Kerala

തരൂരിന്റെ ആരോഗ്യനില തൃപ്തികരം; അപകടത്തിൽ ഗൂഢാലോചനയില്ലെന്ന് പോലിസ്

പോലിസ് വിശദീകരണത്തെ തുടർന്ന് ഗൂഢാലോചന ആരോ പണത്തിൽ നിന്നും ഡിസിസി പിൻമാറി. ഇന്നലെ രാവിലെ തമ്പാനൂരിലെ ഗാന്ധാരി അമ്മൻകോവിലിൽ തൂലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണാണ് ശശി തരൂരിന് പരിക്കേറ്റത്.

തരൂരിന്റെ ആരോഗ്യനില തൃപ്തികരം; അപകടത്തിൽ ഗൂഢാലോചനയില്ലെന്ന് പോലിസ്
X

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ തലയിൽ ത്രാസ് പൊട്ടിവീണ സംഭവത്തിൽ അട്ടിമറിയില്ലെന്ന് പോലിസിന്റെ പ്രാഥമിക നിഗമനം. ഇതേത്തുടർന്ന് ഗൂഢാലോചന നടന്നുവെന്ന ആരോപണത്തിൽ നിന്നും ഡിസിസി പിൻമാറി. ഇന്നലെ രാവിലെ തമ്പാനൂരിലെ ഗാന്ധാരി അമ്മൻകോവിലിൽ തൂലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണാണ് ശശി തരൂരിന് പരിക്കേറ്റത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. തുടർന്ന് പോലിസിൽ പരാതിയും നൽകിയിരുന്നു.

സംഭവത്തിന് പിന്നിൽ ഒരു തരത്തിലുമുള്ള അട്ടിമറിയും ഇല്ലെന്നാണ് പോലിസ് അന്വേഷണത്തിൽ വ്യക്തമായത്. അമിത ഭാരത്താൽ ത്രാസിന്‍റെ കൊളുത്ത് അടർന്നു വീഴുകയായിരുന്നു. അല്ലാതെ യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും പോലിസ് വ്യക്തമാക്കുന്നു. അടുത്തിടെയൊന്നും ത്രാസിന്‍റെ കൊളുത്ത് മാറ്റുകയോ, മറ്റ് അറ്റപ്പണികൾ നടത്തുകയോ ചെയ്തിട്ടില്ലെന്ന് സിസി‍ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

പോലിസിന്റെ പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ശശി തരൂരിന്‍റെ മൊഴി രേഖപ്പെടുത്തും. അമിതഭാരത്തെ തുടർന്നാണ് അപകടമുണ്ടായതെന്ന വിശദീകരണം തൃപ്തികരമാണെന്ന് ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനലും മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, സംഭവത്തില്‍ ശശി തരൂർ പരാതിയുമായി രംഗത്തുവന്നു. തുലാഭാരം താന്‍ എത്തുന്നതിന് മുമ്പേ തൂക്കിയിരുന്നുവെന്നും കൊളുത്തില്‍ കൃത്രിമത്വം കാണിച്ചോയെന്ന് സംശയമുണ്ടെന്നും ശശി തരൂര്‍ ആരോപിച്ചു.

അതിനിടെ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലുള്ള ശശി തരൂരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ സന്ദർശിച്ചു. മന്ത്രി സന്ദർശനം ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർവമായിക്കൊണ്ടിരിക്കുന്ന മാന്യതയുടെ പ്രതീകമാണെന്ന് തരൂർ ട്വീറ്റ് ചെയ്തു.

അതേസമയം, ശശി തരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. തലവേദനയുള്ളതിനാലും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് പതിവായി കഴിക്കുന്നതിനാലും അദ്ദേഹം ന്യൂറോ സർജറി ഐസിയുവിൽ നിരീക്ഷണത്തിലാണ്. തലയിലെ മുറിവിൽ ആറ് തയ്യലുണ്ട്. എന്നാൽ ആരോഗ്യനില തൃപതികരമാണ്. വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.എം എസ് ഷർമ്മദ് അറിയിച്ചു.

Next Story

RELATED STORIES

Share it