Kerala

ഭരണഘടനയെ തകർക്കാൻ ഒരുശക്തിയേയും അനുവദിക്കില്ല: മുഖ്യമന്ത്രി

ജനാധിപത്യത്തെയും ഭരണഘടനയെയും കൊലപ്പെടുത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരേ കേരളത്തിന്റെ പ്രതിഷേധമായി സംയുക്‌ത സത്യാഗ്രഹം. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ആരംഭിച്ച സത്യഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും.

ഭരണഘടനയെ തകർക്കാൻ ഒരുശക്തിയേയും അനുവദിക്കില്ല: മുഖ്യമന്ത്രി
X

തിരുവനന്തപുരം: ജനാധിപത്യത്തെയും ഭരണഘടനയെയും കൊലപ്പെടുത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരേ കേരളത്തിന്റെ പ്രതിഷേധമായി സംയുക്‌ത സത്യാഗ്രഹത്തിന്‌ തുടക്കമായി. രാവിലെ 10ന്‌ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ആരംഭിച്ച സത്യഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളുമടക്കമുള്ളവരുമാണ്‌ സത്യഗ്രഹമിരിക്കുന്നത്‌. സത്യഗ്രഹം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.

സ്വാതന്ത്ര്യ പ്രസ്‌ഥാനത്തിലൂടെ ഉയർന്നുവന്ന ജനാധിപത്യ മൂല്യങ്ങളെയും സോഷ്യലിസ്റ്റ്‌ ആശയങ്ങളെയും സാമൂഹ്യ നീതിക്കായുള്ള കാഴ്‌ചപ്പാടുകളെയും സ്വീകരിച്ചുകൊണ്ട്‌ നിർമിച്ച ഭരണഘടനയെ തകർക്കാൻ ഒരുശക്തിയെയും അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. വൈദേശിക ശക്തികൾക്കെതിരായി കൈ മൈയ്‌ മറന്ന്‌ പോരാടിയ നാടാണിത്‌. കുഞ്ഞാലിമരയ്‌ക്കാറും പഴശി രാജാവും പൊരുതിയ ചരിത്രം കേരളത്തിന്‌ അവകാശപ്പെട്ടതാണ്‌. ഈ കേരളത്തിൽ ന്യൂനപക്ഷ വിഭാഗത്തെ പൗരൻമാരായി കണക്കാക്കാൻ പറ്റില്ലെന്ന്‌ ആര്‌ പറഞ്ഞാലും അത്‌ നടപ്പാക്കാൻ സൗകര്യപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിച്ച് ആർഎസ്‌എസിന്റെ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ ഇവരുടെ നടപടി. രാജ്യത്തെങ്ങും സ്ഫോടനാത്‌മകമായ അന്തരീക്ഷമാണ്‌. എല്ലാ മതത്തിൽ പെട്ടവർക്കും ഒരുമതത്തിലും വിശ്വസിക്കാത്തവർക്കും ജീവിക്കാനുള്ള ഇടമാണ്‌ മതനിരപേക്ഷ ഇന്ത്യ. അത്തരമൊരു രാജ്യത്താണ്‌ ഇക്കഴിഞ്ഞ ഡിസംബർ ഒമ്പതിന്‌ ലോക്‌സഭയും 11ന്‌ രാജ്യസഭയും പൗരത്വനിയമം പാസാക്കിയത്‌. ഇതിനെതിരെയാണ്‌ രാജ്യത്താകമാനം പ്രതിഷേധത്തിന്റ അലമാലകൾ ശക്തമായി ഉയരുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ കേരളം ഒറ്റക്കെട്ടായി അണിനിരക്കുന്നതെന്ന സന്ദേശം ലോകത്തിന്‌ നൽകുന്നത്‌. ഇത്തരം ഘട്ടങ്ങളിൽ നമ്മൾ എല്ലായിപ്പോഴും ഒന്നിച്ചുനിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ സമരം. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായത്‌.

സാംസ്കാരിക- കലാ-സാഹിത്യ മേഖലകളിലെ പ്രമുഖരും വിവിധ രാഷ്ട്രീയപാർടികളിലും സംഘടനകളിലും പെട്ടവർ സത്യഗ്രഹത്തിന്‌ അഭിവാദ്യം അർപ്പിക്കും. നവോത്ഥാനസമിതിയുടെ പ്രവർത്തകരും സത്യഗ്രഹത്തിൽ പങ്കാളികളാണ്‌.

Next Story

RELATED STORIES

Share it