Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: മുഖ്യപ്രതികള്‍ ഒളിവില്‍തന്നെ; ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടുന്നു

ശിവരഞ്ജിത്ത്, പ്രണവ്, നസിം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതിയാക്കി ഈമാസം എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുക്കുന്നത്. യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: മുഖ്യപ്രതികള്‍ ഒളിവില്‍തന്നെ; ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടുന്നു
X

തിരുവനന്തപുരം: പിഎസ്‌സിയുടെ പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ക്രമക്കേടില്‍ മുഖ്യപ്രതികളെ പിടികൂടാന്‍ കഴിയാതെ വന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടുന്നു. പിഎസ്‌സി പരീക്ഷാ പേപ്പര്‍ ചോര്‍ത്തി മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് എസ്എംഎസ് മുഖേന ഉത്തരമയച്ച പോലിസുകാരനുള്‍പ്പടെയുള്ള മുഖ്യപ്രതികളാണ് തെളിവുകളുമായി മുങ്ങിയിരിക്കുന്നത്. ഇതെത്തുടര്‍ന്ന് കേസെടുത്ത് 10 ദിവസം കഴിഞ്ഞിട്ടും അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാത്ത അവസ്ഥയിലാണ് ക്രൈംബ്രാഞ്ച് സംഘം.

ശിവരഞ്ജിത്ത്, പ്രണവ്, നസിം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതിയാക്കി ഈമാസം എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുക്കുന്നത്. യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഗൂഢാലോചന, വഞ്ചന തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തി എസ്എംഎസ്സുകള്‍ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് തെളിഞ്ഞാല്‍ മാത്രമേ പ്രതികള്‍ക്കെതിരേ മറ്റ് വകുപ്പുകള്‍ ചുമത്താന്‍ കഴിയൂ. അതിന് മുഖ്യപ്രതികള്‍ പിടിയിലാവണം.

എന്നാല്‍, പക്ഷെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവര്‍ക്ക് മൊബൈല്‍ ഫോണില്‍നിന്നും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച മുഖ്യ ആസൂത്രകനായ എസ്എപി ക്യാംപിലെ പോലിസുകാരന്‍ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്. മറ്റ് പ്രതികളായ ശിവരഞ്ജിത്തും പ്രണവും നസീമും യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസില്‍ റിമാന്‍ഡിലാണ്. ഉത്തരം അയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുകയെന്നത് കേസില്‍ നിര്‍ണായകമാണ്. ഈ ഫോണുകളില്‍നിന്നാണ് ഫൊറന്‍സിക് പരിശോധനയിലൂടെ പ്രധാന തെളിവുകള്‍ കണ്ടെത്തേണ്ടത്.

അറസ്റ്റ് നീണ്ടുപോവുന്നതോടെ പ്രതികള്‍ തൊണ്ടിമുതലുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. മൂന്നു പ്രതികളുടെ വീടുകളിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതലുകളൊന്നും കണ്ടെത്താനായില്ല. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടോ എന്നതിനും ക്രൈംബ്രാഞ്ചിന് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പരീക്ഷാ ഹാളിനുള്ളിലും പ്രതികള്‍ മൊബൈലോ സ്മാര്‍ട്ട് വാച്ചോ ഉപയോഗിച്ചുവെന്നാണ് പോലിസ് സംശയിക്കുന്നത്. പരീക്ഷാചുമതലയുണ്ടായിരുന്ന ജീവനക്കാര്‍ അറിയാതെ പ്രതികള്‍ തട്ടിപ്പ് നടത്താന്‍ സാധ്യതയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.

Next Story

RELATED STORIES

Share it