Kerala

സായ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

സായ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം
X

കൊല്ലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഹോസ്റ്റലില്‍ കായികതാരങ്ങളായ രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. എസിപിയുടെ മേല്‍നോട്ടത്തില്‍ കൊല്ലം ഈസ്റ്റ് എസ്എച്ച്ഒയ്ക്കാണ് അന്വേഷണച്ചുമതല. വിദ്യാര്‍ഥിനികളുടെ സഹപാഠികളില്‍ നിന്ന് മൊഴിയെടുക്കും. സായി അധികൃതരുടെയും മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് സ്വദേശിനി സാന്ദ്ര(18), തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി (16) എന്നിവരെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കായികാധ്യാപകനില്‍ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മകള്‍ പറഞ്ഞതായും സാന്ദ്രയുടെ പിതാവ് വെളിപ്പെടുത്തിയിരുന്നു. സഹിച്ച് മതിയായിയെന്ന് മകളുടെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പത്താംക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ മരിച്ച വിവരം സായ് അധികൃതര്‍ അറിയിച്ചില്ലെന്നും പോലിസ് വിളിച്ച് പറയുമ്പോഴാണ് കാര്യം അറിയുന്നതെന്നും സാന്ദ്രയുടെ പിതാവ് പറഞ്ഞു. ഈ നടപടികളിലെല്ലാം വലിയ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

'നിര്‍ത്തുവാണ് അച്ഛാ, ഞാന്‍ നാട്ടിലേക്ക് പോരുകയാണ്' എന്നാണ് അവസാനം അവള്‍ പറഞ്ഞത്. പിറ്റേന്ന് രാവിലെ ആറുമണിക്ക് പോലിസാണ് വിളിച്ചത്. അച്ഛനോ അമ്മയോ ആരെങ്കിലും ഒരാള്‍ ഉടനെ കൊല്ലത്തേക്ക് വരണമെന്ന് പറഞ്ഞു. സായി അധികൃതരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലത്തെ സിഐയുടെ കോളാണ് പിന്നെ വന്നത്. ആക്‌സിഡന്റാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ കുട്ടി ഒരിക്കലും അങ്ങനെ ചെയ്യില്ല, അവള്‍ക്കെന്താണ് സംഭവിച്ചതെന്ന് അറിയണം. അധ്യാപകര്‍ മോശമായി പെരുമാറുന്നുവെന്ന സൂചന മകള്‍ നല്‍കിയിരുന്നു. പക്ഷേ ഒന്നും തുറന്ന് പറഞ്ഞിരുന്നില്ലെന്നും' സാന്ദ്രയുടെ പിതാവ് പറയുന്നു.


Next Story

RELATED STORIES

Share it