Latest News

പാനൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ട നിലയില്‍

പോസ്റ്ററുകളും കൊടികളും നേതാക്കളുടെ ചിത്രങ്ങളും കത്തിനശിച്ചു

പാനൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ട നിലയില്‍
X

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നപാനൂര്‍ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് തീയിട്ട നിലയില്‍. വൈകിട്ട് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. യോഗ സ്ഥലത്തേക്ക് കൊടി എടുക്കാന്‍ ഓഫിസ് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ച ടൗണ്‍ ബ്രാഞ്ച് ഓഫീലാണ് സംഭവം. ഓഫീസിലുണ്ടായിരുന്ന കൊടികളും തോരണങ്ങളും നേതാക്കളുടെ ചിത്രങ്ങളും കസേരകളും കത്തി നശിച്ചു. സംഭവത്തിനു പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കൊളവല്ലൂര്‍ പോലിസില്‍ പരാതി നല്‍കി.

സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉള്‍പ്പെടെയുള്ളവര്‍ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. സംഭവം അറിഞ്ഞതിനു പിന്നാലെ ഇദ്ദേഹം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു. അടച്ചിട്ട ഓഫീസിന്റെ എയര്‍ഹോളിലൂടെ പെട്രോള്‍ ഒഴിച്ച് തീയിട്ടതാകാമെന്നാണ് സിപിഎം പറയുന്നത്. കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ പാനൂര്‍, പാറാട് മേഖലകളില്‍ സംഘര്‍ഷമുണ്ടായിരുന്നു. വടിവാള്‍ ഉള്‍പ്പെടെ ആയുധങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധിപ്പേര്‍ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവര്‍ക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് ഓഫീസില്‍ തീയിട്ട സംഭവം നടക്കുന്നത്.

Next Story

RELATED STORIES

Share it