന്ന സുഹൃത്തിന്റെ സഹായത്തോടെ ചെന്നൈയില്‍ നിന്നും വാങ്ങി രാധാകൃഷ്ണന്റെ വീട്ടില്‍ സൂക്ഷിച്ച് വെച്ചതായിരുന്നു. കവര്‍ച്ച നടത്താനായി കൊണ്ടുപോകും വഴിയാണ് നിലമ്പൂരില്‍ ഇരുവരും പിടിയിലായത്. പെരിന്തല്‍മണ്ണ എഎസ്പി രീഷ്മ രമേശന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ സിഐ സുനില്‍പുളിക്കല്‍, എസ്‌ഐമാരായ സജിത്, അഷറഫ് കെ എന്നിവരും പെരിന്തല്‍മണ്ണ എഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എം അസ്സൈനാര്‍, സി പി മുരളി, ടി ശ്രീകുമാര്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ് കുമാര്‍ എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടി തുടരന്വേഷണം നടത്തുന്നത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനും തൊണ്ടിമുതലുകള്‍ കണ്ടെടുക്കാനുമായി കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തും.

Next Story

RELATED STORIES

Share it