Kerala

സര്‍വകലാശാല കലോല്‍സവങ്ങളിലെ രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കണം: കാംപസ് ഫ്രണ്ട്

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മറ്റു യൂനിവേഴ്‌സിറ്റികളിലും കുറ്റമറ്റ നിലയിലാണ് കലോല്‍സവം നടക്കുന്നത് എന്ന് അധികൃതര്‍ ഉറപ്പുവരുത്തണം

സര്‍വകലാശാല കലോല്‍സവങ്ങളിലെ രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കണം: കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടക്കുന്ന കലോല്‍സവങ്ങളിലെ രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കാലിക്കറ്റ് സര്‍വലാശാല സി സോണ്‍ കലോല്‍സവത്തില്‍ എസ്എഫ്‌ഐ ഇതര യൂനിയനുകള്‍ ഭരിക്കുന്ന കോളജുകളുടെ പങ്കാളിത്ത നിഷേധം ജനാധിപത്യ വിരുദ്ധമാണ്. ഇതര വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കലോല്‍സവങ്ങളില്‍ പങ്കെടുപ്പിക്കാതിരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തം ബാധിച്ചതിനാലാണ്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ഉറപ്പാക്കണമെന്ന വിസിയുടെ ഉത്തരവിന് പോലും വില കല്‍പ്പിക്കാതെയുള്ള ധാര്‍ഷ്ഠ്യമാണ് എസ്എഫ്‌ഐ നിയന്ത്രണത്തിലുള്ള വിദ്യാര്‍ത്ഥി യൂനിയനും പാര്‍ട്ടി നിയന്ത്രണത്തിലുള്ള അധ്യാപക യൂനിയന്‍ പ്രതിനിധികളും പ്രകടിപ്പിച്ചിട്ടുള്ളത്. കലാലയങ്ങളില്‍ മറ്റു സംഘടനകളെ പ്രവര്‍ത്തിപ്പിക്കാത്ത എസ്എഫ്‌ഐ ഇപ്പോള്‍ ഇത്തരം കാര്യങ്ങളിലും നെറികെട്ട രാഷ്ട്രീയം കളിക്കുകയാണ്. കാലിക്കറ്റ് സി സോണ്‍ കലോല്‍സവത്തില്‍ ഒഴിവാക്കിയ 166 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണം എന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മറ്റു യൂനിവേഴ്‌സിറ്റികളിലും കുറ്റമറ്റ നിലയിലാണ് കലോല്‍സവം നടക്കുന്നത് എന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ഇതര സംഘടനകളില്‍ അംഗങ്ങളായിട്ടുള്ള വിദ്യാര്‍ഥികളുടെ അവസരങ്ങളെ അക്കാരണം കൊണ്ട് മാത്രം നിഷേധിച്ച് കലോല്‍സവത്തെ അട്ടിമറിക്കാനാണ് എസ്എഫ്‌ഐ ശ്രമിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ ഫണ്ടില്‍ നിന്നല്ല, സര്‍വകലാശാലയുടെ ഫണ്ടില്‍ നിന്നാണ് കലോല്‍സവം നടത്തുന്നതെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണം. വിദ്യാര്‍ഥികളുടെ കലാവാസനകളെക്കൂടി അടിച്ചമര്‍ത്തി ജനാധിപത്യ വിരുദ്ധതയുടെ അപ്പോസ്തലന്‍മാരായി എസ്എഫ്‌ഐ മാറിക്കഴിഞ്ഞെന്നും കാംപസ് ഫ്രണ്ട് ആരോപിച്ചു.




Next Story

RELATED STORIES

Share it