Kerala

ഹോസ്റ്റലില്‍ മൊബൈല്‍ നിയന്ത്രണം: ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ പുറത്താക്കി; വിദ്യാര്‍ഥിനി ഹൈക്കോടതിയിലേക്ക്

നിലവില്‍ കോളജ് യൂനിയന് നേതൃത്വം നല്‍കുന്നത് എസ്എഫ്‌ഐ ആണ്. എന്നാല്‍ ഈ വിഷയത്തില്‍ എസ്എഫ്‌ഐ ഇതുവരെ ഇടപെട്ടിട്ടില്ലെന്നാണ് യൂനിറ്റ് സെക്രട്ടറി വിഷ്ണു പ്രതികരിച്ചത്.

ഹോസ്റ്റലില്‍ മൊബൈല്‍ നിയന്ത്രണം:  ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ പുറത്താക്കി; വിദ്യാര്‍ഥിനി ഹൈക്കോടതിയിലേക്ക്
X

കോഴിക്കോട്: കോളജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കി. ചേളന്നൂര്‍ എസ്എന്‍ കോളജ് രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി ഫഹീമ ഷിറിനെയാണ് പുറത്താക്കിയത്. ഇതിനെതിരെ ഇന്ന് ഫഹീമ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.

താന്‍ പഠനാവശ്യങ്ങള്‍ക്കായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നും ടെക്സ്റ്റിലുള്ള ചാപ്റ്ററുകളില്‍ സംശയമുള്ളതെല്ലാം ഗൂഗിള്‍ ചെയ്ത് പഠിക്കുന്നതാണ് ശീലമെന്നും ഫഹീമ പറയുന്നു. യൂനിവേഴ്‌സിറ്റി പോലും നോട്ട്‌സ് പിഡിഎഫ് ആയി തരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ്റ് ബുക്കില്‍ ക്യുആര്‍ കോഡ് വച്ച് പഠിക്കുന്ന രീതിയുണ്ട്. അത്തരം സംവിധാനം നിലനില്‍ക്കുന്ന കാലത്ത് 18 വയസുകഴിഞ്ഞ വിദ്യാര്‍ത്ഥികളോട് ഇത്തരം നിയന്ത്രണങ്ങള്‍ ശരിയല്ലെന്നും ഫഹീമ പറഞ്ഞു. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാത്രമാണ് ഇത്തരം നിയമങ്ങള്‍ നിലനിക്കുന്നത്. 'ഇവിടെ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറെ ഹോസ്റ്റല്‍ ഉണ്ട്. എന്നാല്‍ അവിടെയും പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് നിയന്ത്രണങ്ങള്‍. ഈ വിവേചനം അനീതിയാണ് എന്ന് തോന്നിയതുകൊണ്ടാണ് ഇതിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചത്,' ഫഹീമ പറയുന്നു. തന്റെ രക്ഷിതാക്കള്‍ ഒപ്പം നിന്നതുകൊണ്ടാണ് വിഷയവുമായി മുന്നോട്ട് പോകുന്നതെന്നും ഫഹീമ പറഞ്ഞു.

പ്രിന്‍സിപ്പല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കയറി എന്റെ അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും ചോദിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞത്. അധ്യാപകരുടെ ഭാഗത്തു നിന്ന് പ്രത്യേകിച്ച് പ്രശ്‌നം ഒന്നും ഇല്ല. ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും പിന്തുണയുണ്ട്. പ്രിന്‍സിപ്പള്‍ ഇന്നലെ വിളിച്ചാണ് ഹോസ്റ്റലില്‍ നിന്നും ഒഴിയാന്‍ ആവശ്യപ്പെട്ടത്. ഞാന്‍ ഒഴിഞ്ഞു.' സ്‌പോര്‍ട്‌സ് ക്വാട്ടയിലുള്ള ആണ്‍കുട്ടികളുടയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലില്‍ ഇതേ നിയമം നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ആണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ വാര്‍ഡന്‍ പോലുമില്ല എന്നും ഫഹീമ പറയുന്നു.

നിലവില്‍ കോളേജ് യൂനിന് നേതൃത്വം നല്‍കുന്നത് എസ്എഫ്‌ഐ ആണ്. എന്നാല്‍ ഈ വിഷയത്തില്‍ എസ്എഫ്‌ഐ ഇതുവരെ ഇടപെട്ടിട്ടില്ലെന്നാണ് യൂനിറ്റ് സെക്രട്ടറി വിഷ്ണു പ്രതികരിച്ചത്. 'ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ത്ഥികളുമായി സംസാരിച്ചിരുന്നു. ആറ് മണി മുതല്‍ പത്തു മണിവരെ ഫോണ്‍ സറണ്ടര്‍ ചെയ്യണം എന്ന അഭിപ്രായമാണ് ബാക്കി 90 ശതമാനം വിദ്യാര്‍ഥികള്‍ക്കും. അത് പഠനത്തിന് നല്ലതാണ് എന്നാണ് അവര്‍ പറയുന്നത്. ഈ ഒരു വിദ്യാര്‍ഥി മാത്രമാണ് അതിനെതിരെ സംസാരിച്ചിട്ടുള്ളത്. വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന നിയമമാണ് ഇതെന്നാണ് ഫഹീമ പറയുന്നത്. ഇതൊരു മാനേജ്‌മെന്റ് സ്ഥാപനമാണല്ലോ. അപ്പോള്‍ ഹോസ്റ്റല്‍ നിയമത്തെ കുറിച്ച് മാനേജ്‌മെന്റിന് തീരുമാനം എടുക്കാമല്ലോ. വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ നല്‍കണം എന്നൊരു നിയമം യുജിസി മാര്‍ഗരേഖയില്‍ ഇല്ലെന്നാണ് പ്രിന്‍സിപ്പള്‍ പറയുന്നത്. പിന്നെ ഫോണ്‍ കൊടുക്കാതെയൊന്നും ഇരിക്കുന്നില്ല. നാല് മണിക്കൂര്‍ മാത്രമാണ് നിയന്ത്രണം. അതില്‍ ഒരു മണിക്കൂര്‍ അവര്‍ക്ക് ഭക്ഷണം കഴിക്കുന്ന സമയത്തില്‍ പോകും. ബാക്കി മൂന്നു മണിക്കൂര്‍ അല്ലേ ഉള്ളൂ. രക്ഷിതാക്കള്‍ തന്നെ ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തിരിക്കുന്നത്,' വിഷ്ണു പറഞ്ഞു.

എന്നാല്‍ മകള്‍ക്ക് പൂര്‍ണ പിന്തുണയുമായാണ് ഫഹീമയുടെ പിതാവ് ഹക്‌സര്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ ലോകം തന്നെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തെ പുതിയ തലമുറയില്‍ നിന്ന് മാറ്റുകയെന്നു പറയുന്നത് അവരെ അപൂര്‍ണരാക്കലാണെന്ന് ഹക്‌സര്‍ പ്രതികരിച്ചു. ഇത് ലിംഗ അസമത്വവും പൗരാവകാശത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭയം മാറേണ്ടതുണ്ടെന്നും അതിനുവേണ്ടിയാണ് തന്റെ ശ്രമമെന്നും ഹക്‌സര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it