Kerala

മഞ്ഞും വേനലും മഴയില്‍ കുതിരും; ആശങ്കയോടെ കേരളം

മഴ കനക്കുകയാണെങ്കില്‍ പ്രളയമോ പ്രളയസമാനമായ കെടുതികളോ വീണ്ടും ഉണ്ടായേക്കാമെന്ന ആശങ്കയാണ് ഉയരുന്നത്.തുലാമഴയുടെ രൂപത്തില്‍ കേരളത്തില്‍ മഴ തുടരാനുള്ള സാധ്യതയാണുള്ളതെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

മഞ്ഞും വേനലും മഴയില്‍ കുതിരും; ആശങ്കയോടെ കേരളം
X

തിരുവനന്തപുരം: തുലാമഴ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണത്തില്‍ ആശങ്കയേറുന്നു. സെപ്തംബറും പിന്നിട്ട് മഴ ഒക്ടോബറിലേക്കു നീളാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മഴ കനക്കുകയാണെങ്കില്‍ പ്രളയമോ പ്രളയസമാനമായ കെടുതികളോ വീണ്ടും ഉണ്ടായേക്കാമെന്ന ആശങ്കയാണ് ഉയരുന്നത്.

തുലാമഴയുടെ രൂപത്തില്‍ കേരളത്തില്‍ മഴ തുടരാനുള്ള സാധ്യതയാണുള്ളതെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്നോളം ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ദക്ഷിണേന്ത്യയ്ക്കു മീതേ സജീവമാണ് ആദ്യ ന്യൂനമര്‍ദം. ഇതിനുള്ളില്‍ തന്നെ മഴപ്രേരക ചുഴികളുമുള്ളതായാണ് വിലയിരുത്തല്‍. രണ്ടാമത്തെ ന്യൂനമര്‍ദം ഇന്ന് അറബിക്കടലില്‍ കൊങ്കണ്‍ തീരത്തായി രൂപപ്പെട്ട് വടക്കോട്ടു നീങ്ങും. 24 നാണ് മൂന്നാമത്തെ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുക. ഇത് കേരളത്തിലും ഭേദപ്പെട്ട മഴയ്ക്കു കാരണമാകും. ഒരേ കാലത്ത് മൂന്നു ന്യൂനമര്‍ദങ്ങള്‍ അപൂര്‍വമാണെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

ഇക്കുറി രാജ്യത്തിന്റെ മധ്യഭാഗത്തു നിന്നു മഴ പിന്‍വാങ്ങണമെങ്കില്‍ ഒക്ടോബര്‍ പകുതി കഴിയണമെന്നാണു രാജ്യാന്തര ഏജന്‍സികളുടെ വിലയിരുത്തല്‍. ഇതോടെ കേരളത്തിലും തമിഴ്‌നാട്ടിലും തുലാമഴയ്ക്കു (വടക്കു കിഴക്കന്‍ മണ്‍സൂണ്‍) തുടക്കമാകും. മെച്ചപ്പെട്ട തുലാമഴ എന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ കനത്ത മഴയെ തുടര്‍ന്നുള്ള തുടര്‍ പ്രളയത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമോയെന്ന ആശങ്കയാണ് ഉയരുന്നത്. ഇപ്പോള്‍ തന്നെ 70 ശതമാനത്തോളം നിറഞ്ഞു കിടക്കുന്ന അണക്കെട്ടുകളില്‍ അതീവ ജാഗ്രതയും നിരീക്ഷണവും വേണ്ടിവരും. സംസ്ഥാനത്ത് നിലവിലെ കണക്കനുസരിച്ച് കാലവര്‍ഷം 14 ശതമാനം അധികമാണ്. രാജ്യവ്യാപകമായി 4 ശതമാനം അധികമഴയുണ്ടായി. തുലാമഴക്കാലത്തെ നേരിടാന്‍ അധിക തയ്യാറെടുപ്പും ജാഗ്രതയും വേണ്ടി വരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it