Kerala

രാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചി നഗരത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ വാഹന നിയന്ത്രണം

രാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചി നഗരത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ വാഹന നിയന്ത്രണം
X

കൊച്ചി: നൂറ്റാണ്ടിന്റെ പെരുമയുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി എറണാകുളം സെന്റ് തെരേസാസ് കോളജ്. കോളജിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായാണ് രാഷ്ട്രപതി എത്തുന്നത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് കോളജില്‍ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനാര്‍ഥം നഗരത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ഗതാഗത നിയന്ത്രണവും ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തി.

കോട്ടയത്തു നിന്ന് രാവിലെ 11.30ന് ഹെലികോപ്റ്ററില്‍ നാവികസേനാ ഹെലിപ്പാഡില്‍ വന്നിറങ്ങുന്ന രാഷ്ട്രപതി 11.55ന് സെന്റ് തെരേസാസ് കോളജിലെത്തും. ശതാബ്ദി ആഘോഷച്ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം റോഡ് മാര്‍ഗം നാവികസേനാ ഹെലിപ്പാഡിലേക്ക്. ഉച്ചയ്ക്ക് 1.20ന് നാവിക സേന ഹെലിപ്പാഡില്‍ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് തിരിക്കും. 1.55ന് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടെയ്‌നര്‍ റോഡ്, ഇടപ്പള്ളി എന്നീ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തോപ്പുംപടി ബിഒടി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം വഴി കുണ്ടന്നൂര്‍ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് വൈറ്റില ജങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കടവന്ത്ര ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കെ.കെ റോഡിലൂടെ കലൂര്‍ ജങ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോടതി ജങ്ഷനിലെത്തി കണ്ടെയ്‌നര്‍ റോഡ് ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കില്‍ ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ ജങ്കാര്‍ സര്‍വ്വീസ് ഉപയോഗിക്കേണ്ടതാണ്.

തേവര ഫെറി ഭാഗത്തു നിന്നും കലൂര്‍, ഇടപ്പള്ളി ഭാഗത്തേക്ക് വരുന്ന ചെറു വാഹനങ്ങള്‍, പണ്ഡിറ്റ് കറുപ്പന്‍ റോഡിലൂടെ മട്ടമ്മല്‍ ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പനമ്പിള്ളി നഗര്‍ വഴി മനോരമ ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കെ.െക. റോഡിലൂടെ കലൂര്‍ ജങ്ഷനിലെത്തി പോകേണ്ടതാണ്.

വൈപ്പിന്‍ ഭാഗത്തുനിന്നും ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍, ഹൈക്കോടതി ജങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കലൂര്‍ ജങ്ഷനിലെത്തി കെ.കെ റോഡിലൂടെ കടവന്ത്ര ജങ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് സഹോദരന്‍ അയ്യപ്പന്‍ റോഡിലൂടെ വൈറ്റിലയില്‍ എത്തി കുണ്ടന്നൂര്‍ ജങ്ഷനില്‍ നിന്നും കുണ്ടന്നൂര്‍ പാലം വഴി തോപ്പുംപടി ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കില്‍ ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ ജങ്കാര്‍ സര്‍വ്വീസ് ഉപയോഗിക്കേണ്ടതാണ്.

വി.വി.ഐ.പി. വാഹന വ്യൂഹം കടന്നു പോകുന്ന വഴിയില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാര്‍ക്കിങ് പൂര്‍ണ്ണമായും നിരോധിച്ചു. നഗരത്തില്‍ സമ്പൂര്‍ണ ഡ്രോണ്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി കൊച്ചി സിറ്റി പോലിസ് അറിയിച്ചു.

ഉച്ചയ്ക്ക് 12.10നാണ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ ശതാബ്ദി ആഘോഷച്ചടങ്ങുകള്‍ ആരംഭിക്കുക. ക്ഷണിക്കപ്പെട്ട 1632 പേര്‍ക്കാണു പ്രവേശനം. ഇതില്‍ 839 വിദ്യാര്‍ഥികള്‍, 220 എന്‍എസ്എസ്-എന്‍സിസി വൊളന്റിയര്‍മാര്‍, 225 അധ്യാപകര്‍, 200ലധികം വിവിഐപികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. വാഹനങ്ങള്‍ക്ക് സിഎസ്‌ഐ പള്ളി വളപ്പ് (മാധ്യമപ്രവര്‍ത്തകര്‍), കെടിഡിസി വളപ്പ് (സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍), എറണാകുളത്തപ്പന്‍ ഗ്രൗണ്ട് (മറ്റു ക്ഷണിക്കപ്പെട്ട അതിഥികള്‍) എന്നിവിടങ്ങളിലാണു പാര്‍ക്കിങ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.





Next Story

RELATED STORIES

Share it