Kerala

കോടികളുടെ മണല്‍ക്കടത്ത്: മുന്‍ സിഡ്‌കോ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

സിഡ്‌കോ ഡെപ്യൂട്ടി മാനേജര്‍ അജിത്തിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് കരാറുകാരുമായി ഒത്തുകളിച്ച് അനുവദിച്ചതിലും കൂടുതല്‍ മണല്‍ കടത്തിയെന്നാണ് കേസ്. സജി ബഷീര്‍ ഉള്‍പ്പെടെ 6 പേരാണ് കേസിലെ പ്രതികള്‍.

കോടികളുടെ മണല്‍ക്കടത്ത്: മുന്‍ സിഡ്‌കോ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
X

തിരുവനന്തപുരം: കോടികളുടെ മണല്‍ക്കടത്ത് കേസില്‍ മുന്‍ സിഡ്‌കോ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കി. സിഡ്‌കോ ഡെപ്യൂട്ടി മാനേജര്‍ അജിത്തിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് കരാറുകാരുമായി ഒത്തുകളിച്ച് അനുവദിച്ചതിലും കൂടുതല്‍ മണല്‍ കടത്തിയെന്നാണ് കേസ്. സജി ബഷീര്‍ ഉള്‍പ്പെടെ 6 പേരാണ് കേസിലെ പ്രതികള്‍. വിജിലന്‍സ് റിപോര്‍ട്ട് നല്‍കി ആറുമാസത്തിനുശേഷമാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് രണ്ട് എസ്പി നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചതോടെ ഇരുവര്‍ക്കുമെതിരായ നടപടി വിജിലന്‍സ് വേഗത്തിലാക്കും. 2006 മുതല്‍ 2013 വരെയുള്ള കാലയളവില്‍ കഴക്കൂട്ടം മേനംകുളത്തെ 19 ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമിയിലെ മണല്‍ നീക്കംചെയ്യാന്‍ കരാര്‍ ലഭിച്ച സിഡ്‌കോ, അനുമതി ലഭിച്ചതിനേക്കാള്‍ കോടിക്കണക്കിന് രൂപയുടെ മണല്‍ ഇവിടെനിന്നും കടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 11.31 കോടി രൂപയുടെ ക്രമക്കേടിന് ചുക്കാന്‍ പിടിച്ചത് അന്നത്തെ സിഡ്‌കോ എംഡിയായിരുന്ന സജി ബഷീറാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കിയത്.

കഴിഞ്ഞ സപ്തംബര്‍ 24ന് സജി ബഷീറിനെതിരായ പ്രോസിക്യൂഷന്‍ അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി അബ്ദുല്‍ റഷീദ് ഡയറക്ടര്‍ക്ക് നല്‍കി. തുടര്‍ന്ന് ഡയറക്ടറുടെ ശുപാര്‍ശ സര്‍ക്കാരിന് കൈമാറിയെങ്കിലും പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചിരുന്നില്ല. 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഏപ്രിലിലാണ്. 15 വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് സജി ബഷീര്‍. സസ്‌പെന്റ് ചെയ്യപ്പെട്ടിരുന്ന സജി ബഷീറിനെ വീണ്ടും കെല്‍പാം എംഡി സ്ഥാനത്ത് സര്‍ക്കാര്‍ നിയോഗിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ സജി ബഷീറിനെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു.

Next Story

RELATED STORIES

Share it