Kerala

മിഠായിത്തെരുവ് അക്രമം: പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലിസ്

മിഠായിത്തെരുവ് അക്രമം: പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലിസ്
X

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ കോഴിക്കോട് സിറ്റി പോലിസ് പുറത്തുവിട്ടു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ പോലിസ് സ്‌റ്റേഷനിലോ സൈബര്‍ സെല്ലിലോ അറിയിക്കണമെന്ന കുറിപ്പും ഈ ചിത്രങ്ങളോടൊപ്പമുണ്ട്. കസബ എസ്‌ഐയുടെയും സൈബര്‍ സെല്ലിലെയും മൊബൈല്‍ നമ്പരും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവിലെത്തിയ സംഘപരിവാര്‍ വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുറന്ന കടകള്‍ക്കെതിരേ ആക്രമണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്്‌ലിം സമുദായത്തിനെതിരേ ഭീഷണിയും മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. മുസ്്‌ലിം പള്ളികള്‍ പൊളിക്കുമെന്നും ഒരൊറ്റ മുസ്്‌ലിമും ഇവിടെ വേണ്ടെന്നുമായിരുന്നു പോലിസിനെ സാക്ഷിയാക്കിയുള്ള വെല്ലുവിളി. ഇതിനിടെ പോലിസ് ലാത്തിച്ചാര്‍ജുണ്ടായപ്പോള്‍ അക്രമിസംഘം ഓടിയൊളിച്ച ഗണപതി മാരിയമ്മന്‍ ക്ഷേത്ര കോംപൗണ്ടിലെ വിഎച്ച്പി ഓഫിസില്‍നിന്ന്് വന്‍ ആയുധശേഖരവും കണ്ടെത്തിയിരുന്നു.

കൊടുവാള്‍, ദണ്ഡ, കുപ്പികള്‍ എന്നിവയാണ് പോലിസ് കണ്ടെത്തിയത്. നൂറോളം പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. 31 ഓളം പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തിട്ടുള്ളത്. പ്രതികള്‍ക്കെതിരേ മറ്റു വകുപ്പുകള്‍ക്കൊപ്പം മതസ്പര്‍ധ വളര്‍ത്തുക, കലാപാഹ്വാനം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കടകളിലെ സിസി ടിവി കാമറകളില്‍നിന്നും മറ്റു ദൃശ്യങ്ങളില്‍നിന്നും പോലിസ് പ്രതികളുടെ ചിത്രങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന നേതാക്കളടക്കം ഇനിയും അറസ്റ്റിലാവാനുണ്ടെന്ന് പോലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മിഠായിത്തെരുവില്‍ നടന്ന ആക്രമണം അടിച്ചമര്‍ത്തുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്ന രീതിയില്‍ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണറെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളെ പിടികൂടാന്‍ ഊര്‍ജിതശ്രമങ്ങളുമായി പോലിസ് രംഗത്തെത്തിയത്.


Next Story

RELATED STORIES

Share it